ഇഡിക്കെതിരെ ആത്മഹത്യാക്കുറിപ്പ്; മധ്യപ്രദേശിൽ കോൺഗ്രസ് അനുഭാവിയായ വ്യവസായിയും ഭാര്യയും ജീവനൊടുക്കി
ഇഡി ഉദ്യോഗസ്ഥർ ശാരീരികമായും മാനസികവുമായി പീഡിപ്പിച്ചു
ഭോപ്പാല്‍: ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശിൽ കോൺഗ്രസ് അനുഭാവിയായ വ്യവസായിയും ഭാര്യയും ആത്മഹത്യ ചെയ്തു. മനോജ് പർമർ, ഭാര്യ നേഹ പർമർ എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് . ആത്മഹത്യാക്കുറിപ്പിലാണ് ഇഡിക്കെതിരെ പരാമർശം. ഇഡി ഉദ്യോഗസ്ഥർ ശാരീരികമായും മാനസികവുമായി പീഡിപ്പിച്ചു. കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചതുകൊണ്ടാണ് ഇഡി ഉപദ്രവിക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിക്ക് മക്കൾ കുടുക്ക സമ്മാനിച്ചതിനാലാണ് മനോജ് പർമറിനെ ഇഡി ഉപദ്രവിച്ചതെന്ന് കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് ആരോപിച്ചു.
ഡിസംബര്‍ 5ന് മനോജ് പർമറിൻ്റെയും ഭാര്യ നേഹയുടെയും ഇൻഡോറിലും സെഹോറിലുമുള്ള നാല് സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട് 6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് മനോജ് പർമർ അന്വേഷണം നേരിടുകയായിരുന്നു. ഇഡി റെയ്ഡിൽ, സ്ഥാവര ജംഗമ സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകളും മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിലെ 3.5 ലക്ഷം രൂപയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. തൊട്ടുപിന്നാലെ മനോജ് പാർമർ അറസ്റ്റിലാവുകയും അന്നുമുതൽ സമ്മർദത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
Adjust Story Font
16