വനിതാ സംവരണ ബിൽ ലോക്‌സഭ പാസാക്കി; അനുകൂലിച്ചത് 454 എം.പിമാർ
രാജ്യസഭയിൽ നാളെ ബില്ല് അവതരിപ്പിക്കും
ഡൽഹി: ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന വനിതാ സംവരണ ബിൽ ലോക്സഭയിൽ പാസായി. 454 എംപിമാർ ബില്ലിനെ അനുകൂലിച്ചും രണ്ട് എംപിമാർ എതിർത്തും വോട്ട് ചെയ്തു. സ്ലിപ് നൽകിയാണ് ബില്ലിൻമേൽ വോട്ടെടുപ്പ് നടത്തിയത്. രാജ്യസഭയിൽ നാളെ ബില്ല് അവതരിപ്പിക്കും.
ഭരണ ഘടനയുടെ 128-ാമത് ഭേദഗതിയാണിത്. നിലവിൽ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്നു സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണ് നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അതരിപ്പിച്ച വനിതാ സംവരണ ബിൽ. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്. രാജ്യസഭയിലും ബില്ല് പാസായാൽ രാഷ്ട്രപതി ഒപ്പ് വെച്ച് ബിൽ നിയമമാകും. സെൻസസിനും മണ്ഡല പുനർനിർണയത്തിനും ശേഷം സംവരണം നടപ്പിലാക്കുമെന്നാണ് ബില്ലിൽ പറയുന്നത്. സെൻസസ് നടത്താനുള്ള തീയതി പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതിനാൽ തന്നെ നിയമം നടപ്പിലാകാൻ ഇനിയും വൈകും.
അതേ സമയം ഒ.ബി.സി സംവരണ ഭേദഗതി സഭ വോട്ടിനിട്ട് തള്ളി. ആഭ്യന്തരമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് എൻ.കെ പ്രേമചന്ദ്രൻ ഭേദഗതി പിൻവലിച്ചു. അസദുദ്ദീൻ ഉവൈസിയുടെ ഭേദഗതി നിർദേശം ശബ്ദവോട്ടോടെയും തള്ളി. ന്യൂനപക്ഷങ്ങൾക്കും പിന്നാക്കക്കാർക്കും ഉപസംവരണം വേണമെന്നായിരുന്നു നിർദേശം.
വനിതാ സംവരണ ബില്ലിന്‍റെ നാൾവഴികള്‍....
1974- സ്‍ത്രീകളുടെ സാമൂഹികാവസ്ഥ പഠിക്കാൻ കേന്ദ്രസർക്കാർ ഒരു സമിതിയെ നിശ്ചയിച്ചു. തെരഞ്ഞെടുപ്പിൽ വനിതാപ്രാതിനിധ്യം വേണമെന്ന് സമിതി നിർദേശം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ സംവരണം വേണമെന്ന് ശിപാർശ ചെയ്യുകയും ചെയ്തു. പക്ഷേ വർഷങ്ങളോളം ഇതിൽ നടപടികളൊന്നുമുണ്ടായില്ല,
1996 സെപ്തംബർ 12ന് ദേവഗൗഡ സർക്കാരാണ് ആദ്യം വനിതാ സംവരണ ബിൽ പാർലമെന്‍റില്‍ അവതരിപ്പിച്ചത്. ബിൽ സംയുക്ത സംയുക്ത പാർലമെന്‍ററി സമിതിക്ക് വിട്ടു. സി.പി.ഐ എം.പി ഗീതമുഖർജിയുടെ നേതൃത്വത്തിലുള്ള സമിതി.
1996 ഡിസംബർ 10ന് സംയുക്ത പാർലമെന്ററി സമിതി സംവരണത്തിന് അനുകൂലമായി റിപോർട്ട് സമർപ്പിച്ചു. തൊട്ടുടനെ ദേവഗൗഡ സർക്കാർ വീണു. 1998 ജൂൺ 26ന് വാജ്പേയ് സർക്കാർ ഭരണഘടനാ ഭേദഗതിയായി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. പക്ഷേ അന്ന് ബില്ലിൽ അഭിപ്രായ ഐക്യം സാധ്യമായില്ല. 2004ൽ ഒന്നാം യുപിഎ സർക്കാരിന്‍റെ പൊതുമിനിമം പരിപാടിയിൽ സംവരണം ഇടംപിടിച്ചു.
2010 മാർച്ച് 9ന് വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കി. പക്ഷേ സമാജ്‌വാദി പാർട്ടിയും ആർജെഡിയും എതിർത്തു. അതുകഴിഞ്ഞ് 13 വർഷമായിട്ടും ലോക്സഭയിൽ പാസാകാത്ത ദുരവസ്ഥയിലായിരുന്നു ബിൽ. ബിൽ ലോക്സഭയിലെത്തിയില്ല. പാർലമെന്‍റിന്‍റെ ഈ പ്രത്യേകസമ്മേളനത്തിൽ വനിതാസംവരണ ബിൽ അവതരിപ്പിക്കണമെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്‍റെ അധ്യക്ഷതയിൽ ഞായറാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ കോൺഗ്രസ് അടക്കം വിവിധ കക്ഷികൾ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോഴത്തെ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിലൂടെ ഈ നിർണായക ബിൽ പാസായാലും അത് 2024ലെ തെരഞ്ഞെടുപ്പിൽ പ്രാവർത്തികമാകാൻ സാധ്യതയില്ല. മണ്ഡല പുനഃക്രമീകരണത്തിനു ശേഷം 2029ൽ വനിതാ സംവരണം യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.
Adjust Story Font
16