Quantcast

ലഖ്‌നൗ ലക്ഷ്മൺപുരിയാകുന്നു? സൂചനയുമായി യോഗിയുടെ ട്വീറ്റ്; വിവാദം

ലഖ്‌നൗ ലക്ഷ്മൺപുരിയോ ലഖൻപുരിയോ ആക്കണമെന്നത് ബി.ജെ.പി നേതാക്കൾ നിരന്തരം ഉയർത്തുന്ന ആവശ്യമാണ്

MediaOne Logo

Web Desk

  • Published:

    17 May 2022 11:49 AM GMT

ലഖ്‌നൗ ലക്ഷ്മൺപുരിയാകുന്നു? സൂചനയുമായി യോഗിയുടെ ട്വീറ്റ്; വിവാദം
X

ലഖ്‌നൗ: ഉത്തർപ്രദേശിൽ രണ്ടാം ഊഴം ലഭിച്ചതിനു പിന്നാലെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളുടെ പേരുമാറ്റ നടപടികൾ പുനരാരംഭിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ. തലസ്ഥാന നഗരമായ ലഖ്‌നൗവിന്റെ പേരുമാറ്റത്തിന് നീക്കം നടക്കുന്നതായാണ് പുതിയ വാർത്ത. യോഗിയുടെ ഒരു ട്വീറ്റിനു ചുവടുപിടിച്ചാണ് പുതിയ ചർച്ച.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലഖ്‌നൗവിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് യോഗി ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകുന്നത്. ഭഗവാൻ ലക്ഷ്മണിന്റെ പാവനനഗരമായ ലഖ്‌നൗവിലേക്ക് താങ്കൾക്ക് സ്വാഗതം എന്നാണ് ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. ലഖ്‌നൗ പേരുമാറ്റത്തിനുള്ള നീക്കത്തിന്റെ ഭാഗമാണ് ട്വീറ്റെന്നാണ് സമൂഹമാധ്യമങ്ങളിൽ ശക്തമാകുന്ന ചർച്ച.

ലഖ്‌നൗവിന്റെ പേര് ലക്ഷ്മൺപുരി എന്നാക്കാനാണ് ആലോചനയെന്നാണ് പ്രചാരണം. ലഖ്‌നൗ ലക്ഷ്മൺപുരിയോ ലഖൻപുരിയോ ആക്കണമെന്നത് ബി.ജെ.പി നേതാക്കൾ പലപ്പോഴും ഉയർത്തുന്ന ആവശ്യമാണ്. ലക്ഷ്മൺ ടില, ലക്ഷ്മൺപുരി, ലക്ഷ്മൺ പാർക്ക് എന്നിങ്ങനെ നഗരത്തിലെ വിവിധ കേന്ദ്രങ്ങൾക്ക് പുനർനാമകരണം ചെയ്തിട്ടുണ്ട്. ബി.ജെ.പി നഗരത്തിൽ ലക്ഷ്മണന്റെ പേരിലുള്ള വലിയൊരു ക്ഷേത്രത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്.

അടുത്തയാഴ്ചകളിൽ തന്നെ ലഖ്‌നൗവിന്റെ പേരുമാറ്റമുണ്ടാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ, ഇത്തരമൊരു തീരുമാനത്തെക്കുറിച്ച് തങ്ങൾക്ക് ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കഴിഞ്ഞ യോഗി സർക്കാർ കാലത്ത് വിവിധ യു.പി നഗരങ്ങളുടെയും റെയിൽവേ സ്റ്റേഷനുകളുടെയുമെല്ലാം പേരുകൾ യു.പി സർക്കാർ മാറ്റിയിരുന്നു. അലഹബാദ് പ്രയാഗ്‌രാജും ഫൈസാബാദ് അയോധ്യയും ആക്കിയത് ഇതിന്റെ ഭാഗമായിരുന്നു. ഇതിനു പിന്നാലെ സുൽത്താൻപൂർ, അലിഗഢ്, മെയിൻപുരി, സംബാൽ, ഫിറോസാബാദ്, ദയൂബന്ദ് എന്നിവയുടെയെല്ലാം പേരുമാറ്റാൻ മുറവിളികൾ ഉയർന്നിട്ടുണ്ട്.

Summary: Yogi Adityanath's tweet sparks debate of Lucknow's name being changed to Laxmanpuri

TAGS :

Next Story