Quantcast

ഷിൻഡെക്കെതിരെ വിവാദ പരാമർശം: കുനാൽ കമ്രയുടെ ഇടക്കാല മുൻ‌കൂർ ജാമ്യം നീട്ടി മദ്രാസ് ഹൈക്കോടതി

മാർച്ച് 28 ന് കോടതി കമ്രയ്ക്ക് ഏപ്രിൽ 7 വരെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    7 April 2025 10:03 AM

ഷിൻഡെക്കെതിരെ വിവാദ പരാമർശം: കുനാൽ കമ്രയുടെ ഇടക്കാല മുൻ‌കൂർ ജാമ്യം നീട്ടി മദ്രാസ് ഹൈക്കോടതി
X

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്കെതിരായ വിവാദ പരാമർശങ്ങളിൽ കൊമേഡിയൻ കുനാൽ കമ്രക്ക് ഇടക്കാല മുൻ‌കൂർ ജാമ്യം നീട്ടി നൽകി മദ്രാസ് ഹൈക്കോടതി. ഏപ്രിൽ 17 വരെയാണ് ജാമ്യം നീട്ടിയത്. മാർച്ച് 28 ന് കോടതി കമ്രയ്ക്ക് ഏപ്രിൽ 7 വരെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

മഹാരാഷ്ട്രയിൽ കമ്രയ്‌ക്കെതിരെ മൂന്ന് പുതിയ എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. അധികൃതർ ശത്രുതാപരമായ പെരുമാറ്റം കാണിച്ചുവെന്നും, പ്രായമായ മാതാപിതാക്കളെ ഉൾപ്പടെ ഉപദ്രവിച്ചുവെന്നും കുനാൽ കോടതിയിൽ ആരോപിച്ചു. മഹാരാഷ്ട്ര പോലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുനാൽ കമ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാണ് ആവശ്യം. ഏപ്രിൽ 5 നാണ് കുനാൽ ഹർജി ഫയൽ ചെയ്തത്.

യുട്യൂബ് വിഡിയോയില്‍ ഹിന്ദി ചലച്ചിത്രമായ 'ദില്‍ തോ പാഗല്‍ ഹേ'യുടെ പാരഡി അവതരണത്തിലൂടെ ഏക്നാഥ് ഷിന്‍ഡെയെ കളിയാക്കുകയും ചതിയന്‍ ആണെന്ന് പരാമര്‍ശിക്കുകയുമായിരുന്നു. ഷിന്‍ഡെയോടു മാപ്പു പറയാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ് അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും കുനാല്‍ അത് തള്ളി. താന്‍ ജനക്കൂട്ടത്തെ ഭയക്കുന്നില്ലെന്നും മാപ്പ് പറയില്ലെന്നും എക്സിലൂടെ അദ്ദേഹം പ്രതികരിച്ചിരുന്നു.

ശിവസേന എംഎൽഎ മുർജി പട്ടേൽ ആണ് കുനാലിനെതിരെ പരാതി നൽകിയത്. മുംബൈ പൊലീസ് കഴിഞ്ഞ ചൊവ്വാഴ്ച കുനാൽ കമ്രക്ക് മൂന്നാമത്തെ സമൻസ് അയച്ചിരുന്നു. വിവാദത്തിന് പിന്നാലെ കുനാൽ കമ്രയുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും ഓൺലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോമായ ബുക്ക് മൈഷോ നീക്കിയിരുന്നു.

TAGS :

Next Story