Quantcast

''80 ശതമാനം ജീവനക്കാരും ഹിന്ദുക്കൾ''; വിശദീകരണവുമായി ലഖ്‌നൗ ലുലു മാൾ

''ബിസിനസിൽ ഒരു തരത്തിലുമുള്ള വിവേചനവുമില്ല. കഴിവും മെറിറ്റും അടിസ്ഥാനമാക്കിയാണ് ജീവനക്കാരെ എടുക്കുന്നത്. അല്ലാതെ ജാതിയുടെയോ മതത്തിന്റെയോ വർഗത്തിന്റെയോ അടിസ്ഥാനത്തിലല്ല.''

MediaOne Logo

Web Desk

  • Published:

    18 July 2022 3:38 PM GMT

80 ശതമാനം ജീവനക്കാരും ഹിന്ദുക്കൾ; വിശദീകരണവുമായി ലഖ്‌നൗ ലുലു മാൾ
X

ലഖ്‌നൗ: ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ വിദ്വേഷപ്രചാരണം നടക്കുന്നതിനിടെ കൂടുതൽ വിശദീകരണവുമായി ലഖ്‌നൗ ലുലു മാൾ അധികൃതർ. മാളിലേക്കുള്ള തൊഴിൽ റിക്രൂട്ട്‌മെന്റിൽ മുസ്‍ലിംകൾക്ക് മുൻഗണന നൽകുന്നതായുള്ള പ്രചാരണം മാൾ അധികൃതർ തള്ളി. നിലവിൽ ഇവിടെയുള്ള 80 ശതമാനം ജീവനക്കാരും ഹിന്ദുക്കളാണെന്ന് ലുലു ലഖ്‌നൗ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.

സ്ഥാപനം തീർത്തും പ്രൊഫഷനലായാണ് പ്രവർത്തിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ''ബിസിനസിൽ ഒരു തരത്തിലുമുള്ള വിവേചനവുമില്ല. കഴിവും മെറിറ്റും അടിസ്ഥാനമാക്കിയാണ് ജീവനക്കാരെ എടുക്കുന്നത്. അല്ലാതെ ജാതിയുടെയോ മതത്തിന്റെയോ വർഗത്തിന്റെയോ അടിസ്ഥാനത്തിലല്ല.''-വിശദീകരണത്തിൽ ചൂണ്ടിക്കാട്ടി.

ഒരു വിഭാഗം സ്വാർത്ഥതാൽപര്യക്കാർ കമ്പനിയെ ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണങ്ങൾ വേദനിപ്പിക്കുന്നതാണെന്നും മാൾ അധികൃതർ പറഞ്ഞു. സ്ഥാപനത്തിലെ 80 ശതമാനം ജീവനക്കാരും ഹിന്ദുക്കളാണ്. ബാക്കി 20 ശതമാനം മുസ്‌ലിം, ക്രിസ്ത്യൻ, മറ്റ് മതവിഭാഗങ്ങളിൽനിന്നുമുള്ളവരാണെന്നും പ്രസ്തവനയിൽ വ്യക്തമാക്കി.

മാളിൽ നമസ്‌കാരം നടന്നതായുള്ള വിവാദത്തിനു പിന്നാലെ ബജ്രങ്ദൾ, കർണിസേന, ഹിന്ദു യുവമഞ്ച്, ഹിന്ദു സമാജ് പാർട്ടി തുടങ്ങിയ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ മാളിനുമുന്നിൽ നടന്നത്. പ്രതിഷേധക്കാർ ഹനുമാൻ ചാലീസ ചൊല്ലുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സംഭവത്തിൽ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധങ്ങൾ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ വൻ സുരക്ഷാ സന്നാഹമാണ് മാളിനുമുൻപിൽ വിന്യസിച്ചിരിക്കുന്നത്. സമീപത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കുകയും ഡ്രോൺ കാമറകൾ അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

വിവാദങ്ങൾക്ക് പിന്നാലെ ഹാളിൽ പ്രാർത്ഥനയ്ക്ക് അനുമതിയില്ലെന്ന ബോർഡ് ലുലു മാൾ അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ, ഹാളിൽ ഏതാനും വിശ്വാസികൾ നമസ്‌കാരം നിർവഹിച്ചതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വിഡിയോ പ്രചരിച്ചതിന് പിന്നാലെ, ഹിന്ദു മഹാസഭ അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ മാളിനെതിരെ രംഗത്തുവന്നിരുന്നു. നമസ്‌കാരം ഇനിയും അനുവദിച്ചാൽ സുന്ദരകാണ്ഡം ചൊല്ലുമെന്നായിരുന്നു സംഘടനകളുടെ ഭീഷണി.

Summary: Lulu Mall in Lucknow administration has in a statement said that 80 per cent of its employees are Hindus

TAGS :

Next Story