Quantcast

ബി.ജെ.പിക്ക് തിരിച്ചടി; ബിഹാർ വിശ്വാസവോട്ടെടുപ്പിൽ മഹാസഖ്യ സർക്കാറിന് വിജയം

പ്രധാനമന്ത്രി പദവി ലക്ഷ്യമിടുന്നെന്ന ആരോപണം നിഷേധിച്ച് നിതീഷ് കുമാർ

MediaOne Logo

Web Desk

  • Updated:

    2022-08-24 13:03:16.0

Published:

24 Aug 2022 12:42 PM GMT

ബി.ജെ.പിക്ക് തിരിച്ചടി; ബിഹാർ വിശ്വാസവോട്ടെടുപ്പിൽ മഹാസഖ്യ സർക്കാറിന് വിജയം
X

പാറ്റ്‌ന: ബിഹാറിൽ വിശ്വാസവോട്ടെടുപ്പിൽ മഹാസഖ്യ സർക്കാറിന് വിജയം. 243 അംഗ നിയമസഭയിൽ 164 എം.എൽ.എമാരുടെ പിന്തുണയാണ് സർക്കാറിനുള്ളത്. ഇവരിൽ 160 പേരുടെ പിന്തുണ മുൻ ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിന് ലഭിച്ചു. ബി.ജെ.പി സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മഹാസഖ്യം അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെ ബിജെപി അംഗമായ സ്പീക്കർ വിജയ് കുമാർ സിൻഹയും ഇറങ്ങിപ്പോയി. ഇതിനെ തുടർന്ന് ജനതാദളിൽ (യുണൈറ്റഡ്) നിന്നുള്ള ഡെപ്യൂട്ടി സ്പീക്കർ മഹേശ്വര് ഹസാരിയാണ് വിശ്വാസവോട്ടെടുപ്പ് നയിച്ചത്.

അതേസമയം, പ്രധാനമന്ത്രി പദവി ലക്ഷ്യമിടുന്നെന്ന ആരോപണം നിഷേധിച്ച് നിതീഷ് കുമാർ രംഗത്ത് വന്നു. മഹാസഖ്യ സർക്കാറിന്റെ വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ട് ചേർന്ന രണ്ടു ദിവസത്തെ നിയമസഭാ അസംബ്ലിയിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.

'മുന്നണിയിൽ നിന്ന് ഞാൻ പുറത്തുവന്നത് ചിലത് ആകാൻ വേണ്ടിയാണെന്നാണ് പലരും പറയുന്നത്. എന്നാൽ എനിക്കൊന്നുമാകേണ്ട' നിതീഷ് കുമാർ വ്യക്തമാക്കി.

'2020ൽ ഞാൻ മുഖ്യമന്ത്രിയാകാൻ തയ്യാറായിരുന്നില്ല. നിങ്ങളാണ് (ബി.ജെ.പി) കൂടുതൽ സീറ്റിൽ വിജയിച്ചത്, അതിനാൽ മുഖ്യമന്ത്രി നിങ്ങളുടെ പാർട്ടിക്കാരനാകണമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ എന്നെ നിർബന്ധിച്ച് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുപ്പിക്കുകയായിരുന്നു. ഞാൻ ദേശീയ പ്രസിഡൻറാക്കിയ ആൾ... പലതും സംഭവിക്കുന്നുണ്ടെന്ന് എന്റെ അണികൾ പറഞ്ഞു. എന്നാൽ ഞാൻ കേട്ടില്ല' അടുത്തിടെ ജെ.ഡി.യുവിൽ നിന്ന് രാജിവെച്ച ആർ.സി.പി സിംഗിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

അതേസമയം, ഈ കൂട്ടുകെട്ട് ചരിത്രപരമാണെന്നും ഒരിക്കലും അവസാനിക്കാത്ത ഇന്നിംഗ്‌സായിരിക്കുമിതെന്നും ക്രിക്കറ്റർ കൂടിയായ ആർജെഡി തലവൻ തേജസ്വി യാദവ് പറഞ്ഞു. ഒരാളും റണ്ണൗട്ടാകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ നിതീഷിന്റെ രാഷ്ട്രീയ വിശ്വാസ്യത നഷ്ടപ്പെട്ടതായി ബിജെപി നേതാവ് താരാ കിഷോർ പ്രസാദ് കുറ്റപ്പെടുത്തി.

വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനിടെ ബിഹാറിൽ ആർ.ജെ.ഡി നേതാക്കളുടെ വീടുകളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. എം.എൽ.സി സുനിൽ സിങ്, എം.പി അഷ്ഫാഖ് കരീം എന്നിവരുടെ വീടുകളിലാണ് റെയ്ഡ്.ലാലു പ്രസാദ് യാദവിന് എതിരായ റെയിൽവേ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സുനിൽ സിങ്ങിന്റെ വസതിയിൽ റെയ്ഡ്. റെയിൽവേയിൽ ജോലിക്കായി ഭൂമി കോഴയായി നൽകി എന്നതാണ് ആരോപണം.

Maha Sakhya government won the trust vote in Bihar

TAGS :

Next Story