ലോക്സഭയില്‍ അതിക്രമിച്ച് കയറിയവരില്‍ ഒരാൾ എൻജിനീയറിങ് വിദ്യാർഥി; കൂടുതൽ വിവരങ്ങൾ പുറത്ത്
സന്ദർശക പാസ്സ് താൽക്കാലികമായി നിർത്തിവെക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി
ന്യൂഡൽഹി: ലോക്‌സഭയിൽ സുരക്ഷാ വീഴ്ചയുണ്ടാക്കിയ നാലുപേരുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോക്‌സഭക്കുള്ളിൽ പ്രതിഷേധിച്ചത് സാഗർ ശർമ്മ, മനോരഞ്ജൻ എന്നിവരാണ്. ഇതിൽ മനോരഞ്ജൻ എൻജിനീയറിങ് വിദ്യാർഥിയാണ്. ഇവർ സന്ദർശക ഗാലറിയിൽ നിന്ന് എംപിമാർ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്തുചാടുകയായിരുന്നു. ഇവരെ എം.പിമാർ കീഴടക്കുകയായിരുന്നു. സഭക്ക് അകത്തും പുറത്തും ഒരേ സമയം പ്രതിഷേധം നടന്നിരുന്നു. പാർലമെന്റിനകത്തും പുറത്തും കളർസ്‌മോക്ക് സ്പ്രേ കത്തിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീ അടക്കം രണ്ടുപേരാണ് പാർലമെന്റിന് പുറത്ത് പിടിയിലായത്.
സംഭവത്തിൽ ഹരിയാന,കർണാടക,മഹാരാഷ്ട്ര പൊലീസും അന്വേഷണം നടത്തുന്നുണ്ട്. പ്രതികളുടെ സ്വദേശം കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.
കുടകിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പേരിലാണ് ഇവരുടെ പാസിൽ ഒപ്പിട്ടിരിക്കുന്നത്.രാജ്യത്തെ കരിനിയമങ്ങൾ പിൻവലിക്കണമെന്നും തൊഴിലില്ലായ്മ കൊണ്ട് പൊറുതിമുട്ടിയെന്നും അക്രമികൾ മുദ്രാവാക്യം മുഴക്കിയിരുന്നു. സുരക്ഷാവീഴ്ചയിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാർ രംഗത്തെത്തി. അതിനിടെ, സന്ദർശക പാസ്സ് നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി.
Adjust Story Font
16