Quantcast

എ.ഐ.എ.ഡി.എം.കെയുടെ ഏക എം.പിയും 'ഔട്ട്'; തേനി പാർലമെന്റ് അംഗം രവീന്ദ്രനാഥിനെ അയോഗ്യനാക്കി

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ഒ. പന്നീർശെൽവത്തിന്റെ മകനാണ് രവീന്ദ്രനാഥ് കുമാർ

MediaOne Logo

Web Desk

  • Published:

    6 July 2023 3:29 PM GMT

Lone AIADMK MP Ravindranath Kumar disqualified, 2019 election of Theni MP P. Ravindhranath Kumar null and void, Madras High Court disqualifies AIADMKs Theni MP Ravindranath Kumar
X

രവീന്ദ്രനാഥ് കുമാര്‍

ചെന്നൈ: തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെയുടെ ഏക ലോക്‌സഭാ അംഗവും പുറത്ത്. തേനി എം.പി പി. രവിന്ദ്രനാഥ് കുമാറിനെ അയോഗ്യനാക്കി മദ്രാസ് ഹൈക്കോടതി. സ്ഥാനാർത്ഥി പത്രികാ സമർപ്പണത്തിനിടെ സത്യവാങ്മൂലത്തിൽ വരുമാന വിവരങ്ങൾ മറച്ചുവച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.എസ് സുന്ദർ ആണ് എ.ഐ.എ.ഡി.എം.കെയ്ക്ക് കനത്ത തിരിച്ചടിയാകുന്ന വിധി പ്രസ്താവിച്ചത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിച്ച എ.ഐ.എ.ഡി.എം.കെയുടെ ഏക എം.പിയായിരുന്നു രവീന്ദ്രനാഥ് കുമാർ. പാർട്ടിയിലെ പടലപ്പിണക്കങ്ങളും പിളർപ്പുമെല്ലാമായി സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ നിലനിൽപ്പ് ചോദ്യംചെയ്യപ്പെടുന്നതിനിടെയാണ് കോടതിയിൽനിന്നും കനത്ത തിരിച്ചടി വരുന്നത്.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ഒ. പന്നീർശെൽവത്തിന്റെ മകനാണ് രവീന്ദ്രനാഥ്. അടുത്തിടെ പാർട്ടിവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി എ.ഐ.എ.ഡി.എം.കെ രവീന്ദ്രനാഥിനെ പുറത്താക്കുകയും ചെയ്തിരുന്നു. തേനി മണ്ഡലത്തിൽനിന്നുള്ള വോട്ടറായ പി. മിലാനിയാണ് എം.പിയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് കോടതിയെ സമീപിച്ചത്. രവീന്ദ്രനാഥിന്റെ സത്യവാങ്മൂലത്തിൽ കാർഷിക, ബിസിനസ് വിവരങ്ങൾ മാത്രമാണ് ചേർത്തിട്ടുള്ളത്. സ്വകാര്യ കമ്പനിയിലെ ഡയരക്ടർ പദവിക്ക് ലഭിക്കുന്ന ശമ്പളം വെളിപ്പെടുത്തിയിരുന്നില്ല.

ഇതിനു പുറമെ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്ക് കൈക്കൂലി നൽകിയതായും മിലാനി ആരോപിച്ചിട്ടുണ്ട്. അതേസമയം, ഉത്തരവ് മദ്രാസ് ഹൈക്കോടതി 30 ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. സുപ്രിംകോടതിയിൽ അപ്പീൽ നൽകാനായാണ് കോടതി സമയം അനുവദിച്ചത്.-

Summary: Madras HC nullifies 2019 election win of lone AIADMK MP and OPS son, Ravindranath Kumar

TAGS :

Next Story