Quantcast

പ്രതിപക്ഷത്തിന്റെ പരാതി: മഹാരാഷ്ട്ര ഡിജിപിയെ നീക്കാൻ ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തിനു നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാണെന്നും ഇത് തടയുന്നതിനു പകരം ഭരണപക്ഷത്തിന് അനുകൂലമായ നിലപാടെടുക്കുകയാണ് ഡി.ജി.പി ചെയ്യുന്നതെന്നും പ്രതിപക്ഷം പരാതിയിൽ കുറ്റപ്പെടുത്തുന്നു.

MediaOne Logo

Web Desk

  • Updated:

    2024-11-04 07:38:23.0

Published:

4 Nov 2024 7:36 AM GMT

പ്രതിപക്ഷത്തിന്റെ പരാതി: മഹാരാഷ്ട്ര ഡിജിപിയെ നീക്കാൻ ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
X

മുംബൈ: പ്രതിപക്ഷത്തിനെതിരെ വിവേചനം കാണിക്കുകയും നേതാക്കളുടെ ഫോൺ ചോർത്തുകയും ചെയ്തുവെന്നതടക്കമുള്ള കോൺഗ്രസിന്റെയും ശിവസേന(യുബിടി)യുടെയും പരാതിയെ തുടർന്ന് മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ലയെ സ്ഥലം മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. എത്രയും വേഗം കേഡറിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന് ചുമതല കൈമാറാൻ ശുക്ലയോട് ആവശ്യപ്പെട്ടതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.

ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനായി മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കകം അയയ്ക്കാനും കമ്മീഷൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. നവംബർ 20ന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നീക്കം.

പൂനെ പൊലീസ് കമ്മീഷണർ, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കമ്മീഷണർ എന്നീ പദവികളിലിരിക്കെ രശ്മി ശുക്ല തങ്ങൾക്കെതിരെ പക്ഷപാതപരമായി പ്രവർത്തിച്ചുവെന്നും പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തിയെന്നും ആരോപിച്ചാണ് കോൺഗ്രസ്, ശിവസേന (യുബിടി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ്ചന്ദ്ര പവാർ) കക്ഷികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തിനു നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാണെന്നും ഇത് തടയുന്നതിനു പകരം ഭരണപക്ഷത്തിന് അനുകൂലമായ നിലപാടെടുക്കുകയാണ് ഡി.ജി.പി ചെയ്യുന്നതെന്നും പ്രതിപക്ഷം പരാതിയിൽ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാക്കൾക്കെതിരെ വ്യാജ കേസുകൾ ഫയൽ ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥരോട് രശ്മി ശുക്ല ആവശ്യപ്പെട്ടതായും പരാതിയിൽ ആരോപിച്ചു.

പക്ഷപാതം കാണിക്കരുതെന്നും തെരഞ്ഞെടുപ്പ് വേളയിൽ വിവേചനം കാണിക്കരുതെന്നും അവലോകന യോഗങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയതായി കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.

TAGS :

Next Story