ഉത്തരാഖണ്ഡില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബിജെപി; മദൻ കൗശിക് പരിഗണനയില്‍
സർക്കാർ രൂപീകരിച്ചതിന് ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് പഠിക്കാൻ സമിതിയെ വെക്കുമെന്ന് ബിജെപി
ഉത്തരാഖണ്ഡിൽ ചരിത്ര വിജയം നേടിയ ബിജെപി, സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ചു. മുഖ്യമന്ത്രി സ്ഥാനാർഥിയായ പുഷ്കർ സിങ് ധാമി പരാജയപ്പെട്ടതിനാൽ ആ സ്ഥാനത്തേക്ക് പുതിയ പേര് സംസ്ഥാന നേതാക്കൾ നിർദേശിക്കും. ബിജെപി കേന്ദ്രകമ്മിറ്റിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സർക്കാർ രൂപീകരിച്ചതിന് ശേഷം ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് നിലവിലെ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.
കോൺഗ്രസുമായി ഇഞ്ചോടിഞ്ച് പൊരുതിയ ശേഷമാണ് കേവല ഭൂരിപക്ഷവും കടന്ന് ഉത്തരാഖണ്ഡിൽ ബിജെപി ചരിത്രം കുറിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് കുറഞ്ഞെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള മാജിക് നമ്പർ ബിജെപി നേടിയെടുത്തു. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പരാജയപ്പെട്ടതോടെ അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നീക്കം പാർട്ടിക്കുള്ളിൽ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക്കിന്‍റെ പേരാണ് ഇതിൽ ഉയർന്ന് കേൾക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ പ്രവർത്തനവും പാർട്ടിയിലെ ആഭ്യന്തര കലഹം പരിഹരിക്കാനായതും മദൻ കൗശിക്കിന് തുണയാകാനാണ് സാധ്യത.
പുഷ്കർ സിങ് ധാമിയുടെ തോൽവി ബിജെപി പരിശോധിക്കും. മുഖ്യമന്ത്രിയെ ബിജെപി കേന്ദ്രകമ്മിറ്റി യോഗം ചേർന്നതിന് ശേഷമാകും തീരുമാനിക്കുക. സർക്കാർ രൂപീകരിച്ചതിന് ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് പഠിക്കാൻ സമിതിയെ വെക്കുമെന്ന് ബിജെപി ആവർത്തിച്ചു.
അതിനിടെ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം പൂർണമായി ഏറ്റെടുത്ത ഹരീഷ് റാവത്ത് പ്രചാരണത്തിലെ പോരായ്മയാണ് എടുത്തു പറയുന്നത്. കൃത്യമായ ഭൂരിപക്ഷം പ്രതീക്ഷിച്ച സംസ്ഥാനത്ത് വോട്ടു ചോർച്ച ഉണ്ടായതെങ്ങനെയെന്ന് കോൺഗ്രസ് വിശദമായി പരിശോധിക്കും. വർക്കിങ് കമ്മിറ്റി ചേർന്ന ശേഷം നേതൃതലത്തിലെ മാറ്റം ഉൾപ്പെടെ ചർച്ചയാകും.
Adjust Story Font
16