Quantcast

'നമ്മളിവിടെ ആഘോഷിക്കുമ്പോൾ അവിടെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നു'; ഗസ്സയിലെ സഹോദരങ്ങളെയും അവരുടെ വേദനയും ഓർക്കണമെന്ന് പ്രിയങ്കാ ഗാന്ധി

ഗസ്സയിലെ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയർത്തുന്ന ദശലക്ഷക്കണക്കിന് സാധാരണക്കാരില്‍ ഒരാളാകാന്‍ ശ്രമിക്കണമെന്നും പ്രിയങ്ക

MediaOne Logo

Web Desk

  • Updated:

    2024-01-02 07:28:32.0

Published:

1 Jan 2024 10:16 AM GMT

Priyanka Gandhi
X

ന്യൂഡൽഹി: പുതുവത്സരദിനം ആഘോഷിക്കുമ്പോൾ ഗസ്സയിലെ സഹോദരങ്ങളെയും അവരുടെ വേദനകളെയും കൂടി ഓർക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. 'നമ്മുടെ കുഞ്ഞുങ്ങൾ ഇവിടെ ആഘോഷിക്കുമ്പോൾ, അവിടെ കുട്ടികൾ നിഷ്‌കരുണം കൊല്ലപ്പെടുന്നു. ജീവിക്കാനുള്ള അവകാശത്തിനും അന്തസ്സിനും സ്വാതന്ത്ര്യത്തിനുമെതിരെ അന്യായയവും മനുഷ്യത്വരഹിതവുമായ ആക്രമണം നേരിടുന്ന ഗസ്സയിലെ സഹോദരങ്ങളെ നമുക്ക് ഓർക്കാം...' പ്രിയങ്ക എക്‌സിൽ കുറിച്ചു.

'സ്‌നേഹവും സമാധാനവും സന്തോഷവും നന്മയും ജീവിതത്തിൽ നിറയമെന്നാണ് ആഗ്രഹിച്ചുകൊണ്ടാണ് നാം പുതുവർഷം ആഘോഷിക്കാറുള്ളത്. എന്നാൽ ജീവിക്കാനുള്ള അവകാശത്തിനും അന്തസ്സിനും സ്വാതന്ത്ര്യത്തിനുമെതിരെ ഏറ്റവും അന്യായയവും മനുഷ്യത്വരഹിതവുമായ ആക്രമണം നേരിടുന്ന ഗസ്സയിലെ നമ്മുടെ സഹോദരങ്ങളെയും നമുക്ക് ഓർക്കാം..

നമ്മുടെ കുട്ടികൾ ഇവിടെ പുതുവർഷം ആഘോഷിക്കുമ്പോൾ, ഗസ്സയിൽ അവരുടെ കുട്ടികൾ നിഷ്‌കരുണം കൊല്ലപ്പെടുകയാണ്. ലോകനേതാക്കൾ എന്ന് വിളിക്കപ്പെടുന്നവർ നിശബ്ദരായി നോക്കി നിൽക്കുകയാണ്. അധികാരത്തിനും അത്യാഗ്രഹത്തിനും വേണ്ടി അവര്‍ മുന്നോട്ട് പോകുകയാണ്. ഈ സമയത്തും ഗസ്സയിൽ നടക്കുന്ന ക്രൂരമായ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയർത്തുന്ന ദശലക്ഷക്കണക്കിന് സാധാരണക്കാരുണ്ട്. ധീരരായ ആ ദശലക്ഷക്കണക്കിന് ആളുകൾ നാളെയുടെ പ്രതീക്ഷകളാണ്. അവരിൽ ഒരാളാകാൻ ശ്രമിക്കൂ...'' പ്രിയങ്ക എക്സില്‍ കുറിച്ചു.

ഗസ്സയിലെ ക്രൂരമായ അതിക്രമങ്ങളെക്കുറിച്ച് ഫോട്ടോ ജേർണലിസ്റ്റായവിസ്സം നാസറിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു പ്രിയങ്കയുടെ കുറിപ്പ്. ലോകം പുതുവത്സരം ആഘോഷിക്കുമ്പോൾ ഗസ്സയിലെ മനുഷ്യർ ജീവിതം തുറന്ന് കാട്ടുന്നതാണ് ആ വീഡിയോ...

അതേസമയം, പുതുവത്സരദിനത്തിലും ഗസ്സയിൽ ഇസ്രായേൽ വംശഹത്യ തുടരുകയാണ്. മധ്യ ഗസ്സയിലെ അഭയാർഥി ക്യാമ്പുകളും തെക്കൻ ഗസ്സയിലെ ഖാൻ യൂനിസും ലക്ഷ്യമിട്ടാണ് ആക്രമണം. തെക്കൻ ഗസ്സയിൽ കരയുദ്ധം വ്യാപിപ്പിക്കുമെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ പക്ഷം അറിയിച്ചത്. യുദ്ധാനന്തരം ഗസ്സയിലേക്ക് ജൂത കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരണമെന്ന് ഇസ്രായേൽ ധനകാര്യ മന്ത്രി ബെസാലെൽ സ്മോട്രിച്ച് പറഞ്ഞു. ഗസ്സയിലെ രണ്ട് ദശലക്ഷം ഫലസ്തീനികളെ മാറ്റിപ്പാർപ്പിക്കാനുള്ള സ്മോട്രിച്ചിന്റെ ആഹ്വാനം യുദ്ധക്കുറ്റമാണെന്ന് ഹമാസ് ആരോപിച്ചു. ഗസ്സയിൽ നിന്ന് ഫലസ്തീനികളെ സ്വമേധയാ ഒഴിപ്പിക്കുന്നതിൽ മുൻ യുകെ പ്രധാനമന്ത്രി പ്രധാന പങ്ക് വഹിക്കുമെന്ന ഇസ്രായേലി ചാനൽ റിപ്പോർട്ട് ടോണി ബ്ലെയറിന്റെ വക്താവ് നിഷേധിച്ചു.

TAGS :

Next Story