Quantcast

'ഇത്തവണ 400ൽ അധികം'; പ്രചാരണം തിരിച്ചടിയായെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ

''400 സീറ്റുകളെന്ന പ്രചാരണം നമുക്ക് ദോഷം ചെയ്തു. മഹാരാഷ്ട്രയിലും നഷ്ടം നേരിട്ടു. ഭരണഘടന മാറ്റും, സംവരണം പോകും, ഇങ്ങനെ പോയി ചര്‍ച്ചകള്‍''

MediaOne Logo

Web Desk

  • Updated:

    2024-06-12 13:14:32.0

Published:

12 Jun 2024 1:11 PM GMT

Eknath Shinde
X

മുംബൈ: ഇപ്രാവശ്യം 400 സീറ്റുകൾ നേടുമന്ന പ്രചാരണം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന ഷിൻഡെ വിഭാഗം തലവനുമായ ഏക്‌നാഥ് ഷിൻഡെ. ജനങ്ങൾ ഇക്കാര്യം മനസിൽവെച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. അത് തിരിച്ചടിയായി ഷിൻഡെ പറഞ്ഞു.

“ 400 സീറ്റുകള്‍ നേടുമെന്ന പ്രചാരണം ജനങ്ങള്‍ മനസില്‍ സൂക്ഷിച്ചു. ഭരണഘടന മാറ്റുക, സംവരണം എടുത്തുകളയുക തുടങ്ങിയ വിഷയങ്ങളിൽ ഭാവിയിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമെന്ന് ജനങ്ങള്‍ കരുതി. ഇപ്രാവശ്യം 300 പോലും കടക്കാനായില്ല. പല സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിട്ടു. മഹാരാഷ്ട്രയിലും പ്രതീക്ഷിച്ച വിജയം മഹായുതിക്ക്(എന്‍.ഡി.എ) ലഭിച്ചില്ല''- ഷിന്‍ഡെ വ്യക്തമാക്കി.

''മോദിയുടെ പരിശ്രമത്തെ അഭിനന്ദിക്കണം, എന്നാല്‍ തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചത് ? 400 സീറ്റുകളെന്ന പ്രചാരണം നമുക്ക് ദോഷം ചെയ്തു. മഹാരാഷ്ട്രയിലും നഷ്ടം നേരിട്ടു. ഭരണഘടന മാറ്റും, സംവരണം പോകും, ഇങ്ങനെ പോയി ചര്‍ച്ചകള്‍. ഇത്തവണ 400ലധികം എന്ന പ്രചാരണമാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം''- ഷിന്‍ഡെ പറഞ്ഞു.

സമാനമായ വിലയിരുത്തൽ എൻ.സി.പി(അജിത് പവാർ)യും നടത്തിയിരുന്നു. ബി.ജെ.പി 400 സീറ്റുകൾ നേടിയാൽ ഭരണഘടന തന്നെ മാറ്റുമെന്ന പ്രതിപക്ഷ വിമർശനം ജനങ്ങള്‍ കാര്യമായി ഏറ്റെടുത്തുവെന്നായിരുന്നു എൻ.സി.പിയുടെ വിലയിരുത്തൽ.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാഷ്ട്രയില്‍ പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കാന്‍ എന്‍.ഡി.എ(മഹായുതി)ക്ക് കഴിഞ്ഞിരുന്നില്ല. ബി.ജെ.പി, ശിവസേന(ഷിന്‍ഡെ വിഭാഗം), എൻസിപി (അജിത് പവാർ വിഭാഗം) എന്നിവരടങ്ങിയ സഖ്യത്തിന് 48ല്‍ 17 സീറ്റുകളെ നേടാനായുള്ളൂ. ബി.ജെ.പിക്കും കനത്ത അടി മഹാരാഷ്ട്ര സമ്മാനിച്ചു. 2019ൽ നേടിയ 23 സീറ്റിൽ നിന്ന് കേവലം 9 സീറ്റെ 2024ല്‍ നേടാനായുള്ളൂ.

അതേസമയം കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), എൻ.സി.പി (ശരദ് പവാർ വിഭാഗം) എന്നിവരടങ്ങുന്ന ഇന്‍ഡ്യ സഖ്യം സംസ്ഥാനത്ത് നിന്ന് വന്‍ നേട്ടമുണ്ടാക്കി. 30 സീറ്റുകളാണ് 'ഇന്‍ഡ്യ'യോടൊപ്പം പോന്നത്. ഇതില്‍ കോൺഗ്രസ് 13 സീറ്റും ശിവസേന 9 സീറ്റും എൻസിപി 8 സീറ്റും നേടി.

TAGS :

Next Story