Quantcast

ലഖ്‌നൗ ലുലു മാളിൽ നമസ്‌കരിച്ചവർക്ക് ജാമ്യം

ലുലു മാൾ അധികൃതരുടെ പരാതിയിൽ ആറുപേരാണ് അറസ്റ്റിലായിരുന്നത്

MediaOne Logo

Web Desk

  • Published:

    30 July 2022 4:09 AM GMT

ലഖ്‌നൗ ലുലു മാളിൽ നമസ്‌കരിച്ചവർക്ക് ജാമ്യം
X

ലഖ്‌നൗ: ലുലു മാളിൽ നമസ്‌കരിച്ച കേസിൽ അറസ്റ്റിലായ ആറുപേർക്ക് ജാമ്യം. മാളിൽ അനുമതിയില്ലാതെ നമസ്‌കരിച്ചുവെന്ന പരാതിയിൽ പിടിയിലായവർക്കാണ് ലഖ്നൗ എ.സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്.

ലഖ്‌നൗവിലെ ലുലു മാളിന്റെ ഉദ്ഘാടനത്തിനു പിറകെയാണ് നമസ്‌കാര വിവാദങ്ങൾക്ക് തുടക്കംകുറിച്ചത്. ഈ മാസം 12നായിരുന്നു ഒരു സംഘം ആളുകൾ മാളിൽ നമസ്‌കരിച്ചെന്നു കാണിച്ച് ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പിന്നാലെ, മാൾ അധികൃതർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ മുഹമ്മദ് ആദിൽ, മുഹമ്മദ് സഈദ്, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ആതിഫ്, മുഹമ്മദ് റെഹാൻ, മുഹമ്മദ് ലുഖ്മാൻ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.

ഉപാധികളോടെയാണ് എ.സി.ജെ.എം കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. 20,000 രൂപ ആൾജാമ്യത്തുകയായി നൽകണം. ഇതോടൊപ്പം കോടതിയിൽ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണം. തെളിവ് നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും കർശനനിർദേശമുണ്ട്. ഇവരുടെ മൊബൈൻ നമ്പറുകൾ കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരുന്നു ലഖ്നൗ ലുലു മാൾ നാടിനു സമർപ്പിച്ചത്. ഉദ്ഘാടന ചടങ്ങിൽ മുതിർന്ന ബി.ജെ.പി നേതാക്കളും പങ്കെടുത്തിരുന്നു. എന്നാൽ, ലുലു വിവാദത്തിനു പിന്നാലെ പൊതുസ്ഥലത്ത് മതചടങ്ങുകൾ വിലക്കി യോഗി ഉത്തരവിറക്കി. ഇത്തരം സംഭവങ്ങൾ കണ്ടാൽ കർശന നടപടിയെടുക്കണമെന്ന് യോഗി പൊലീസിന് നിർദേശം നൽകുകയും ചെയ്തിരുന്നു.

ലുലു മാളിലെ നമസ്‌കാര കോലാഹലങ്ങൾക്കു പിന്നാലെ മീറത്തിലെ ഒരു മാളിൽ നമസ്‌കാരം നിർവഹിക്കുന്നതിന്റെ വിഡിയോ പങ്കുവച്ചും ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മീറത്തിലെ സൊഹ്റാബ് ഗേറ്റിലുള്ള മാളിൽ ഒരു യുവാവ് നമസ്‌കരിക്കുന്ന ദൃശ്യങ്ങളാണ് ബി.ജെ.പി ഐ.ടി സെൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

Summary: Six accused in Lucknow Lulu mall namaz case get bail

TAGS :

Next Story