വ്യാജ രേഖകളുണ്ടാക്കി ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത നാല് ബംഗ്ലാദേശികൾ മുംബൈയിൽ അറസ്റ്റിൽ
വർഷങ്ങളായി ഇവർ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുകയായിരുന്നുവെന്ന് എ.ടി.എസ്
മുംബൈ: വ്യാജ രേഖകളുമായി മുംബൈയിൽ താമസിച്ച നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ. ഇവർ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതായും റിപ്പോർട്ട്. റിയാസ് ഹുസൈൻ ഷെയ്ഖ് (33), സുൽത്താൻ സിദ്ദിഖ് ഷെയ്ഖ് (54), ഇബ്രാഹിം ഷഫിയുള്ള ഷെയ്ഖ് (44), ഫാറൂഖ് ഉസ്മാൻഗനി ഷെയ്ഖ് (39) എന്നിവരെയാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൻ്റെ (എ.ടി.എസ്) ജുഹു യൂണിറ്റ് പിടികൂടിയത്.
വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെത്തിയ ബംഗ്ലാദേശികൾ സൂറത്തിലെ വിലാസം ഉപയോഗിച്ചാണ് ഇന്ത്യൻ പാസ്‌പോർട്ടുകൾ നേടിയത്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്നു.
ഇവർക്ക് പുറമെ നഗരത്തിൽ അനധികൃതമായി താമസിക്കുന്ന അഞ്ച് ബംഗ്ലാദേശികളെ കൂടി എ.ടി.എസ് തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു, അവരിൽ ഒരാൾ സൗദി അറേബ്യയിൽ ജോലി ചെയ്യുകയാണ്.
അറസ്റ്റിലായവർ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. നാല് പ്രതികളെയും ചൊവ്വാഴ്ച മസ്ഗാവ് കോടതിയിൽ ഹാജരാക്കി. ഇവരിൽ മൂന്നുപേരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.നാലാമനെ ജൂൺ 14 വരെ എടിഎസ് കസ്റ്റഡിയിൽ വിട്ടു.
Adjust Story Font
16