'ലൗ ജിഹാദ്' ഹിന്ദുക്കൾക്കിടയിൽ ഭീതി വിതയ്ക്കാനുള്ള ബി.ജെ.പി ആയുധം-ശിവസേന
'ഹിന്ദുവിനെ ഉണർത്തുക എന്നത് ബി.ജെ.പി അജണ്ടയാണ്. അതിന് സമൂഹത്തിൽ വിദ്വേഷവും വിഭജനവും സൃഷ്ടിക്കരുത്.'
മുംബൈ: ഹിന്ദുക്കൾക്കിടയിൽ ഭീതി വിതച്ച് വോട്ട് കൊയ്യാനുള്ള ബി.ജെ.പി ആയുധമാണ് 'ലൗ ജിഹാദ്' എന്ന് ശിവസേന. സേന ഉദ്ദവ് താക്കറെ വിഭാഗം നേതാവും രാജ്യസഭാ അംഗവുമായ സഞ്ജയ് റാവത്ത് ആണ് ബി.ജെ.പിക്കെതിരെ കടുത്ത വിമർശനം നടത്തിയത്. രാഹുൽ ഗാന്ധിയുടെ വ്യക്തിപ്രഭാവം തുടരുകയാണെങ്കിൽ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഭരണമാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ശിവസേന മുഖപത്രം 'സാംന'യിൽ എഴുതുതുന്ന കോളത്തിലാണ് റാവത്തിന്റെ അഭിപ്രായപ്രകടനം. 'രാമജന്മഭൂമി പ്രശ്‌നം പരിഹരിച്ചു. ഇനി അതു പറഞ്ഞ് വോട്ട് പിടിക്കാനാകില്ല. നരേന്ദ്ര മോദിയും അമിത് ഷായും ഇനി വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പുതിയ വിത്തുകൾ വിതയ്ക്കരുതെന്നും അദ്ദേഹം ലേഖനത്തിൽ ആവശ്യപ്പെട്ടു.
പുതിയൊരു 'ലൗ ജിഹാദ്' വിഷയവുമായി വരുന്നത് അങ്ങനെയാണ്. തെരഞ്ഞെടുപ്പുകൾ ജയിക്കാനാണോ അതോ ഹിന്ദുക്കൾക്കിടയിൽ ഭീതി വിതയ്ക്കാനാണോ ഈ 'ലൗ ജിഹാദ്' ആയുധം ഉപയോഗിക്കുന്നത്? നടി തുനിഷ ശർമയുടെ മരണവും ശ്രദ്ധ വാക്കറുടെ കൊലപാതകവുമൊന്നും 'ലൗ ജിഹാദ്' അല്ല. ഏതു സമുദായത്തിലെയും മതത്തിലെയും പെൺകുട്ടികൾ അതിക്രമങ്ങൾക്കിരയായിക്കൂടാ-സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.
'2023ൽ രാജ്യം ഭയത്തിൽനിന്ന് മോചിതമാകുമെന്നാണ് പ്രതീക്ഷ. മുസ്‌ലിംകൾക്കും ഹിന്ദുക്കൾക്കും ഇടയിൽ വിഭാഗീയത സൃഷ്ടിക്കുന്നത് പുതിയൊരു വിഭജനത്തിലേക്ക് നയിക്കും. ഹിന്ദുവിനെ ഉണർത്തുക എന്നത് ബി.ജെ.പി അജണ്ടയാണ്. അതിന് സമൂഹത്തിൽ വിദ്വേഷവും വിഭജനവും സൃഷ്ടിക്കരുത്. ഇപ്പോഴത്തെ ഭരണാധികാരികൾ പ്രതിപക്ഷ പാർട്ടികളുടെ അവകാശങ്ങളും അസ്തിത്വവും അംഗീകരിക്കാത്തവരാണ്.'
2022 രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് പുതിയൊരു പ്രഭാവം നൽകിയിട്ടുണ്ടെന്നും റാവത്ത് അഭിപ്രായപ്പെട്ടു. ഈ പ്രവണത 2023ലും തുടരുകയാണെങ്കിൽ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ രാജ്യത്ത് രാഷ്ട്രീയമാറ്റങ്ങൾ കാണാം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് അധികാരരാഷ്ട്രീയമാണ്. രാഹുൽ ഗാന്ധിയുടെ യാത്ര വിജയകമാകുകയും ലക്ഷ്യം നേടുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.
Summary: 'Awakening Hindus is the BJP's agenda. 'Love jihad' is a weapon being used to win elections and create fear among Hindus', alleges Shiv Sena (Uddhav Balasaheb Thackeray) leader Sanjay Raut in his weekly column 'Rokhthok' in the Sena mouthpiece 'Saamana'
Adjust Story Font
16