മഹാരാഷ്ട്രാ ബിജെപി അധ്യക്ഷന്റെ മകന്റെ ആഡംബര കാറില്‍ നടുറോഡില്‍ പരാക്രമം; നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു
മകന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഔഡി കാറാണ് അപകടം സൃഷ്ടിച്ചതെന്ന് മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെ സമ്മതിച്ചിട്ടുണ്ട്
മുംബൈ: നടുറോഡില്‍ ആഡംബര കാറില്‍ മഹാരാഷ്ട്രാ ബിജെപി അധ്യക്ഷന്റെ മകന്റെയും സുഹൃത്തുക്കളുടെയും 'വിളയാട്ടം'. ചന്ദ്രശേഖർ ബവൻകുലെയുടെ മകൻ സങ്കേത് ബവൻകുലെയുടെ ഔഡി കാറാണ് നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് വന്‍ അപകടം സൃഷ്ടിച്ചത്. സംഭവത്തിനു പിന്നാലെ സങ്കേത് ഒളിവിലാണ്. കാറിലുണ്ടായിരുന്ന രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്.
ഇന്നലെ പുലർച്ചെ ഒരു മണിയോടെ നാഗ്പൂരിലെ രാംദാസ്‌പേട്ടിലാണു സംഭവം. ധരംപേട്ടിലെ ബാറിൽനിന്നു മടങ്ങുംവഴിയായിരുന്നു അമിതവേഗത്തിലെത്തിയ കാർ അപകടമുണ്ടായത്. ആദ്യം ഒരു മണിയോടെ ജിതേന്ദ്ര സോൻകാംബ്ലേ എന്നയാളുടെ കാറിലാണ് ഇടിച്ചത്. ഇതിനുശേഷം നിർത്താതെ പോയ കാർ ഒരു സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ചു. ഇതിൽ സ്‌കൂട്ടറിൽ യാത്ര ചെയ്ത രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിനുശേഷവും നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചാണു കാർ മുന്നോട്ടുപോയത്. ഒടുവിൽ ടി പോയിന്റിൽ പോളോ കാറുമായി ഇടിക്കുകയും ഇതിലെ യാത്രക്കാർ ഔഡിയെ പിന്തുടർന്ന് തടഞ്ഞുനിർത്തുകയുമായിരുന്നു. പിന്നാലെ സങ്കേത് ബവൻകുലെ കാറിൽനിന്ന് ഇറങ്ങിയോടി. എന്നാൽ, കാർ ഓടിച്ചിരുന്ന അർജുൻ ഹൗറെ, യാത്രക്കാരനായ റോണിത് ചിറ്റാംവർ എന്നിവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.
ഇവരെ ചോദ്യംചെയ്തപ്പോഴാണ് ബവൻകുലെയുടേതാണ് കാറെന്നു വ്യക്തമായത്. മദ്യലഹരിയിലാണ് കാർ ഓടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ രക്ത സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
മകന്റെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനം തന്നെയാണ് അപകടം സൃഷ്ടിച്ചതെന്ന് ബിജെപി നേതാവും സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദവും പക്ഷപാതരഹിതവുമായ അന്വേഷണം നടക്കണം. കുറ്റക്കാരെന്നു കണ്ടെത്തിയവർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണം. ഒരു പൊലീസ് ഉദ്യോഗസ്ഥരെയും താൻ വിളിച്ചിട്ടില്ലെന്നും നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്നും ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.
Summary: Maharashtra BJP chief Chandrashekhar Bawankule's son's Audi hits several vehicles in Nagpur, driver arrested
Adjust Story Font
16