'എന്റെ കൺമുന്നിൽ വെച്ചാണ് രണ്ടുമക്കളെ നഷ്ടപ്പെട്ടത് '; കന്നിപ്രസംഗത്തിൽ വിങ്ങിപ്പൊട്ടി ഏക്‌നാഥ് ഷിൻഡെ
ശിവസേനയുടെ ഉന്നത നേതൃത്വമാണ് തന്നെ അടിച്ചമർത്തുന്നതെന്നും ഷിൻഡെ
മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ മുഖ്യമന്ത്രിയായി കന്നി പ്രസംഗം നടത്തുന്നതിനിടെ വികാരാധീനനായി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. 2000 ൽ ബോട്ട് അപകടത്തിൽ മരിച്ച തന്റെ മക്കളെ കുറിച്ച് പറയുമ്പോഴാണ് അദ്ദേഹം വാക്കുകൾ കിട്ടാതെ വിതുമ്പിയത്.
ശിവസേന മേധാവിയും അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കുമെതിരായ എതിർപ്പുകളുടെ പേരിൽ തന്റെ കുടുംബത്തിന് ഭീഷണിയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ അവസരങ്ങളിലെല്ലാം അന്തരിച്ച ശിവസേന നേതാവ് ആനന്ദ് ദിഗെയാണ് തന്നെ പിന്തുണച്ചതെന്നും ഷിൻഡെ പറഞ്ഞു. 'എന്റെ രണ്ട് കുട്ടികൾ എന്റെ കൺമുന്നിലാണ് മരിച്ചത്. അന്ന് ആനന്ദ് ദിഗെ എന്നെ പിന്തുണച്ചു. എന്റെ കുടുംബം തകർന്നു. എന്തിനാണ് ജീവിക്കുന്നത്? ആർക്കുവേണ്ടി ജീവിക്കാൻ? എന്നൊക്കെ തോന്നി. എന്റെ കുടുംബത്തിന് എന്നെ ആവശ്യമാണെന്ന് ഞാൻ മനസ്സിലാക്കി. എനിക്ക് സംഘടനയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഞാൻ ആനന്ദ് ദിഗെയോട് പറഞ്ഞു. എന്നാൽ തന്നെ ആനന്ദ് ദിഗെ ആശ്വസിപ്പിച്ചു. എന്നെ നിയമസഭയിൽ ശിവസേനയുടെ നേതാവാക്കി'. ഷിൻഡെ ഓർത്തെടുത്തു.
ഗ്രാമം സന്ദർശിക്കുന്നതിനിടെയാണ് ഷിൻഡെയുടെ 11 വയസ്സുള്ള മകനും 7 വയസ്സുള്ള മകളും ബോട്ട് മറിഞ്ഞ് മരിച്ചത്. ഷിൻഡെയുടെ മൂത്തമകൻ എം.പിയാണ്.
തന്റെ രാഷ്ട്രീയനീക്കത്തെയും ഷിൻഡെ ന്യായീകരിച്ചു. വഞ്ചന തന്റെ രക്തത്തിൽ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞു. ' ആളുകൾ എന്നോടൊപ്പം ചേരാൻ തുടങ്ങുകയായിരുന്നു. ഉദ്ധവ് താക്കറെ എന്നെ ഫോൺ ചെയ്ത് ഞാൻ എവിടേക്കാണ് പോകുന്നതെന്ന് എന്നോട് ചോദിച്ചു, എനിക്കറിയില്ല എന്ന് ഞാൻ പറഞ്ഞു. ഞാൻ എപ്പോൾ മടങ്ങിവരുമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു, എനിക്കറിയില്ലെന്നാണ് ഞാൻ മറുപടി നൽകിയത്. ഷിൻഡെ പറഞ്ഞു. ശിവസേനയുടെ ഉന്നത നേതൃത്വമാണ് തന്നെ അടിച്ചമർത്തുന്നതെന്ന് ഷിൻഡെ ആരോപിച്ചു.
Adjust Story Font
16