മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു; ഫഡ്നാവിസിന്റെ വലംകൈയായ നേതാവ് എൻസിപിയിൽ
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ബിജെപിക്ക് കനത്ത ആഘാതമേകുന്നതാണ് നേതാവിന്റെ നീക്കം.
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പോടെ മഹാരാഷ്ട്രയിൽ ബിജെപി നേരിട്ടുവരുന്ന തിരിച്ചടി തുടരുന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വലംകൈയായ നേതാവ് മുൻ മുഖ്യമന്ത്രി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നു. കോലാപ്പൂർ ബിജെപി മുൻ ജില്ലാ പ്രസിഡന്റ് സമർജിത് സിങ് ഘട്ഗെയാണ് പാർട്ടി വിട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ബിജെപിക്ക് കനത്ത ആഘാതമേകുന്നതാണ് ഘട്ഗെയുടെ നീക്കം. ഭരണമുന്നണിയായ മഹായുതി അഘാഡി സഖ്യത്തിലെ സീറ്റ് വിഭജന തർക്കത്തിനു പിന്നാലെയാണ് സമർജിത്‌സിങ് എൻസിപിയിലേക്ക് ചേക്കേറിയത്. ഛത്രപതി ഷാഹു സഹകരണ പഞ്ചസാര ഫാക്ടറിയുടെ ചെയർമാനായ ഇദ്ദേഹം കോലാപ്പൂർ രാജകുടുംബത്തിലെ അംഗവുമാണ്.
കർണാടക അതിർത്തിയിലെ കഗൽ നിയമസഭാ സീറ്റിൽ ജനവിധി തേടണം എന്നായിരുന്നു ഘട്ഗെയുടെ ആഗ്രഹം. ഇതിനുള്ള തയാറെടുപ്പുകളും തുടങ്ങിയിരുന്നു. മണ്ഡലം എൻസിപിക്ക് അനുകൂലമായേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഘട്ഗെ പാർട്ടി വിടാൻ തീരുമാനിച്ചത്. ഇനി എൻസിപി ടിക്കറ്റിൽ കഗലിൽ നിന്നുതന്നെ ഘട്ഗെ മത്സരിക്കും. എംഎൽഎ ആയാൽ അദ്ദേഹത്തിന് കാര്യമായ ചുമതലകൾ നൽകുമെന്ന് ശരദ് പവാർ വ്യക്തമാക്കി.
എൻസിപിയിൽ നിന്ന് കൂറുമാറി, അജിത് പവാറിനൊപ്പം ബിജെപിയുടെ ഭാഗമാവുകയും പിന്നീട് വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്ത ഹസൻ മുഷ്രിഫ് ആണ് ഇവിടുത്തെ എംഎൽഎ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മുഷ്രിഫ് തന്നെയാകും ഘട്ഗെയുടെ എതിരാളി. 2019ൽ മുഷ്രിഫിനെതിരെ ഘഡ്കെ സ്വതന്ത്രനായി മത്സരിച്ചിരുന്നെങ്കിലും തോൽക്കുകയായിരുന്നു.
നേരത്തെ, ജൂണിൽ മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൂര്യകാന്താ പാട്ടീൽ പാർട്ടിവിട്ട് ശരദ് പവാർ വിഭാഗം എൻസിപിയിൽ ചേർന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നു പാർട്ടിയുമായി അകൽച്ചയിലായിരുന്നു സൂര്യകാന്ത. 'കഴിഞ്ഞ 10 വർഷത്തിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചു' എന്നാണ് പാർട്ടി വിട്ട ശേഷം പാട്ടീൽ പ്രതികരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വമ്പൻ പരാജയത്തിന് പിന്നാലെയായിരുന്നു സൂര്യകാന്താ പാട്ടീൽ പാർട്ടി വിട്ടത്.
യുപിഎ സർക്കാരിൽ ഗ്രാമവികസന, പാർലമെന്‍ററികാര്യ സഹമന്ത്രിയായിരുന്നു സൂര്യകാന്താ. നാലു തവണ എംപിയും ഒരു തവണ എംഎൽഎയുമായിട്ടുണ്ട്. ആദ്യം കോൺഗ്രസിലും പിന്നീട് എൻസിപിയിലും പ്രവർത്തിച്ച ശേഷം 2014ലാണ് സൂര്യകാന്താ ബിജെപിയിൽ ചേർന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹിങ്കോളി ലോക്സഭാ മണ്ഡലത്തിൽ പാർട്ടി സീറ്റ് നിഷേധിച്ചതോടെ സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്യമായി സൂര്യകാന്ത പാട്ടീൽ പ്രതിഷേധമറിയിച്ചിരുന്നു.
അതേസമയം, മഹാരാഷ്ട്ര മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഹർഷ്‌വർധൻ പാട്ടീലും പാർട്ടി വിട്ട് എൻസിപിയിൽ ചേരുമെന്ന സൂചനയുണ്ട്. എൻ.സി.പി തലവൻ ശരത് പവാറുമായി പാട്ടീൽ കഴിഞ്ഞമാസം രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. പൂനെയിലെ മഞ്ജരിയിലാണ് പാട്ടീലും പവാറും തമ്മിൽ കൂടിക്കാഴ്ച നടന്നത്. നാഷനൽ ഫെഡറേഷൻ ഓഫ് കോപറേറ്റീവ് ഷുഗർ ഫാക്ടറീസ് അധ്യക്ഷൻ കൂടിയായ പാട്ടീൽ, പവാറുമായി അടച്ചിട്ട മുറിയിൽ രണ്ടര മണിക്കൂറിലേറെ നേരമാണ് ചർച്ച നടത്തിയത്. ഇതിനു പിന്നാലെ പാട്ടീൽ ബിജെപി വിടുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഈ വാർത്തകൾ ശരിവയ്ക്കുന്ന പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. 'ഞങ്ങളുടെ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സമർജീത്‌സിൻഹ് ഘാട്‌ഗെ, ഹർഷ് വർധൻ പാട്ടീൽ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ശരദ് പവാർ പക്ഷ എൻസിപിയുമായി യോജിച്ചു പ്രവർത്തിക്കാനാണ് അവരുടെ തീരുമാനം. അതിൽനിന്ന് പിന്തിരിപ്പിക്കാനായില്ല. ശരദ് പവാർ അധികാര രാഷ്ടീയം ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങൾക്ക് മുന്നിൽ ഞങ്ങൾ നിസ്സഹായരാണ്''- എന്നായിരുന്നു ബവൻകുലെ പറഞ്ഞത്. ഇതോടെ, ഘാട്ഗെയ്ക്കു പിന്നാലെ പാട്ടീലും ബിജെപി വിടുമെന്ന് ഉറപ്പായി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ മഹായുതി സഖ്യത്തിൽ അനൈക്യം പുകയുന്നത് ബിജെപിക്ക് കനത്ത തലവേദനയുണ്ടാക്കുന്നതിനിടെയാണ് പ്രധാന നേതാക്കൾ പാർട്ടി വിടുന്നത്. 21 മണ്ഡലങ്ങളിൽ എൻസിപി സഖ്യവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സമ്മതിച്ചു. അജിത് പവാറുമായി യോജിക്കാനുള്ള നീക്കം ബിജെപിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് ഒരു മുതിർന്ന നേതാവും പ്രതികരിച്ചു.
ഈ സഖ്യം പാർട്ടിക്ക് സൃഷ്ടിക്കുന്ന നഷ്ടം നേതൃത്വം തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വൻ തിരിച്ചടിയേറ്റ സംസ്ഥാനങ്ങളിൽ ഒന്നാണ് മഹാരാഷ്ട്ര. ആകെയുള്ള 48ൽ 17 സീറ്റിൽ മാത്രമാണ് ബിജെപി-ഷിൻഡെ വിഭാഗം ശിവസേന-അജിത് പവാർ എൻസിപി കക്ഷികളുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് വിജയിക്കാനായത്. 31 സീറ്റ് നേടിയാണ് പ്രതിപക്ഷമായ മഹാവികാസ് അഘാഡി ഞെട്ടിച്ചത്.
Adjust Story Font
16