ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മിന്നലേറ്റ് 68 മരണം
ഉത്തർപ്രദേശിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 41 പേരാണ് ഇവിടെ മരിച്ചത്. രാജസ്ഥാനിൽ 20 പേരും മധ്യപ്രദേശിൽ ഏഴുപേരും മരിച്ചു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലിൽ 68 മരണം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങിലാണ് ഇത്രയും പേർ മിന്നൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
ഉത്തർപ്രദേശിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 41 പേരാണ് ഇവിടെ മരണപ്പെട്ടിരിക്കുന്നത്. രാജസ്ഥാനിൽ 20 പേരും മധ്യപ്രദേശിൽ ഏഴുപേരും മരിച്ചു. രാജസ്ഥാനിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ഏഴുപേരും കുട്ടികളാണ്. പത്തിലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
യുപിയിലെ പ്രയാഗ് രാജിൽ കഴിഞ്ഞ ദിവസം ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ മിന്നലേറ്റ് 14 പേർ മരിച്ചിട്ടുണ്ട്. കാൺപൂർ ദേഹാത്തിലും ഫത്തേപൂരിലും അഞ്ചുവീതം പേരും കൗഷംബിയിൽ നാലും ഫിറോസാബാദിൽ മൂന്നും കാൺപൂർ നഗറിൽ രണ്ടും ഉന്നാവോ, ഹമീർപൂർ, സോൻഭദ്ര, പ്രതാപ്ഗഡ്, മിർസപൂർ എന്നിവിടങ്ങിൽ ഓരോ വീതം പേരുമാണ് മരിച്ചത്. ദുരന്തത്തിനിരയായവർക്ക് അടിയന്തര സഹായം നൽകാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്.
രാജസ്ഥാനിൽ 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പൊലിസ്, സംസ്ഥാന ദുരന്ത നിവാരണ സേനാ സംയുക്ത സംഘം ചേർന്ന് ജെയ്പൂരിലെ സേവായ് മാൻ സിങ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അഞ്ചുലക്ഷം വീതം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിൽനിന്നാണ് അടിയന്തര സഹായം അനുവദിച്ചിരിക്കുന്നത്.
Adjust Story Font
16