Quantcast

പാഠ്യപദ്ധതി ചേര്‍ത്ത് മൊബൈൽ ആപ്പ്, സ്വതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള പാഠങ്ങൾ- യു.പിയിൽ മദ്രസാ വിദ്യാഭ്യാസത്തിൽ കൈക്കടത്തലുമായി യോഗി സർക്കാർ

യു.പി ന്യൂനപക്ഷക്ഷേമ മന്ത്രിയും യോഗി മന്ത്രിസഭയിലെ ഏക മുസ്‌ലിമുമായ ദാനിഷ് ആസാദ് അൻസാരിയാണ് പുതിയ നീക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    7 April 2022 2:23 PM GMT

പാഠ്യപദ്ധതി ചേര്‍ത്ത് മൊബൈൽ ആപ്പ്, സ്വതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള പാഠങ്ങൾ- യു.പിയിൽ മദ്രസാ വിദ്യാഭ്യാസത്തിൽ കൈക്കടത്തലുമായി യോഗി സർക്കാർ
X

ലഖ്‌നൗ: ഉത്തർപ്രദേശിലെ മദ്രസകൾ 'ആധുനികവൽക്കരിക്കുക' എന്ന ലക്ഷ്യം മുന്നില്‍നിന്ന് മതപഠനത്തില്‍ ഇടപെടലുമായി യോഗി ആദിത്യനാഥ് സർക്കാർ. മദ്രസാ പാഠ്യപദ്ധതികൾക്കായി പ്രത്യേക ആപ്പ് തയാറാക്കുന്നതടക്കമുള്ള പുതിയ നീക്കമാണ് ഭരണകൂടം ആസൂത്രണം ചെയ്യുന്നത്. സ്വാതന്ത്ര്യ സമരസേനാനികളുടെ ചരിത്രം ഉൾപ്പെടുത്താനെന്ന പേരില്‍ പാഠ്യപദ്ധതിയിലും കൈക്കടത്തലുണ്ടാകും. യു.പി ന്യൂനപക്ഷക്ഷേമ മന്ത്രിയും യോഗി മന്ത്രിസഭയിലെ ഏക മുസ്‌ലിമുമായ ദാനിഷ് ആസാദ് അൻസാരിയാണ് പുതിയ നീക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

ആധുനിക വിദ്യാഭ്യാസത്തിനായി മദ്രസാ പാഠ്യപദ്ധതിയിൽ അടിസ്ഥാനമായുള്ള മൊബൈൽ ആപ്പ് വികസിപ്പിക്കും. സ്വാതന്ത്ര്യ സമരസേനാനികളുടെയും മഹദ് വ്യക്തികളുടെയും ജീവചരിത്രം പഠിപ്പിക്കും. മദ്രസാ വിദ്യാർത്ഥികളെ പൂർണമായി ദേശഭക്തരാക്കും. മുസ്‍ലിം സമുദായത്തിൽനിന്നുള്ള പാവപ്പെട്ട സ്ത്രീകളുടെ വിവാഹത്തിന് യോഗി സർക്കാർ ധനസഹായം നൽകുകയും ചെയ്യും-ദാനിഷ് ആസാദ് അൻസാരി പ്രഖ്യാപിച്ചു.

ന്യൂനപക്ഷകാര്യ മന്ത്രിയുടെ പ്രഖ്യാപനം

യു.പിയിലെ മദ്രസാ പാഠ്യപദ്ധതി കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തിന് അനുസരിച്ചുള്ളതായിരിക്കുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി ധരംപാൽ സിങ് ദിവസങ്ങൾക്കുമുൻപ് സൂചിപ്പിച്ചിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന് അനുസരിച്ചായിരിക്കും മദ്രസകളിലെയും വിദ്യാഭ്യാസം. സംസ്ഥാനത്തെ മദ്രസകളിലെല്ലാം വിദ്യാർത്ഥികളെ ദേശീയതയെക്കുറിച്ച് പഠിപ്പിക്കും. ഭീകരവാദികളെക്കുറിച്ചുള്ള വർത്തമാനങ്ങൾ അവിടെയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

അന്യായമായി കൈയേറിയ വഖഫ് ഭൂസ്വത്തുക്കൾ തിരിച്ചുപിടിക്കുമെന്നും ധരംപാൽ സിങ് സൂചിപ്പിച്ചിട്ടുണ്ട്. കൈയേറപ്പെട്ട കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂസ്വത്തുക്കൾ ബുൾഡോസറുകൾ ഉപയോഗിച്ച് നിരപ്പാക്കും. ഇത്തരത്തിൽ തിരിച്ചുപിടിക്കുന്ന സ്വത്തുക്കൾ ന്യൂനപക്ഷത്തിന്റെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പശുക്കളുടെ സംരക്ഷണത്തിനായി സർക്കാർ പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ മുനിസിപ്പാലിറ്റികളിലും ഗോശാലകൾ സ്ഥാപിക്കും. ഗോശാലകളിലുള്ള പശുക്കളെ പുറത്ത് അലഞ്ഞുതിരിഞ്ഞുനടക്കാൻ അനുവദിക്കില്ലെന്നും ധരംപാൽ സിങ് കൂട്ടിച്ചേർത്തു.

Summary: Education apps, lessons on freedom fighters: Yogi Adityanath government 2.0's new plans for Madrasas in Uttar Pradesh

TAGS :

Next Story