Quantcast

കാലിന് പരിക്ക്, 9കാരന്റെ ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ; സംഭവം മഹാരാഷ്ട്രയിൽ

കുട്ടിയുടെ സ്വകാര്യഭാഗത്ത് പ്രശ്‌നമുണ്ടായിരുന്നെന്നും ഇതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം

MediaOne Logo

Web Desk

  • Updated:

    2024-06-29 11:48:41.0

Published:

29 Jun 2024 11:41 AM GMT

Maharashtra Boy Goes In For Leg Surgery
X

താനെ: കാലിൽ പരിക്ക് പറ്റിയ 9കാരന്റെ ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പരിക്കേറ്റ വലതുകാലിന് പകരം കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഷഹപൂർ പൊലീസിൽ പരാതി നൽകി.

ഷഹപൂരിലെ ജില്ലാ ആശുപത്രിയിലാണ് ഗുരുതരമായ വീഴ്ച. കഴിഞ്ഞ മാസമാണ് കളിക്കുന്നതിനിടെ വീണ് കുട്ടിയുടെ കാലിന് പരിക്ക് പറ്റുന്നത്. തുടർന്ന് ജൂൺ 15ന് ഷഹപൂരിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കാലിന് ശസ്ത്രക്രിയ വേണമെന്ന് ആദ്യമേ അറിയിച്ചത് പ്രകാരം ഇതിനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബം. എന്നാൽ കഴിഞ്ഞ ദിവസം കുട്ടിയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റുകയും ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ ശേഷമാണ് തെറ്റുപറ്റിയതായി ഡോക്ടർമാർക്ക് ബോധ്യമുണ്ടാകുന്നത്. തുടർന്ന് ഉടൻ തന്നെ കുട്ടിയുടെ കാലിലും ശസ്ത്രക്രിയ നടത്തിയതായി ബന്ധുക്കൾ പറയുന്നു.

ശസ്ത്രക്രിയകൾക്ക് പിന്നാലെ ഉടൻ തന്നെ ബന്ധുക്കൾ ഷഹപൂർ പൊലീസിൽ പരാതി നൽകി. എന്നാലിതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പരാതിയിൽ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. ആരോപണങ്ങളിൽ ആശുപത്രി അധികൃതർ പരിശോധന നടത്തി വരികയാണെന്നാണ് ജില്ലാ സിവിൽ സർജൻ ഡോ.കൈലാസ് പവാറും അറിയിച്ചിട്ടുണ്ട്.

ശസ്ത്രക്രിയ മാറി നടത്തിയെങ്കിലും തെറ്റ് സമ്മതിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. കുട്ടിയുടെ സ്വകാര്യഭാഗത്ത് പ്രശ്‌നമുണ്ടായിരുന്നെന്നും ഇതിനാലാണ് ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ഇവരുടെ വാദം. തങ്ങൾക്ക് രണ്ട് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നുവെന്നായിരുന്നു ആരോപണങ്ങളോട് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഗജേന്ദ്ര പവാറിന്റെ മറുപടി. രണ്ടാമത്തെ ശസ്ത്രക്രിയയെ പറ്റി കുട്ടിയുടെ ബന്ധുക്കളോട് പറയാൻ വിട്ടുപോയതാണെന്നും ഇയാൾ പറയുന്നു.

TAGS :

Next Story