ലോക്‌സഭാ കണക്കിൽ വൻ പ്രതീക്ഷ: നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങി മഹാവികാസ് അഘാഡി
സംസ്ഥാനത്തെ 288ല്‍ 155 മണ്ഡലങ്ങളില്‍ മഹാവികാസ് അഘാഡിക്കാണ് മുന്‍തൂക്കമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. 125 മണ്ഡലങ്ങളിലാണ് മഹായുതിക്ക് ലീഡുള്ളത്.
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആരവം അടങ്ങും മുമ്പെ മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്-ശിവസേന(ഉദ്ധവ്) എൻ.സി.പി(ശരത് പവാര്‍) സഖ്യമായ മഹാവികാസ് അഘാഡിയും ബി.ജെ.പി-ശിവസേന(ഷിൻഡെ) എൻ.സി.പി(അജിത് പവാർ) സഖ്യമായ മഹായുതിയും.
സംസ്ഥാനത്തെ 288ല്‍ 155 മണ്ഡലങ്ങളില്‍ മഹാവികാസ് അഘാഡിക്കാണ് മുന്‍തൂക്കമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. 125 മണ്ഡലങ്ങളിലാണ് മഹായുതിക്ക് ലീഡുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ വിലയിരുത്തിയാണ് ഇങ്ങനെയൊരു നിഗമനം.
സീറ്റ് വിഭജന ചർച്ചയ്ക്ക് മുന്നോടിയായി തന്നെ സാധ്യതാ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള തയ്യാറെടുപ്പുകളും ഇരു മുന്നണികളും ആരംഭിച്ചിട്ടുണ്ട്. ട്രെന്‍ഡ് അനുസരിച്ച് സീറ്റ് പങ്കിടല്‍ പൂര്‍ത്തിയാക്കുമെന്നാണ് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ വ്യക്തമാക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 21 സീറ്റുകളിൽ മത്സരിച്ച ശിവസേന താക്കറെ വിഭാഗം ഒമ്പത് സീറ്റുകളിൽ വിജയിച്ചു. മത്സരിച്ച 17ൽ 13ലും കോൺഗ്രസ് വിജയിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥി വിശാൽ പാട്ടീൽ വിജയിച്ചതിന് പിന്നാലെ കോൺഗ്രസിനെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി 10 സീറ്റുകളിൽ മത്സരിക്കുകയും എട്ട് സീറ്റുകളിൽ വിജയിക്കുകയും ചെയ്തു. ഈ കണക്ക് നോക്കുകയാണെങ്കിൽ സ്‌ട്രൈക്ക് റൈറ്റ് കുറവ് ശിവസേനക്കാണ്. ഇക്കാര്യം അവർ സജീവമായിത്തന്നെ വിലയിരുത്തുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടപ്പിലെ പ്രകടനത്തില്‍ വന്‍ ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നത്. “നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് ഞങ്ങൾ തയ്യാറാണെന്നും വലുപ്പ-ചെറുപ്പമില്ലാതെ ഒരേ മനസോടെയാണ് ഇവിടെയും മത്സരത്തിന് ഇറങ്ങുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ വ്യക്തമാക്കിയത്.
അതേസമയം സംസ്ഥാനം 'വീണുപോയതിന്റെ' അങ്കലാപ്പിലാണ് മഹായുതി സഖ്യം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ മത്സരിച്ച ബി.ജെ.പിക്ക് ഒമ്പത് സീറ്റുകളിലെ ജയിക്കാനായുള്ളൂ. ശിവസേന (ഏകനാഥ് ഷിൻഡെ) മത്സരിച്ച 15ൽ ഏഴും നേടിയപ്പോള്‍ അജിത് പവാറിന്റെ എൻ.സി.പിക്കാണ് ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റ്. മത്സരിച്ച നാലെണ്ണത്തില്‍ ജയിക്കാനായത് ഒരെണ്ണം മത്രം. 3.6 ശതമാനമാണ് അവര്‍ക്ക് ലഭിച്ച വോട്ട് ഷെയര്‍.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു തിരിച്ചടി സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മഹാരാഷ്ട്രയിലെ ജനങ്ങളുടെ വിശ്വാസം എങ്ങനെ വീണ്ടെടുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.
അതേസമയം നിലവിലെ സഖ്യം ഇങ്ങനെതന്നെ തുടരുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പറയാറായിട്ടില്ല. അജിത് പവാര്‍ പക്ഷത്തെ ചില എം.എല്‍.എമാര്‍ ശരത് പവാര്‍ ക്യാമ്പിലേക്ക് മടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാല്‍ പുറമെക്ക് ഐക്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ശിവസേന ഉദ്ധവ് പക്ഷം മഹാവികാസ് അഘാഡിയില്‍ ഉറച്ചുനില്‍ക്കുമോ എന്നും ഉറപ്പില്ല. ബി.ജെ.പി ഏതായാലും കുളം കലക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്. ഈ വർഷമാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ്.
Adjust Story Font
16