മണ്ണരിച്ച് ‘നിധി’ കണ്ടെത്തുന്ന മനുഷ്യർ; ഇന്ത്യയിലെ വജ്രത്തിളക്കമുള്ള ദേശത്തിന്റെ കഥ
ആ മണ്ണ് തേടി,മണ്ണിനടിയിലൊളിച്ചിരിക്കുന്ന ലക്ഷങ്ങൾ വിലയുള്ള വജ്രക്കല്ലുകൾ തേടി ഇപ്പോഴും മനുഷ്യരെത്താറുണ്ട്
ഭോപ്പാൽ: നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും തലമുറകളായി ഭാഗ്യം തേടി കുഴിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയുണ്ട് ഇന്ത്യയിൽ. പട്ടിണിക്കൊപ്പം കുടിക്കാൻ ഒരു തുള്ളി ശുദ്ധജലം പോലും ലഭിക്കാൻ ബുദ്ധിമുട്ടുന്ന ആ മണ്ണിൽ വെളിച്ചം പരന്നുകഴിഞ്ഞാൽ മനുഷ്യർ മണ്ണരിച്ചു തുടങ്ങും. ആഡംബരത്തിന്റെ പര്യായങ്ങളിലൊന്നായ വജ്രക്കല്ലുകളാണ് ആ മണ്ണിൽ നിന്ന് വേർതിരിച്ചെടുക്കാൻ ശ്രമിക്കുന്നത്. ലക്ഷങ്ങൾ വിലയുള്ള കല്ലുകൾ കൈയിൽ തടയുന്നതും പ്രതീക്ഷിച്ചാണ് ആ ജനത മണ്ണ് അരിക്കുന്നത്. വജ്രനിക്ഷേപത്തിനു പേരുകേട്ട മധ്യപ്രദേശിലെ പന്നയെന്ന ജില്ലയെപ്പറ്റിയും അവിടുത്തെ മനുഷ്യരെപ്പറ്റിയുമാണ് പറഞ്ഞുവരുന്നത്.
പന്നയെന്ന പട്ടണമാണ് ജില്ലയുടെ ആസ്ഥാനം. പന്ന നഗരമുൾപ്പടെ 80 കിലോമീറ്റളോളം ചുറ്റളവിലുള്ള ഒരു ബെൽറ്റിലാണ് വജ്രനിക്ഷേപം ഉള്ളത്. വജ്രങ്ങൾ തേടിയുള്ള മനുഷ്യരുടെ പ്രതീക്ഷകൾ മുളയിടുന്ന മണ്ണാണ് പന്നയുടെത്. വജ്രക്കല്ലുകളുടെ ദേശമെന്ന് പുറം ലോകത്ത് അറിയപ്പെടുന്ന ഈ ദേശത്തിന് മറ്റൊരു മുഖം കൂടിയുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും പിന്നാക്കവസ്ഥയിലുള്ള പ്രദേശം, ദാരിദ്ര്യം, ജല ദൗർലഭ്യം, തൊഴിലില്ലായ്മ തുടങ്ങിയവ രൂക്ഷമായ പ്രദേശം.
‘നേരം പുലർന്നാൽ വജ്രം തിരഞ്ഞിറങ്ങാതിരിക്കാനെനിക്കാവില്ല, ഇല്ലെങ്കിൽ എന്തോ അസുഖം ബാധിച്ച അവസ്ഥയാണ് പറയുന്നത് 67 കാരനായ പ്രകാശ് ശർമയാണ്. കഴിഞ്ഞ 50 വർഷമായി ഇതാണ് പ്രകാശിന്റെ ജീവിതചര്യ. പ്രകാശിന്റെ മാത്രമല്ല നൂറ് കണക്കിന് ആളുകളുടെ ജീവിതം ഇത് തന്നെയാണ്. ദിവസത്തിലെ ഏറെ സമയവും വജ്രഖനികളിൽ നിധി തേടിയുള്ള അന്വേഷണത്തിലാണ് പ്രകാശടക്കമുള്ളവർ. മിക്ക ഖനികളും കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലാണെങ്കിലും ചില ഖനിപ്രദേശങ്ങൾ ലീസിന് നൽകും.
ഒരു കാലത്ത് വലുതും അപൂർവവുമായ വജ്രക്കല്ലുകൾ സമ്മാനിച്ച വജ്രഖനികൾ ഇപ്പോൾ കറവവറ്റിയ പശുവിന് സമാനമാണ്. എന്നിരുന്നാലും ആ മണ്ണ് തേടി,മണ്ണിനടിയിലൊളിച്ചിരിക്കുന്ന വജ്രങ്ങൾ തേടി ഇപ്പോഴും മനുഷ്യരെത്താറുണ്ട്. വർഷങ്ങളായുള്ള അമിതമായ ഖനനം മൂലം ആ മണ്ണിലൊളിഞ്ഞു കിടന്ന വജ്രങ്ങൾ എടുത്തുകഴിഞ്ഞുവെന്ന് തന്നെ പറയാം. എന്നാൽ ഭാഗ്യന്വേഷികൾ അത് അംഗീകരിക്കാൻ തയ്യാറല്ല. അവരിപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഭാഗ്യം തങ്ങളെത്തേടിവരുമെന്ന പ്രതീക്ഷയിലാണ് ഓരേ മനുഷ്യരും.
ഖനിത്തൊഴിലാളികൾ കണ്ടെത്തിയ വജ്രങ്ങൾ സർക്കാർ ഡയമണ്ട് ഓഫീസിന് കൈമാറണമെന്നാണ് നിയമം. സർക്കാർ സംവിധാനം അവ വിലയിരുത്തുകയും ലേലത്തിൽ വിൽക്കുകയും ചെയ്യും. റോയൽറ്റിയും നികുതിയും കിഴിച്ച ശേഷം ഖനിത്തൊഴിലാളികൾക്ക് നിശ്ചിത പ്രതിഫലം നൽകും. ഗ്രാമത്തിലെ പ്രശസ്തനായ വജ്രവേട്ടക്കാരനായിരുന്ന പിതാവിന്റെ പാത പിന്തുടർന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാല വജ്രം കുഴിക്കാൻ തുടങ്ങിയതെന്ന് പ്രകാശ് ശർമ്മ പറയുന്നു. 50 വർഷം മുമ്പ് ആറ് കാരറ്റ് വജ്രം കണ്ടെത്തിയതോടെ അതിൽ തന്നെ തുടരാൻ തീരുമാനിച്ചു.
വിദ്യാഭ്യാസ യോഗ്യതവെച്ച് ലഭിക്കുന്ന കുറഞ്ഞ ശമ്പളമുള്ള സർക്കാർ ജോലിയേക്കാൾ എന്തുകൊണ്ടും വജ്രവേട്ടയാണ് നല്ലതെന്ന് ശർമ തീരുമാനിച്ചു. പന്നയിൽ തലമുറകളായി കൈമാറിപ്പോരുന്ന ഒരു കുടുംബ തൊഴിൽകൂടിയാണിന്നത്. യുവാക്കളും വൃദ്ധരുമടക്കം ശർമയെ പോലെ ആയിരക്കണക്കിനാളുകളാണ് ഖനിയിൽ ജോലി ചെയ്യുന്നത്. മണ്ണിൽ അവർ വജ്രങ്ങളെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ദാരിദ്ര്യങ്ങളിൽ നിന്ന് തങ്ങളെ കൈപിടിച്ചുയർത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
ഖനിത്തൊഴിലാളികൾ അതിരാവിലെ തന്നെ ചരലുകളും മണ്ണുകളും അരിക്കാൻ തുടങ്ങും. അത് ഇരുട്ടുമൂടും വരെ തുടരും. ചരൽ കഴുകിയെടുത്താണ് അവക്കുള്ളിൽ വജ്രങ്ങളെ തിരയുന്നത്. കുടുംബസമേതമാണ് പലരും ഇത് ചെയ്യുന്നത്. ശാരീരികമായി നല്ല അധ്വാനമുള്ള ജോലിയാണിത്. എന്നാൽ പന്നയിലെ ജനങ്ങൾക്ക് ഇത് അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. പഠനത്തിനൊപ്പം ഖനികളിൽ പാർട്ട് ടൈം ജോലി ചെയ്യുന്നവരുമുണ്ട്. അവരിലൊരളായ ശ്യാംലാൽ ജാതവ് പറയുന്നതിങ്ങനെയാണ്. തന്റെ മുത്തച്ഛൻ ധാരാളം വജ്രങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ അക്കാലത്ത് അവക്ക് തുശ്ചമായ വിലയാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്, കോടിക്കണക്കിന് രൂപക്കാണ് പലരും കല്ലുകൾ വിൽക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
എന്നാൽ ഭാഗ്യം തേടിയുള്ള യാത്രകൾ പലരെയും കടക്കാരനാക്കിയിട്ടുണ്ട്. അതിനുദാഹരണമാണ് രാജ. കൂലിപ്പണിക്കാരനായ രാജക്ക് ഒരിക്കൽ വജ്രം കിട്ടി. സർക്കാർ ലേലത്തിൽ അവ വൻ തുകക്ക് വിറ്റു. കൂടുതൽ വജ്രം കണ്ടെത്താനായി 10 വർഷത്തിലേറെയായി വിവിധ ഖനികൾ പാട്ടത്തിനെടുത്ത് ഖനനം നടത്തുകയാണ് രാജ. കൈയിലുണ്ടായിരുന്ന പണം തീർന്നതോടെ പലിശക്ക് കടം വാങ്ങിയാണ് ഭൂമികൾ പാട്ടത്തിനെടുത്തത്. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കി, ചരൽക്കല്ലുകൾ മാത്രമാണിപ്പോഴും രാജക്ക് ആ മണ്ണ് നൽകുന്നത്. ഇങ്ങനെ പ്രതീക്ഷയോടെ ഖനനം തുടരുന്ന നിരവധി പേരുണ്ട് പന്നയിൽ. പലരും പത്ത് മണിക്കൂറിലേറെയാണ് ഖനന ഭൂമിയിൽ ചെലവഴിക്കുന്നത്. മധ്യപ്രദേശ് സർക്കാരിന് കീഴിലുള്ള നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (എൻഎംഡിസി) കീഴിലുള്ള ജില്ലയിലെ മജ്‌ഗവാൻ ഖനിയിൽ 1968-ലാണ് ഖനനം ആരംഭിച്ചത്. പന്നയിൽ നിന്ന് ഖനനം ചെയ്യുന്ന വജ്രങ്ങൾ ഔദ്യോഗിക മാർഗത്തിൽ വിൽക്കുന്നതിനേക്കാൾ പലർക്കും താൽപര്യം ബ്ലാക്ക് മാർക്കറ്റിൽ വിൽക്കാനാണ്. നികുതി ഒഴിവാക്കാനും വേഗം പണം കിട്ടലുമാണ് ലക്ഷ്യം.
സർക്കാർ ലേലത്തിൽ വെക്കുന്ന വജ്രങ്ങൾ വിറ്റുപോകാൻ ചിലപ്പോൾ വർഷങ്ങളെടുക്കാറുണ്ട്. ഇതുകൊണ്ടാണ് പലരും സമാന്തര മാർഗങ്ങൾ അന്വേഷിക്കുന്നത്. വിൽക്കാനെത്തുന്ന വജ്രങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായതായി ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. 2016-ൽ 1,133 വജ്രങ്ങൾ സർക്കാരിന് ലഭിച്ചിരുന്നെങ്കിൽ 2023-ൽ അത് വെറും 23 ആയി ചുരുങ്ങിയതായി കണക്കുകൾ പറയുന്നു. ഇത് ഒരേ സമയം കിട്ടുന്ന വജ്രങ്ങളുടെ എണ്ണം കുറഞ്ഞതിനൊപ്പം ബ്ലാക്ക് മാർക്കറ്റിൽ വിൽപന കൂടിയതുമാകാമെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.
ഇതിനൊപ്പം പന്നയിലെ ദേശീയോദ്യാനത്തിന്റെയും കടുവ സങ്കേതത്തിന്റെയും പശ്ചാത്തലത്തിൽ ഖനനത്തിന് നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വനമേഖലകളിൽ ഖനനം ചെയ്യുന്നതിന് കനത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Adjust Story Font
16