കോൺഗ്രസ് നേതാവ് പവൻ ഖേഡ അറസ്റ്റിൽ
പ്രധാനമന്ത്രിയെ 'നരേന്ദ്ര ഗൗതം ദാസ് മോദി' എന്നു വിളിച്ച കേസ് ഉള്ളതിനാൽ യാത്ര ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
പവൻ ഖേഡ
ഡല്‍ഹി: കോൺഗ്രസ് നേതാവ് പവൻ ഖേഡയെ അസം പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയെ 'നരേന്ദ്ര ഗൗതം ദാസ് മോദി' എന്നു വിളിച്ച കേസ് ഉള്ളതിനാൽ യാത്ര ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡൽഹി വിമാനത്താവളത്തിൽ വെച്ചായിരുന്നു അറസ്റ്റ്. പവൻ ഖേഡയെ നേരത്തെ ഇൻഡിഗോ വിമാനത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ഡൽഹി വിമാനത്താവളത്തിൽ കെ.സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുകയാണ്.
പവൻ ഖേഡയുടെ അറസ്റ്റ് സംബന്ധിച്ച ഹർജി 3 മണിക്ക് സുപ്രീം കോടതി കേൾക്കും. പവൻ ഖേഡക്കെതിരെ അസമിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനാൽ പ്രാദേശിക കോടതിയിൽ ഹാജരാക്കിയതിന് ശേഷം ഖേഡയെ അസമിലേക്ക് കൊണ്ടുപോകുമെന്നും പൊലീസ് വ്യക്തമാക്കി. അസം പൊലീസിന്‍റെ നിർദേശപ്രകാരം ഡൽഹി പൊലീസാണ് ഡിപ്ലെയിൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. പവൻ ഖേഡയെ കൊണ്ടുപോകാനായി അസം പൊലീസ് ഡൽഹിയിൽ എത്തിയിട്ടുണ്ട്. മറ്റു യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിക്കാനുള്ള പ്രവർത്തനങ്ങള്‍ തുടരുകയാണെന്ന് ഇൻഡിഗോ അറിയിച്ചു.
മതിയായ രേഖകള്‍ ഇല്ലാതെയാണ് പവൻ ഖേരയെ തടഞ്ഞുനിർത്തിയതെന്നും ഇത് പ്ലീനറി സമ്മേളനം തടസപ്പെടുത്താനുള്ള ശ്രമമാണെന്ന് കെ.സി വേണുഗോപാൽ അടക്കമുള്ള നേതാക്കള്‍ പ്രതികരിച്ചു
റായ്പൂരില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. ലഗേജ് പരിശോധിക്കണമെന്ന് പറഞ്ഞാണ് പവന്‍ ഖേഡയോട് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഖേഡയുടെ പേരില്‍ കേസുള്ളതിനാല്‍ യാത്ര ചെയ്യാനാവില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ എന്തുകേസാണ് തന്‍റെ പേരിലുള്ളതെന്ന പവന്‍ ഖേഡയുടെ ചോദ്യത്തിന് അധികൃതര്‍ മറുപടി നല്‍കിയില്ല.
ഇതിനിടെ പവന്‍ ഖേഡയെ കസ്റ്റഡിയിലെടുക്കാന്‍ ഡല്‍ഹി പൊലീസ് എത്തിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. വിമാനത്താവളത്തില്‍ പ്രതിഷേധം തുടരുകയാണ്. പവന്‍ ഖേഡയുടെ വിമാന യാത്ര വിലക്കാന്‍ അസം പൊലീസ് ആവശ്യപ്പെട്ടെന്ന് ഡല്‍ഹി പൊലീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
"ആദ്യം ഇ.ഡിയെ ഛത്തീസ്ഗഡിലേക്ക് അയച്ചു. ഇപ്പോൾ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോകവേ പവൻ ഖേരയെ വിമാനത്തിൽ കയറുന്നതിൽ നിന്ന് തടഞ്ഞു. ഈ ഏകാധിപത്യം വെച്ചുപൊറുപ്പിക്കില്ല. ഞങ്ങൾ പൊരുതി വിജയിക്കും"- ട്വീറ്റില്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.
Adjust Story Font
16