മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പ്: പഞ്ചായത്ത് സമിതികളിൽ തിളങ്ങി കോൺഗ്രസ്
141 ൽ മഹാ വികാസ് അഖാഡിയിലെ കോൺഗ്രസ് -36, ശിവസേന -23 , എൻ.സി.പി -18 എന്നിങ്ങനെ സീറ്റുകൾ നേടി
മഹാരാഷ്ട്രയിലെ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ തിളങ്ങി കോൺഗ്രസ്. 141 ൽ കോൺഗ്രസ് 37 സീറ്റുകൾ നേടി. സംസ്ഥാനം ഭരിക്കുന്ന മഹാ വികാസ് അഖാഡിയിലെ ഇതരകക്ഷികളായ ശിവസേന 23 ഉം എൻ.സി.പി 18 ഉം സീറ്റുകൾ നേടി. മഹാ വികാസ് അഖാഡി 144ൽ 73 സീറ്റുകളുമായി കരുത്തു തെളിയിച്ചപ്പോൾ 33 സീറ്റുകളാണ് ബി.ജെ.പി നേടിയത്.
ഏഴു സീറ്റുകളിൽ സ്വതന്ത്രരാണ് വിജയിച്ചത്. മഹാരാഷ്ട്ര നവനിർമാൺ സേന ഒന്നും മറ്റു പാർട്ടികൾ 26 ഉം സീറ്റുകളിൽ ജയിച്ചു.
ആറു ജില്ല പരിഷത്തുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 85 ൽ 22 സീറ്റുകളിൽ ബി.ജെ.പി വിജയിച്ചു. കോൺഗ്രസ് -19, ശിവസേന-15, എൻ.സി.പി-12 എന്നീ ക്രമത്തിൽ സീറ്റുകൾ കരസ്ഥമാക്കി. മഹാ വികാസ് അഖാഡി ആകെ 46 സീറ്റുകൾ നേടി.
സ്വതന്ത്രർ നാലും സി.പി.എം ഒന്നും മറ്റുള്ളവർ 12 ഉം സീറ്റുകളിൽ വിജയം കൈവരിച്ചു. പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജൻ അഖാഡി പ്രധാനപാർട്ടികളെ പരാജയപ്പെടുത്തി 14 ജില്ല പരിഷത്ത് സീറ്റുകളിൽ വിജയം കണ്ടെത്തി.
ജില്ല പരിഷത്തിൽ ഒന്നും പഞ്ചായത്ത് സമിതിയിൽ മൂന്നും സീറ്റുകളിൽ എതിരില്ലാതെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
63 ശതമാനം പോളിങ് നടന്ന പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ ആകെ 555 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. ജില്ലപരിഷത്തിലേക്ക് 367 പേരും മത്സരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒ.ബി.സി ക്വാട്ട നിർബന്ധമാക്കി സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
മറാഠ സംവരണവുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ ഇരട്ടത്താപ്പ് അവരുടെ സീറ്റ് കുറയാൻ ഇടയാക്കിയെന്ന് മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി അശോക് ചവാൻ പറഞ്ഞു. ജില്ലപരിഷത്തിൽ മുമ്പ് 37 സീറ്റുണ്ടായിരുന്ന മഹാ വികാസ് അഖാഡി അത് 46 ആക്കിയതായും ബി.ജെ.പി 31 ൽനിന്ന് 22 ലേക്ക് താഴോട്ടുപോയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ സംസ്ഥാനത്ത് ബി.ജെ.പി വളരുന്നാതായാണ് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അവകാശപ്പെടുന്നത്.
Adjust Story Font
16