Quantcast

ലോക്സഭാ തെരഞ്ഞെടുപ്പ്; ബി.ജെ.പിയെ സമ്മർദ്ദത്തിലാക്കാൻ പ്രതിപക്ഷം

രാമക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുമ്പോൾ ഭക്തരെ കൂടെ നിർത്താൻ ബദൽ പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് ഇൻഡ്യ മുന്നണിയിലെ പാർട്ടികൾ

MediaOne Logo

Web Desk

  • Published:

    17 Jan 2024 1:46 AM GMT

congress
X

ഡല്‍ഹി: അയോധ്യ രാമക്ഷേത്രം മുൻനിർത്തി ലോക്സഭ തെരഞ്ഞെടുപ്പ് നേരിടാൻ ഒരുങ്ങുന്ന ബി.ജെ.പിയെ സമ്മർദ്ദ ത്തിലാക്കാൻ പ്രതിപക്ഷം. രാമക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുമ്പോൾ ഭക്തരെ കൂടെ നിർത്താൻ ബദൽ പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് ഇൻഡ്യ മുന്നണിയിലെ പാർട്ടികൾ.

രാമായണ പാരായണം നടത്തി ആം ആദ്മി പാർട്ടി തുടക്കം കുറിച്ച ക്യാമ്പയിൻ മാതൃകയിൽ കൂടുതൽ പരിപാടികൾ നടത്താനാണ് വിവിധ സംസ്ഥാനങ്ങളിൽ പ്രതിപക്ഷം നീക്കം നടത്തുന്നത്. അയോധ്യയിലെ രാമക്ഷേത്രം തന്നെയാണ് ഈ വർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ക്യാമ്പയിനിൽ ബി.ജെ.പിയുടെ തുറുപ്പു ചീട്ട്. ഹിന്ദി ഉൾപ്പെടെ ഉത്തരേന്ത്യയിലെ വിശ്വാസി സമൂഹത്തെ അയോധ്യ രാമക്ഷേത്രത്തിലൂടെ കയ്യിലെടുക്കാം എന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. കേരളത്തിൽ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം സന്ദർശിക്കുന്നതും ഇതേ അജണ്ടയുടെ ഭാഗമാണ്. ശ്രീരാമനുമായി വിശ്വാസപ്രകാരം കൂട്ടിയിണക്കുന്ന ക്ഷേത്രങ്ങളിലെല്ലാം ബി.ജെ.പി നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇതേ നാണയത്തിൽ തന്നെ ബി.ജെ.പിക്ക് മറുപടി നൽകാൻ ഒരുങ്ങുകയാണോ പ്രതിപക്ഷ പാർട്ടികൾ. അയോധ്യയെയും രാമക്ഷേത്രത്തെയും ചുറ്റിപ്പറ്റിയുള്ള വിശ്വാസികളുടെ വോട്ടുകൾ ബി.ജെ.പിയിലേക്ക് പോകാതിരിക്കാൻ ആണ് കോൺഗ്രസ് ശ്രമിക്കുന്നത്.

കോൺഗ്രസ് സംസ്ഥാന ഘടകങ്ങൾ അയോധ്യ സന്ദർശിക്കാൻ ഒരുങ്ങുമ്പോൾ അയോധ്യയിൽ സിലാന്യാസം നടത്തിയത് രാജീവ് ഗാന്ധി ആണെന്ന പ്രസ്താവനയോടെ എൻ.സി.പിയും പിന്തുണ നൽകുന്നുണ്ട്. ഹിന്ദുമത വിശ്വാസപ്രകാരം ശ്രീരാമ പത്നി സീതയുടെ ജന്മസ്ഥലമായി കണക്കാക്കുന്നത് ബിഹാറിനെയാണ്. സീത ക്ഷേത്രത്തിന്റെയും തീർത്ഥാടന ടൂറിസം സർക്യൂട്ടുകളുടെയും പ്രചരണത്തിലാണ് ജെ ഡി യു നേതൃത്വം നൽകുന്ന ബിഹാർ സർക്കാർ. സീത ജന്മഭൂമി കേന്ദ്രീകരിച്ച് കൂടുതൽ വിശ്വാസ സംബന്ധമായ പരിപാടികൾ നടത്താനാണ് ജെഡിയു നീക്കം. ഇന്നലെ ഡൽഹിയിൽ ആരംഭിച്ച രാമായണ പാരായണ ക്യാമ്പയിനുമായി മുന്നോട്ടു പോകാനുള്ള ആം ആദ്മി പാർട്ടിയുടെ തീരുമാനം ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. വിവാദങ്ങൾ തുടരുമ്പോഴും അയോധ്യയിൽ പ്രതിഷ്ഠാദിനത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഏഴു ദിവസം നീണ്ടുനിൽക്കുന്ന പൂജാകർമ്മങ്ങളുടെ ഭാഗമായി ഇന്ന് ഗണപതി പൂജ അയോധ്യയിൽ നടക്കും.

TAGS :

Next Story