മഹാരാഷ്ട്ര നിയമസഭാ ഫലം; തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഇടപെടൽ സംശയാസ്പദമെന്ന് രാഹുൽ ഗാന്ധി
ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം 112 സീറ്റുകളിൽ 72 ലക്ഷം പുതിയ വോട്ടർമാരെ കൂട്ടിച്ചേർത്തു. 108 ഇടത്തും വിജയിച്ചത് ബിജെപി
ബെംഗളൂരു: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ സംശയാസ്പദമെന്ന് രാഹുൽ ഗാന്ധി എംപി. ബെലഗാവിയിൽ നടന്ന വിശാല പ്രവർത്തക സമിതിയിലാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപടിയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 112 നിയമസഭാ സീറ്റുകളിൽ 72 ലക്ഷം പുതിയ വോട്ടർമാരെയാണ് ചേർത്തത്. ഇതിൽ 108 സീറ്റുകളിലും ബിജെപിയാണ് ജയിച്ചത്. എവിടെയോ എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്ന് രാഹുൽ സംശയം പ്രകടിപ്പിച്ചു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പൊരുത്തക്കേടെന്ന് ആരോപിച്ച് കോൺഗ്രസ് നവംബറിൽ കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ പോൾ ചെയ്തത് 64,088,195 വോട്ടുകളാണ്. എന്നാൽ, എണ്ണിയ ആകെ വോട്ടുകൾ 64,592,508 ആണ്. മൊത്തം വോട്ടിനെക്കാൾ 5,04,313 വോട്ടുകൾ അധികമാണിത്. ഫലത്തിൽ ക്രമക്കേട് ആരോപിച്ചാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്.
ഇതിനിടെ പാർട്ടിയുടെ സംഘടനാനേതൃതലത്തിൽ കാര്യമായ അഴിച്ചുപണിക്ക് സാധ്യത ഉയരുന്നു. ഹിന്ദി ഹൃദയ ഭൂമിയിൽ പാർട്ടിയെ തിരിച്ച് കൊണ്ട് വരാനായി ഹിന്ദി ബെൽറ്റിൽ നിന്ന് മുതിർന്ന നേതാക്കൾക്ക് സുപ്രധാന ചുമതല നൽകും. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ചുമതല ഹിന്ദി ബെൽറ്റിൽ നിന്നുള്ള നേതാക്കൾക്ക് നൽകും. ഡൽഹിക്കും,ബീഹാറിനും പ്രത്യേക പദ്ധതിയാണ് പാർട്ടി ആവിഷ്ക്കരിക്കുന്നത്.
ജനറൽ സെക്രട്ടറി പദത്തിലേക്ക് പാർട്ടി കൂടുതലാളുകളെ പരിഗണിക്കുന്നെന്നും ഊഹാപോഹങ്ങളുണ്ട്. കേരളത്തിനും പ്രത്യേക കർമ്മ പദ്ധതി ആവിഷ്കരിക്കാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് തയ്യാറെടുപ്പ് തുടങ്ങും. ദളിത്,ഒബിസി വിഭാഗങ്ങളിൽ നിന്ന് കൂടുതൽ നേതാക്കളെ നേതൃപദവിയിലേക്ക് എത്തിക്കും.
Adjust Story Font
16