'എല്ലാ പ്രതീക്ഷകളും നഷ്ടമായി, ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് ജയിലിൽ മരിക്കുന്നതാണ്'; കോടതിക്ക് മുന്നിൽ കണ്ണീരോടെ നരേഷ് ഗോയല്‍
കാനറ ബാങ്കിൽ നിന്ന് 538 കോടി രൂപയുടെ വായ്പ്പാതട്ടിപ്പ് നടത്തിയ കേസിലാണ് ജെറ്റ് എയർവേയ്സ് സ്ഥാപകനെ അറസ്റ്റ് ചെയ്തത്
മുംബൈ: ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടമായെന്നും ജയിലിൽ മരിക്കുന്നതാണ് നല്ലതെന്നും ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയൽ. മുംബൈയിലെ പ്രത്യേക കോടതിയിലായിരുന്നു നരേഷ് ഗോയൽ വികാരാധീനനായത്. കഴിഞ്ഞ സെപ്തംബറിലാണ് കള്ളപ്പണം വെളുപ്പിക്കൽകേസിലാണ് നരേഷ് ഗോയൽ അറസ്റ്റിലായത്. 74 കാനായ നരേഷ് മുംബൈയിലെ ആർതർ റോഡ് ജയിലിലാണ്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് നരേഷ് കോടതിക്കുമുന്നിൽ കരഞ്ഞത്.
ഇങ്ങനെ ജീവിക്കുന്നതിനും നല്ലത് ജയിലിൽ മരിക്കുന്നതാണെന്ന് ഗോയൽ കോടതിയോട് പറഞ്ഞു. 'തന്റെ ആരോഗ്യ സ്ഥിതി മോശമാണ്..അർബുദ രോഗം ബാധിച്ച ഭാര്യ അനിതയുടെ അവസ്ഥയും മോശമാണ്. ഏക മകളും അസുഖബാധിതയാണ്. ജയിൽ ജീവനക്കാർക്ക് തന്നെ സഹായിക്കാൻ പരിമിതികളുണ്ട്, പരസഹായത്തോടെയേ നിൽക്കാൻ സാധിക്കൂ...'അദ്ദേഹം പറഞ്ഞു.
'മൂത്രമൊഴിക്കുമ്പോൾ കലശലായ വേദനയാണ്. ജെ.ജെ ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ട് കാര്യമില്ല. ആശുപത്രിയിലേക്കുള്ള യാത്ര ബുദ്ധിമുട്ടാണെന്നും മണിക്കൂറുകളോളം ക്യൂവിൽ നിൽക്കണമെന്നും നരേഷ് കൂട്ടിച്ചേർത്തു. ജെ.ജെ ആശുപത്രിയിലേക്ക് അയക്കുന്നതിനേക്കാൾ ജയിലിൽ മരിക്കുന്നതാണ് നല്ലതെന്നും നരേഷ് ഗോയൽ കോടതിയോട് പറഞ്ഞു. നരേഷിന് ആവശ്യമായ ചികിത്സ നൽകാനും മാനസികവും ശാരീരികവുമായ എല്ലാ കാര്യങ്ങൾക്കും കൃത്യമായ പരിചരണം നൽകാനും പ്രത്യേക ജഡ്ജി എം ജി ദേശ്പാണ്ഡെ അഭിഭാഷകരോട് നിര്‍ദേശിച്ചു.
കാനറ ബാങ്കിൽ നിന്ന് 538 കോടി രൂപയുടെ വായ്പ്പാതട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. പണം അനുബന്ധ സ്ഥാപനങ്ങളിക്ക് വകമാറ്റിയെന്ന് തെളിഞ്ഞതിനെതുടർന്നാണ് കേസെടുക്കുന്നത്. വഞ്ചന ക്രിമിനിൽ ഗൂഢാലോചന,ക്രിമിനൽ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് നരേഷ് ഗോയലിനെതിരെ ചുമത്തിയത്.
Adjust Story Font
16