ലിവിങ് പങ്കാളിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: പ്രതിയെ വെറുതെവിട്ട് കോടതി
പ്രതിക്കെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി
താനെ: ലിവിങ് പങ്കാളിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ പ്രതിയെ വെറുതെവിട്ട് കോടതി. 39 കാരനായ ജിം പരിശീലകനെ മതിയായ തെളിവുകളുടെ അഭാവം മൂലമാണ് മഹരാഷ്ട്രയിലെ കോടതി വെറുതെ വിട്ടത്. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം ഉൾപ്പെടെ പ്രതിക്കെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എഎസ് ഭഗവത് ചൂണ്ടിക്കാട്ടി.
ജിമ്മിൽ ജോലി ചെയ്യുകയായിരുന്ന പ്രതിയും യുവതിയു ലിവിങ് പാർട്ണർമാരാണെന്നും 2012 ജനുവരി മുതൽ 2013 വരെ ഇരുവരും ശാരീരിക ബന്ധത്തിലേർപ്പെട്ടിരുന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ, പ്രതി ഇരയെ ഭീഷണിപ്പെടുത്തുകയും യുവതിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തയ്യാറാക്കുകയും അവളുടെ സ്വകാര്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ ഇവരുടെ ബന്ധം വഷളായി. എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇരയെ കോടതിയിൽ ഹാജരാക്കിയില്ല.
ഇരയായ യുവതി ന്യൂജേഴ്സിയിലേക്ക് സ്ഥലം മാറിപ്പോയെന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതിയെ അറിയിച്ചിരുന്നു. മൊഴി നൽകാൻ പരാതിക്കാരി തയ്യാറല്ലെന്നും കേസുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ഇരയുടെ പിതാവ് കോടതിയെ അറിയിച്ചു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്ത്, പ്രതിക്കെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. പിന്നാലെ പ്രതിയെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.
Adjust Story Font
16