ലഖ്‌നോവിൽ സ്‌കൂളിലെ നമസ്‌കാരം; പ്രിൻസിപ്പലിന് സസ്‌പെൻഷൻ
ഗാസിയാബാദിൽ സ്റ്റേജിൽ കയറി ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ച വിദ്യാർഥിയെ ഇറക്കിവിട്ട അധ്യാപികമാരെ സസ്‌പെൻഡ് ചെയ്തു.
ലഖ്‌നോ: സ്‌കൂളിൽ ചില വിദ്യാർഥികൾ നമസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു. താക്കൂർഗഞ്ച് മേഖലയിലെ നേപ്പിയർ റോഡിലുള്ള പ്രൈമറി സ്‌കൂൾ പ്രിൻസിപ്പൽ മീരാ യാദവിനെയാണ് സസ്‌പെൻഡ് ചെയ്തത്. അധ്യാപികമാരായ തെഹ്‌സീൻ ഫാത്തിമക്കും മംമ്ത മിശ്രക്കും കർശന താക്കീതും നൽകി.
വെള്ളിയാഴ്ചയാണ് സംഭവം. പിറ്റേദിവസം ചില ഹിന്ദുത്വ സംഘടനകൾ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ദിനേശ് കത്യാറാണ് അന്വേഷണം നടത്തിയത്. വകുപ്പുതല നിർദേശങ്ങൾക്ക് വിരുദ്ധമായ പ്രവൃത്തിയാണ് സ്‌കൂളിൽ ഉണ്ടായതെന്ന് ജില്ലാ വിദ്യാഭ്യാസവകുപ്പ് മേധാവി അരുൺ കുമാർ വാർത്താ ഏജൻസിയോട് പറഞ്ഞു.
അതിനിടെ ഗാസിയാബാദിൽ സ്റ്റേജിൽ കയറി ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ച വിദ്യാർഥിയെ ഇറക്കിവിട്ട അധ്യാപികമാരെ സസ്‌പെൻഡ് ചെയ്തു. ഗാസിയാബാദ് എ.ബി.ഇ.എസ് എഞ്ചിനീയറിങ് കോളജിലാണ് സംഭവം. ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് അധ്യാപികമാരായ മംമ്ത ഗൗതം, ശ്വേത ശർമ എന്നിവരെ സസ്‌പെൻഡ് ചെയ്തത്.
വെള്ളിയാഴ്ച കോളജിലെ പ്രവേശന ചടങ്ങിനിടെയാണ് വിദ്യാർഥി സ്റ്റേജിലെത്തി മുദ്രാവാക്യം വിളിച്ചത്. അധ്യാപികമാർ വിദ്യാർഥിയോട് സ്‌റ്റേജിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുന്ന വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമിൽ പ്രചരിച്ചതോടെയാണ് ഹിന്ദുത്വ സംഘടനകൾ പ്രതിഷേധിച്ചത്.
Adjust Story Font
16