Quantcast

പതഞ്ജലിയുടെ 14 ഉല്‍പന്നങ്ങളുടെ ലൈസന്‍സ് ഉത്തരാഖണ്ഡ് റദ്ദാക്കി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പതഞ്ജലിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    30 April 2024 2:48 AM GMT

Patanjali Products
X

ഡെറാഡൂണ്‍: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് പിന്നാലെ പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ റദ്ദാക്കി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട് പതഞ്ജലിയുടെ ദിവ്യ ഫാര്‍മസി നിര്‍മ്മിക്കുന്ന 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ലൈസന്‍സിംഗ് അതോറിറ്റി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.

നിയമവിരുദ്ധമായ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചാല്‍ പിഴയോ തടവോ അല്ലെങ്കിൽ രണ്ടും ഉൾപ്പെടെയുള്ള കർശനമായ അച്ചടക്ക നടപടികളും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് അറിയിച്ച് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി ഒരു പൊതു അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചു. സംസ്ഥാന ലൈസൻസിംഗ് അതോറിറ്റി, ആയുര്‍വേദിക് ആന്‍ഡ് യുനാനി സര്‍വീസ് എന്നിവര്‍ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ദിവ്യ ഫാർമസിക്കും പതഞ്ജലി ആയുർവേദ് ലിമിറ്റഡിനും എതിരെ പരാതി നൽകാൻ ഹരിദ്വാറിലെ ഡ്രഗ് ഇൻസ്പെക്ടർക്ക് ഏപ്രിൽ 12 ന് അനുമതി നൽകിയിട്ടുണ്ട്. ദിവ്യ ഫാര്‍മസിയുടെ ദൃഷ്ടി ഐ ഡ്രോപ്പ്, സ്വസാരി ഗോള്‍ഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസരി പ്രവാഹി, സ്വസാരി അവലേ, മുക്ത വതി എക്സ്ട്രാ പവര്‍, ലിപിഡോം, ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാശിനി വാതി എക്സ്ട്രാ പവര്‍, ലിവാമൃത് അഡ്വാന്‍സ്, ലിവോഗ്രിറ്റ്, ഇയെ ഗോള്‍ഡ് എന്നിവ നിരോധിച്ച ഉത്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു.

ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ, ദിവ്യ ഫാർമസി, പതഞ്ജലി ആയുർവേദ് ലിമിറ്റഡ് എന്നിവയ്‌ക്കെതിരെ ഹരിദ്വാറിലെ ജില്ലാ ആയുർവേദ, യുനാനി ഓഫീസർ ഹരിദ്വാറിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ പരാതി നൽകിയിട്ടുണ്ട്. ദിവ്യ ഫാർമസിക്കും പതഞ്ജലി ആയുർവേദ് ലിമിറ്റഡിനും എതിരെ നിയമത്തിൽ നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങളും സുപ്രിംകോടതി പുറപ്പെടുവിച്ച നിർദ്ദേശങ്ങളും അനുസരിച്ച് എല്ലാ തുടർ നടപടികളും തുടരുമെന്ന് സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി അറിയിച്ചു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പതഞ്ജലിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ആയുര്‍വേദത്തെ ഉയര്‍ത്തിക്കാട്ടുന്നതിനായി പതഞ്ജലി പരസ്യങ്ങളിലൂടെ ആധുനിക വൈദ്യശാസ്ത്രത്തെ ഇകഴ്ത്തിക്കാട്ടുകയാണെന്നായിരുന്നു ഐം.എ.എയുടെ ആരോപണം. തുടര്‍ന്ന് പതഞ്ജലിക്കെതിരെ സുപ്രിംകോടതി രംഗത്തെത്തിയിരുന്നു. ബാബാ രാംദേവും പതഞ്ജലി ഗ്രൂപ്പ് എം.ഡി ആചാര്യ ബാലകൃഷ്ണയും നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന് പിന്നാ​​ലെ മാപ്പ് പറഞ്ഞ് സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി ആയുര്‍വേദ് മാപ്പ് പറഞ്ഞുകൊണ്ട് പത്രത്തില്‍ നല്‍കിയ ചെറിയ പരസ്യത്തിലും സുപ്രിം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന അവകാശങ്ങള്‍ ഉള്‍പ്പെട്ട പരസ്യത്തിന്റെ അത്രയും വലിപ്പം ഉള്ളതായിരിക്കണം മാപ്പ് പറഞ്ഞുകൊണ്ടുള്ള അറിയിപ്പെന്നുമാണ് കോടതി വ്യക്തമാക്കിയത്. ആദ്യം നല്‍കിയ പരസ്യത്തിന്‍റെ അത്രയും വലുപ്പത്തില്‍ മാപ്പ് നല്‍കിയാല്‍ ലക്ഷങ്ങള്‍ നല്‍കേണ്ടി വരുമെന്നായിരുന്നു പതഞ്ജലിയുടെ അഭിഭാഷകന്‍‌ മുകുള്‍ റോത്തഗി അറിയിച്ചത്. എന്നാല്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കാമെങ്കില്‍ എന്തുകൊണ്ട് മാപ്പ് പറഞ്ഞുകൊണ്ടുള്ള പരസ്യങ്ങള്‍ക്കും അത്രയും തുക ചെലവഴിച്ച് കൂടായെന്ന് കോടതി ആരായുകയായിരുന്നു.തുടര്‍ന്ന് വീണ്ടും പത്രങ്ങളില്‍ മാപ്പ് പറഞ്ഞു പതഞ്ജലി പരസ്യം നല്‍കി. ''നിരുപാധികം പരസ്യമായി മാപ്പ് പറയുന്നു. തെറ്റിദ്ധരിപ്പിക്കുംവിധത്തിൽ പരസ്യം നൽകിയതിൽ മാപ്പുചോദിക്കുന്നു. ഇത്തരത്തിലുള്ള തെറ്റായപ്രവണത ഇനി ഒരിക്കലും ആവർത്തിക്കില്ല'' എന്നായിരുന്നു പുതിയ മാപ്പ് പരസ്യം.

TAGS :

Next Story