ലോക്സഭാ തെരഞ്ഞെടുപ്പ്: പഞ്ചാബിൽ എല്ലാ സീറ്റിലും ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് കെജ്രിവാൾ
തീരുമാനം കോൺഗ്രസിനും ഇൻഡ്യ മുന്നണിക്കും കനത്ത തിരിച്ചടിയാണ്
അരവിന്ദ് കെജ്‍രിവാള്‍
ന്യൂഡൽഹി: പഞ്ചാബിലെയും ചണ്ഡീഗഢിലെയും 14 ലോക്സഭാ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലെ ഖന്നയിൽ റേഷൻ വിതരണവുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബിലും ചണ്ഡീഗഡിലും ഇൻഡ്യാ മുന്നണിയുമായി സഖ്യമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും വേദിയിലുണ്ടായിരുന്നു.
‘രണ്ട് മാസത്തിനുള്ളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കും. പഞ്ചാബിൽ 13 സീറ്റുകളും ചണ്ഡീഗഢിൽ ഒരു സീറ്റുമാണുള്ളത്. അടുത്ത 10-15 ദിവസങ്ങൾക്കുള്ളിൽ 14 സീറ്റുകളിലേക്കും എ.എ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഈ 14 സീറ്റുകളിലും നിങ്ങൾ എ.എ.പി സ്ഥാനാർഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം’-കെജ്രിവാൾ പറഞ്ഞു.
‘നിങ്ങൾ ഞങ്ങളുടെ കൈകൾ എത്രത്തോളം ശക്തമാക്കുന്നുവോ, അത്രത്തോളം ഞങ്ങൾക്ക് കൂടുതൽ ജോലി ചെയ്യാൻ കഴിയും. രണ്ട് വർഷം മുമ്പ് പഞ്ചാബിലെ 117ൽ 92 സീറ്റുകൾ നൽകി നിങ്ങൾ ഞങ്ങളെ അനുഗ്രഹിച്ചു. ഇപ്പോൾ വീണ്ടും കൈകൂപ്പി നിങ്ങളുടെ അനുഗ്രഹം ചോദിക്കാനാണ് ഞാൻ ഇവിടെ വന്നത്’ -കെജ്രിവാൾ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അസമിലെ മൂന്ന് സീറ്റുകളിൽ പാർട്ടി മത്സരിക്കുമെന്ന് എ.എ.പി എം.പി സന്ദീപ് പഥക് അടുത്തിടെ പറഞ്ഞിരുന്നു. ഇന്ത്യാ മുന്നണിയുമായി മാസങ്ങളായി തുടരുന്ന ചർച്ചകൾ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതേസമയം, എ.എ.പി പൂർണമായും ഇന്ത്യ മുന്നണിക്കൊപ്പമാണെന്നും സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കാൻ അവരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്നും 42 സീറ്റുകളിലും മത്സരിക്കുമെന്നും കഴിഞ്ഞ മാസം തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചാബിലും ഒറ്റക്ക് മത്സരിക്കാനുള്ള ആം ആദ്മി പാർട്ടിയുടെ പ്രഖ്യാപനം വരുന്നത്. പുതിയ തീരുമാനം കോൺഗ്രസിനും ഇൻഡ്യ മുന്നണിക്കും കനത്ത തിരിച്ചടിയാണ്.
Adjust Story Font
16