Quantcast

വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിൻ്റെ ഭാര്യക്കെതിരെ അപകീർത്തി പരാമർശം; പരാതി നൽകി ദേശീയ വനിതാ കമ്മീഷൻ

രാഷ്ട്രപതിയിൽ നിന്ന് അന്‍ഷുമാന്‍ സിങ്ങിനുള്ള കീർത്തി ചക്ര ഏറ്റുവാങ്ങുന്ന സ്‌മൃതിയുടെ ചിത്രത്തിന് താഴെയാണ് മോശം കമന്റ് പ്രത്യക്ഷപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    10 July 2024 10:33 AM GMT

Anshuman singh_smriti
X

സിയാച്ചിനിലുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ പത്നി സ്‌മൃതി സിങ്ങിനെതിരെ അപകീർത്തി പരാമർശം. സോഷ്യൽ മീഡിയയിലാണ് സ്‌മൃതിക്കെതിരെ ഒരാൾ മോശം കമന്റിട്ടത്. വ്യക്തിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിരുന്നു. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിരിക്കുകയാണ്.

കമന്റിട്ടയാൾക്കെതിരെ ഉടനടി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസിന് ദേശീയ വനിതാ കമ്മീഷൻ കത്തെഴുതി. രാഷ്ട്രപതിയിൽ നിന്ന് അന്‍ഷുമാന്‍ സിങ്ങിനുള്ള കീർത്തി ചക്ര ഏറ്റുവാങ്ങുന്ന സ്‌മൃതിയുടെ ചിത്രത്തിന് താഴെയാണ് മോശം കമന്റ് പ്രത്യക്ഷപ്പെട്ടത്. നിരവധി പേർ വൈകാരികമായി സൈനികന് ആദരാഞ്ജലി അർപ്പിക്കുന്നതിനിടെ ഇത്തരം കമന്റിട്ടത് അപമാനകരമാണെന്ന് ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറയ്ക്ക് അയച്ച കത്തിൽ ദേശീയ വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടി.

2023ലെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 79, ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ്, 2000, സെക്ഷൻ 67 പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി നിവാസിയായ അഹമ്മദ് കെ എന്ന വ്യക്തിയാണ് അപകീർത്തി പരാമർശത്തിന് പിന്നിലെന്നും വനിതാ കമ്മീഷൻ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഇയാളെ അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും എൻസിഡബ്ല്യു പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌മൃതിയുടെ ഫോട്ടോക്ക് താഴെ വന്ന കമന്റിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നിരവധി ആളുകളാണ് ദേശീയ വനിതാ കമ്മീഷനെ ടാഗ് ചെയ്തത്. കമന്റിട്ടയാൾക്കെതിരെയും ഇതിനെ പിന്തുണച്ച ആളുകൾക്കെതിരെയും കർശന നടപടിയെടുക്കണമെന്നും ആളുകൾ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇടപെടൽ.

സിയാച്ചിനില്‍ മെഡിക്കല്‍ ഓഫീസറായിരുന്ന ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ് 2023 ജൂലായ് 19നാണ് വീരമൃത്യു വരിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഷോട്ട് സര്‍ക്യൂട്ട് മൂലം സൈനിക ക്യാമ്പില്‍ സ്ഫോടക വസ്തുക്കൾക്ക് സമീപം തീപിടിത്തം ഉണ്ടായി. ഫൈബര്‍ഗ്ലാസ് കൂടാരം അഗ്നിജ്വാലകളാല്‍ ചുറ്റപ്പെട്ടതുകണ്ട ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ് അതിനുള്ളില്‍ കുടുങ്ങിയ നിരവധി പേരെ രക്ഷപെടുത്തി. തുടർന്ന് മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും മാറ്റാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹം അഗ്നിയ്ക്ക് കീഴടങ്ങുകയായിരുന്നു.

മരണത്തിന്റെ രണ്ട് മാസം മുമ്പാണ് അൻഷുമാനും സ്മൃതി സിങ്ങും തമ്മിലെ വിവാഹം നടക്കുന്നത്. എട്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന് മരണാനന്തര ബഹുമതിയായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികബഹുമതിയായ കീർത്തിചക്ര രാഷ്ട്രപതി ദ്രൗപതി മുർമു ജൂലൈ അഞ്ചിന് സമ്മാനിച്ചിരുന്നു. രാജ്യം നല്‍കുന്ന ആദരവ് ഏറ്റുവാങ്ങുന്നതിനായി സ്‌മൃതി അൻഷുമാന്റെ മാതാവിനൊപ്പമാണ് എത്തിയത്. കീർത്തിചക്ര സമ്മാനിച്ച ശേഷം ഭർത്താവിനെക്കുറിച്ച് സ്മൃതി ഓർമകൾ പങ്കുവെക്കുന്ന വിഡിയോ ആർമി പുറത്തുവിട്ടിരുന്നു. ഇതിനിടെയാണ് സ്‌മൃതിയുടെ ഫോട്ടോക്ക് താഴെ അപകീർത്തി കമന്റ് പ്രത്യക്ഷപ്പെട്ടത്.

TAGS :

Next Story