മഹാരാഷ്ട്ര നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും; ഷിന്‍ഡെയ്ക്കും വിമതര്‍ക്കും കടമ്പകളേറെ
നിയമസഭാ സമ്മേളത്തിൽ ആദ്യ ദിനം തന്നെ ശിവസേനയും ബി.ജെ.പിയും മുഖാമുഖം മത്സരിക്കുകയാണ്
മുംബൈ: ഉദ്വേഗജനകമായ രാഷ്ട്രീയ നാടകങ്ങള്‍ തുടരവേ മഹാരാഷ്ട്രയിൽ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. സ്പീക്കർ തെരഞ്ഞെടുപ്പാണ് ഇന്നത്തെ പ്രധാന അജണ്ട. അതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ ശിവസേനയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ തങ്ങളാണ് യഥാര്‍ഥ ശിവസേന എന്നാണ് ഷിന്‍ഡെ അവകാശപ്പെടുന്നത്. പക്ഷേ നിയമപരമായി അംഗീകാരം നേടിയെടുക്കാൻ നിരവധി കടമ്പകൾ ഷിൻഡെയ്ക്ക് കടക്കേണ്ടതുണ്ട്.
നിയമസഭാ സമ്മേളത്തിൽ ആദ്യ ദിനം തന്നെ ശിവസേനയും ബി.ജെ.പിയും മുഖാമുഖം മത്സരിക്കുകയാണ്. ബി.ജെ.പിയിലെ രാഹുൽ നർവേകറും ശിവസേനയിലെ രാജൻ സാൽവിയുമാണ് സ്പീക്കർ കസേരയ്ക്കായി അങ്കത്തിനിറങ്ങുന്നത്. പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും സ്പീക്കർ തെരെഞ്ഞെടുപ്പിൽ വിപ് ഷിൻഡെയ്ക്കും ബാധകമാണ്. വിപ് ലംഘിച്ചു വോട്ട് ചെയ്‌താൽ നിയമസഭയിൽ അയോഗ്യത കുരുക്കിലേക്കു ഷിൻഡെയെ വലിച്ചിടാനുള്ള ശിവസേനയുടെ നീക്കം കൂടിയാണ് പുറത്താക്കൽ.ഭൂരിപക്ഷമുള്ളതിനാൽ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാർഥിക്കാണ് ജയസാധ്യത കൂടുതല്‍. എന്നാല്‍ അയോഗ്യതയുടെ വാൾ വിമത എംഎൽഎമാരുടെ തലയ്ക്കു മുകളിലുണ്ട്. വിമത ശിവസേന എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ശിവസേനയുടെ ഹർജി സുപ്രിംകോടതി ഈ മാസം പതിനൊന്നാം തിയ്യതി പരിഗണിക്കും. അന്തിമ തീർപ്പ് കോടതിയുടേതായിരിക്കും.
ഒളിവ് ജീവിതത്തിനു ശേഷം വിമത എം.എൽ.എമാർ മഹാരാഷ്ട്രയിലെത്തി. ജൂൺ 20 മഹാരാഷ്ട്രയിൽ നിന്നും അപ്രത്യക്ഷരായ വിമതര്‍ ഇന്നലെയാണ് തിരിച്ചെത്തിയത്. ഗുജറാത്തിലെ സൂറത്തിലേക്ക് കടന്ന വിമതരെ പിന്നീട് അസമിലെ ഗുവാഹത്തിയിലെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമ്പോള്‍ ഗോവയിലായിരുന്നു വിമതര്‍.
Adjust Story Font
16