വായ്പാ പരിധി ഉയർത്താനാകില്ല; കേന്ദ്രം - കേരളം ചർച്ച പരാജയം
സുപ്രീംകോടതി നിർദേശമനുസരിച്ചാണ് വായ്പാ പരിധി ഉയർത്തുന്നതിൽ കേരളം ചർച്ചക്ക് എത്തിയത്
ന്യൂഡൽഹി: കടമെടുപ്പ് പരിധിയിൽ കേന്ദ്രവുമായി കേരളം നടത്തിയ ചർച്ച പരാജയം. വായ്പാ പരിധി ഉയർത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം ആവർത്തിച്ചു. ചീഫ് സെക്രട്ടറി ഡോ. വി .വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിൽ ചർച്ചയിൽ പങ്കെടുത്തത്.
സുപ്രീംകോടതി നിർദേശമനുസരിച്ചാണ് വായ്പാ പരിധി ഉയർത്തുന്നതിൽ കേരളം ചർച്ചക്ക് എത്തിയത്. ഗുരുതര സാമ്പത്തിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കേരളം ചർച്ച ആരംഭിച്ചത്. സുപ്രീംകോടതി നിർദേശം അനുസരിച്ചു 13,600 കോടിയായി വായ്പാ പരിധി പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന നിലപാടിലായിരുന്നു കേന്ദ്രം. ഇതിലധികം അനുവദിക്കാൻ നിർവാഹമില്ല.
19,351 കോടി രൂപയുടെ അധിക വായ്പ അനുമതിയാണ് കേരളം ചോദിച്ചത്. കേന്ദ്രനിയമത്തിന്റെ ചട്ടക്കൂടിൽ നിന്ന് മാത്രമേ പ്രവർത്തിക്കാൻ കഴിയൂ എന്ന നിലപാടാണ് ചർച്ചയിൽ ഉടനീളം കേന്ദ്രം പുലർത്തിയത് .
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു തൽക്കാലത്തേക്ക് വായ്പാ പരിധി ഉയർത്തണം എന്നായിരുന്നു കേരളത്തിന്റെ ആവശ്യം. കോടതിയുടെ അന്തിമ വിധി എതിരായാൽ ഇപ്പോൾ അനുവദിക്കുന്ന തുക പിന്നീട് തിരികെ എടുക്കാമെന്നും ചീഫ് സെക്രട്ടറി മുന്നോട്ടുവെച്ചു . ഈ വ്യവസ്ഥയിലും വഴങ്ങാൻ കേന്ദ്രം തയാറായില്ല.
ഇളവ് നൽകിയാൽ മറ്റു സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിക്കുമെന്ന് ചൂണ്ടികാട്ടിയാണ് കേന്ദ്രം ആവശ്യം തള്ളിയത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി കെ.എം. എബ്രഹാം, സംസ്ഥാന ധനകാര്യ സെക്രട്ടറി ആർ.കെ. അഗർവാൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചയിന്മേലുള്ള റിപ്പോർട്ട് കേന്ദ്രവും കേരളവും സുപ്രീംകോടതിയെ ധരിപ്പിക്കും.
Adjust Story Font
16