ഇന്ത്യ-യു.എസ് ആണവ കരാറിനെ എതിർക്കാൻ ചൈന ഇടതുപാർട്ടികളെ ഉപയോഗിച്ചു; ആരോപണം നിഷേധിച്ച് സിപിഎം
മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ പുതിയ പുസ്തകമായ 'ലോങ് ഗെയിം, ഹൗ ദി ചൈനീസ് നെഗോഷിയേറ്റ് വിത്ത് ഇന്ത്യ' യിലാണ് ഗുരുതര ആരോപണമുയർന്നത്
ഇന്ത്യ-യു.എസ് ആണവ കരാറിനെ എതിർക്കാൻ ചൈന ഇന്ത്യയിലെ ഇടതുപാർട്ടികളുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ചുവെന്ന മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ ആരോപണം തള്ളി സിപിഎം. വിജയ് ഗോഖലെയുടെ പുതിയ പുസ്തകമായ 'ലോങ് ഗെയിം, ഹൗ ദി ചൈനീസ് നെഗോഷിയേറ്റ് വിത്ത് ഇന്ത്യ' യിലാണ് ഇടതുപാർട്ടികൾക്കെതിരെ ഗുരുതര ആരോപണമുയർന്നത്.
ഗോഖലെയുടെ വാദം തള്ളിക്കൊണ്ട് സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. "ഇന്ത്യ-യുഎസ് ആണവ കരാറിനെ ഇടതുപാർട്ടികൾ എതിർത്തിരുന്നു, കാരണം അത് ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണവും സ്വതന്ത്ര വിദേശനയവും വിട്ടുവീഴ്ച ചെയ്യുന്ന ഒരു കരാറായിരുന്നു"- യെച്ചൂരി പറഞ്ഞു.
ഇന്ത്യൻ ആഭ്യന്തര രാഷ്ട്രീയത്തിൽ ചൈനയുടെ ആദ്യ രാഷ്ട്രീയ ഇടപെടലായിരുന്നു ഇതെന്നാണ് വിജയ് ഗോഖലെ പറയുന്നത്. രാജ്യത്തെ പ്രധാന ഇടത് പാർട്ടികളായ സി.പി.എമ്മിനും സി.പി.ഐക്കും എതിരെയാണ് ആരോപണം.
വിദേശകാര്യ വകുപ്പിൽ 2007-09 കാലത്ത് കിഴക്കനേഷ്യയുടെ ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയായിരുന്നു വിജയ് ഗോഖലെ. നയതന്ത്ര മേഖലയിൽ 39 വർഷത്തെ പ്രവർത്തനത്തിന് ശേഷമാണ് വിരമിച്ചത്. ചൈനീസ് ഭാഷയായ മന്ദാരിനിൽ പ്രാഗത്ഭ്യമുള്ള ഗോഖലെ, 20 വർഷത്തോളം ചൈനയിൽ കഴിഞ്ഞിട്ടുണ്ട്. എസ്. ജയശങ്കർ മന്ത്രിയായപ്പോൾ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട ഗോഖലെ കഴിഞ്ഞ വർഷമാണ് വിരമിച്ചത്.
കഴിഞ്ഞ 75 വർഷങ്ങളിൽ ഇന്ത്യക്കും ചൈനയ്ക്കുമിടയിലെ പ്രധാനപ്പെട്ട ആറ് വിഷയങ്ങളെ കുറിച്ച് ഗോഖലെയുടെ പുസ്തകത്തിൽ പറയുന്നു. ടിബറ്റ് വിഷയം, പൊഖ്റാനിലെ ആണവ പരീക്ഷണം, സിക്കിം വിഷയം, ഇന്ത്യ-യു.എസ് ആണവ കരാർ, മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കൽ എന്നിവയാണ് മറ്റ് വിഷയങ്ങൾ.
ഇന്ത്യ-യു.എസ് ആണവകരാറിനെ പരാജയപ്പെടുത്താൻ ചൈന ഇടതുപാർട്ടികളെ ഉപയോഗിച്ചെന്ന വെളിപ്പെടുത്തലാണ് പുസ്തകത്തിലെ ഏറ്റവും വലിയ വിവാദ വിഷയമായിരിക്കുന്നത്. ഇടതു പാർട്ടികളുമായുള്ള അടുത്ത ബന്ധം ചൈന ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് ഗോഖലെ പറയുന്നു. സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും ഉന്നത നേതാക്കൾ കൂടിക്കാഴ്ചകൾക്കായും ചികിത്സക്കായും ചൈനയിലേക്ക് പോകാറുണ്ടായിരുന്നു.
മൻമോഹൻ സിങ്ങിന്‍റെ യു.പി.എ സർക്കാറിൽ ഇടതുകക്ഷികൾക്കുണ്ടായിരുന്ന സ്വാധീനം മനസ്സിലാക്കിയാണ് ചൈന ഇടപെടൽ നടത്തിയത്. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലേക്കുള്ള ചൈനയുടെ ആദ്യ ഇടപെടലായിരുന്നു ഇത്. എന്നാൽ, പ്രത്യക്ഷത്തിൽ രംഗത്തുവരാതെ മറഞ്ഞിരുന്നു -ഗോഖലെ എഴുതുന്നു.
അതിർത്തി പ്രശ്നങ്ങളിലും മറ്റ് ഉഭയകക്ഷി വിഷയങ്ങളിലും ഇരു പാർട്ടികളും വ്യക്തമായ ദേശീയവാദികളാണ്. എന്നാൽ, ഇന്ത്യ-യു.എസ് ആണവകരാറിനെ കുറിച്ച് ഇടതുപാർട്ടികൾക്ക് ആശങ്കയുണ്ടെന്ന് ചൈനക്ക് അറിയാമായിരുന്നുവെന്നും ഇത് ഉപയോഗിക്കുകയായിരുന്നുവെന്നും ഗോഖലെ പുസ്തകത്തിൽ പറയുന്നു.
Adjust Story Font
16