Quantcast

'പള്ളിയിൽ കയറി മുസ്‌ലിംകളെ കൊല്ലും'; കൊലവിളിയുമായി ബിജെപി എംഎൽഎ

പ്രവാചകനെതിരെ അധിക്ഷേപ പരാമർശം നടത്തിയ രാമഗിരി മഹാരാജിനെ പിന്തുണച്ച് നടന്ന പരിപാടിയിലായിരുന്നു ഇയാളുടെ വിവാദ പരാമർശം.

MediaOne Logo

Web Desk

  • Updated:

    2024-09-02 08:26:34.0

Published:

2 Sep 2024 8:25 AM GMT

Maharashtra BJP leader Threatens to invade mosques, kill people
X

മുംബൈ: മുസ്‌ലിംകൾക്കെതിരെ കൊലവിളിയുമായി ബിജെപി എംഎൽഎ. മഹാരാഷ്ട്രയിലെ വിവാദ ബിജെപി എംഎൽഎ നിതേഷ് റാണയാണ് പ്രകോപന പരാമർശങ്ങളുമായി രം​ഗത്തെത്തിയത്. പള്ളിയിൽ കയറി മുസ്‌ലിംകളെ കൊല്ലുമെന്നാണ് നിതേഷ് റാണയുടെ ഭീഷണി. പ്രവാചകനെതിരെ അധിക്ഷേപ പരാമർശം നടത്തിയ രാമഗിരി മഹാരാജിനെ പിന്തുണച്ച് അഹമ്മദ്നഗറിൽ നടന്ന സകാൽ ഹിന്ദു സമാജ് റാലിയുടെ വേദിയിലായിരുന്നു റാണെയുടെ വിവാദ പരാമർശം.

'ഞങ്ങളുടെ മഹാരാജിനെതിരെ രം​ഗത്തുവന്നാൽ നിങ്ങളുടെ പള്ളികളിൽ കയറി മുസ്‌ലിംകളെ കൊല്ലും'- റാണെ ഭീഷണിപ്പെടുത്തി. അഹമ്മദ്‌നഗർ ജില്ലയിലെ ശ്രീരാംപൂരിലെയും തോപ്‌ഖാനയിലെയും നടന്ന പരിപാടികളിലാണ് ഇയാൾ പ്രകോപന പരാമർശങ്ങൾ നടത്തിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്. വിദ്വേഷ പരാമർശങ്ങൾ ഇവർ കൈയടികളോടെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയിൽ കാണാം. ഇതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി അഹ്മദ്ന​ഗർ പൊലീസ് പറഞ്ഞു. നേരത്തെയും വിവിധ വിദ്വേഷ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനാണ് നിതേഷ് റാണെ.

ആഗസ്റ്റ് 15ന് നാസിക് ജില്ലയിലെ സിന്നാർ താലൂക്കിലെ ഷാ പഞ്ചാലെ ഗ്രാമത്തിൽ നടന്ന ഒരു മതചടങ്ങിനിടെയായിരുന്നു അഹമ്മദ്‌നഗർ ജില്ലയിലെ ശ്രീരാംപൂർ സദ്ഗുരു ഗംഗാഗിരി മഹാരാജ് വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. ഇതിൻ്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

തുടർന്ന് നൂറുകണക്കിന് പേർ തടിച്ചുകൂടിയതിനെ തുടർന്ന് ഛത്രപതി സംഭാജിനഗർ, അഹമ്മദ്‌നഗർ, നാസിക് ജില്ലകളിൽ രണ്ട് വിഭാ​ഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. നിയമവിരുദ്ധമായ സംഘം ചേരൽ, കലാപം, കൊലപാതകശ്രമം എന്നീ വകുപ്പുകൾ ചുമത്തി 20 പേരെ അറസ്റ്റ് ചെയ്യുകയും ആറ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായും പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായും പൊലീസ് വ്യക്തമാക്കി.

വിദ്വേഷ- പ്രവാചക അധിക്ഷേപ പ്രസം​ഗത്തിൽ ഇയാൾക്കെതിരെ പൊലീസ് വിവിധയിടങ്ങളിലായി അ‍ഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. മുംബൈയിലെ ബാന്ദ്ര, നിർമൽ ന​ഗർ, മഹിം, പൈഥോനി പൊലീസ് സ്റ്റേഷനുകളിലും താനെ ജില്ലയിലെ മുംബ്ര പൊലീസ് സ്റ്റേഷനിലുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയതിനും സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനും സാമൂഹിക സമാധാനം തകർത്തതിനുമായിരുന്നു കേസുകൾ.

ഇതിനു പിന്നാലെയാണ്, ഇയാൾക്ക് പിന്തുണയറിയിച്ച് ഹിന്ദുത്വസംഘടനകൾ പരിപാടികളുമായി രം​ഗത്തെത്തിയത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടാൽ ഇന്ത്യയിൽ താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റ മുസ്‌ലിംകളെ വേട്ടയാടി കൊല്ലുമെന്ന് നേരത്തെ റാണെ ഭീഷണിപ്പെടുത്തിയിരുന്നു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു ഇയാളുടെ ഭീഷണി. ഇത് വിവാദമായതോടെ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

TAGS :

Next Story