Quantcast

മഹാരാഷ്ട്രയിലെ സ്റ്റീൽ ഫാക്ടറിയിൽ സംഘർഷം; 19 പൊലീസുകാർക്ക് പരിക്ക്

സംഭവവുമായി ബന്ധപ്പെട്ട് 27 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൽഗാർ ജില്ലയിലെ വ്യവസായ മേഖലയായ ബോയ്‌സാർ നഗരത്തിലെ ഫാക്ടറിയിലാണ് ശനിയാഴ്ച സംഘർഷമുണ്ടായത്.

MediaOne Logo

Web Desk

  • Published:

    8 May 2022 12:23 PM GMT

മഹാരാഷ്ട്രയിലെ സ്റ്റീൽ ഫാക്ടറിയിൽ സംഘർഷം; 19 പൊലീസുകാർക്ക് പരിക്ക്
X

പൽഗാർ: മഹാരാഷ്ട്രയിലെ സ്റ്റീൽ ഫാക്ടറിയിൽ സംഘർഷം തടയാനെത്തിയ പൊലീസുകാർക്ക് നേരെ ലേബർ യൂണിയൻ അംഗങ്ങളുടെ ആക്രമണം. 19 പൊലീസുകാർക്ക് പരിക്കേറ്റു. 12 പൊലീസ് വാഹനങ്ങൾ അക്രമികൾ നശിപ്പിച്ചു. തൊഴിലാളികളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് യൂണിയൻ അംഗങ്ങൾ പൊലീസിനെയും ആക്രമിച്ചത്. നൂറിലേറെ വരുന്ന യൂണിയൻ അംഗങ്ങളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് 27 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൽഗാർ ജില്ലയിലെ വ്യവസായ മേഖലയായ ബോയ്‌സാർ നഗരത്തിലെ ഫാക്ടറിയിലാണ് ശനിയാഴ്ച സംഘർഷമുണ്ടായത്. പ്രദേശത്ത് വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ആശങ്കാജനകമായ സാഹചര്യമാണ് നിലനിൽക്കുന്നതെങ്കിലും ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറഞ്ഞു.

ലേബർ യൂണിയനുമായി ബന്ധപ്പെട്ട് ഏറെക്കാലമായി കമ്പനിയിൽ ചില പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഫാക്ടറിയിൽ അതിക്രമിച്ചുകയറിയ യൂണിയൻ അംഗങ്ങൾ തൊഴിലാളികളെ മർദിക്കുകയും കമ്പനി കൊള്ളയടിക്കുകയുമായിരുന്നു.

സംഘർഷാവസ്ഥയെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനെ ആൾക്കൂട്ടം കല്ലെറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 27 പേരെ അറസ്റ്റ് ചെയ്ത പൊലീസ് വധശ്രമം, കലാപമുണ്ടാക്കൽ, ക്രിമിനൽ ഗുഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

TAGS :

Next Story