Quantcast

'ജനങ്ങൾ സർക്കാരിനോട് ഇരന്നുവാങ്ങാൻ ശീലിച്ചിരിക്കുന്നു'; ജനങ്ങളുടെ ആവശ്യങ്ങൾ യാചനയാക്കി ബിജെപി മന്ത്രി

എല്ലാം സൗജന്യമായി ലഭിക്കുന്നത് സമൂഹത്തെ ദുർബലമാക്കും. ഇത്തരം യാചകസംഘം സമൂഹത്തെ ശക്തിപ്പെടുത്തുകയല്ല മറിച്ച് കൂടുതൽ ദുർബലമാക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറ‍ഞ്ഞു.

MediaOne Logo

Web Desk

  • Published:

    2 March 2025 10:16 AM

Madhya Pradesh minister Prahlad Patel’s take on ‘people begging from govt’ stirs row
X

ഭോപ്പാൽ: പൊതുജനങ്ങൾ തങ്ങളുടെ ആവശ്യങ്ങളുന്നയിച്ച് പരാതികളും നിവേദനങ്ങളും നൽകുന്നതിനെ യാചനയോട് ഉപമിച്ച് ബിജെപി നേതാവും മധ്യപ്രദേശ് ഗ്രാമവികസന മന്ത്രിയുമായ പ്രഹ്ലാദ് പട്ടേൽ. രാജ്ഗഡ് ജില്ലയിൽ നടന്ന പ്രതിമ അനാച്ഛാദന ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ഈ യാചകരുടെ സൈന്യത്തിന് ശക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ കേന്ദ്ര മന്ത്രിയായിരുന്നു പ്രഹ്ലാദ് പട്ടേൽ.

ജനങ്ങൾ സർക്കാരിനോട് ഇരക്കുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ്. നേതാക്കൾ എത്തുമ്പോൾ തന്നെ ഒരു കൊട്ട നിറയെ നിവേദനങ്ങളുമായി ആളുകൾ വരികയാണ്. വേദിയിൽവെച്ച് കഴുത്തിൽ മാല അണിയിക്കുന്നതിനൊപ്പം കയ്യിൽ ഒരു നിവേദനവും കൂടി നൽകുന്നതാണ് രീതി. ഇതൊരു നല്ല കീഴ്‌വഴക്കമല്ല. എല്ലാം ചോദിച്ചു വാങ്ങുന്നതിന് പകരം ദാനശീലം വളർത്തിയെടുക്കാൻ ശ്രമിക്കണം. ഇത് നിങ്ങൾക്ക് സന്തോഷം നൽകുന്നതിനൊപ്പം സംസ്‌കാര സമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പട്ടേൽ പറഞ്ഞു.

എല്ലാം സൗജന്യമായി ലഭിക്കുന്നത് സമൂഹത്തെ ദുർബലമാക്കും. ഇത്തരം യാചകസംഘം സമൂഹത്തെ ശക്തിപ്പെടുത്തുകയല്ല മറിച്ച് കൂടുതൽ ദുർബലമാക്കുകയാണ് ചെയ്യുന്നത്. സൗജന്യങ്ങളിൽ ആകൃഷ്ടരാകുന്നത് ധീരരായ വനിതകൾക്ക് ഭൂഷണമല്ല. ഒരു രക്തസാക്ഷി ആരോടെങ്കിലും യാചിച്ചതായി നിങ്ങൾ കേട്ടിട്ടുണ്ടോ? രക്തസാക്ഷികൾ ആദരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ആദർശം അനുസരിച്ച് മറ്റുള്ളവർ ജീവിക്കുമ്പോഴാണെന്നും പട്ടേൽ പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. മന്ത്രി സംസ്ഥാനത്തെ ജനങ്ങളെ അപമാനിച്ചിരിക്കുകയാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജീതു പട്‌വാരി പറഞ്ഞു. പൊതുജനങ്ങളെ യാചകരെന്ന് വിളിക്കുന്ന നിലയിലേക്ക് ബിജെപിയുടെ അഹങ്കാരം വളർന്നിരിക്കുന്നു. കഷ്ടപ്പെടുന്ന ജനങ്ങളെ പരിഹസിക്കുകയും വ്യാജവാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയുമാണ്. ഇത് ജനങ്ങൾ ഓർമപ്പെടുത്തിയാൽ ഒരു നാണവുമില്ലാതെ അവരെ ഭിക്ഷക്കാർ എന്നുവിളിച്ച് അപമാനിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

TAGS :

Next Story