അഴിമതിക്കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് ജാമ്യം
മുംബൈയിലെ ബാർ, റെസ്‌റ്റോറന്റ് ഉടമകളിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥനായ സച്ചിൻ വാസെ വഴി 4.70 കോടി രൂപ വാങ്ങിയെന്ന കേസിലാണ് ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്.
മുംബൈ: അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്മുഖിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് മുംബൈയിലെ ബാർ, റെസ്‌റ്റോറന്റ് ഉടമകളിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥനായ സച്ചിൻ വാസെ വഴി 4.70 കോടി രൂപ വാങ്ങിയെന്ന കേസിലാണ് ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് കേസ് അന്വേഷിക്കുന്നത്. നവംബർ 18-ന് ഈ കേസ് പരിഗണിച്ച മുംബൈയിലെ പ്രത്യേക കോടതി സച്ചിൻ വാസെക്ക് ജാമ്യം അനുവദിച്ചിരുന്നു. റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം നടന്ന ബോംബ് ഭീഷണിയും താനെയിലെ വ്യവസായി മൻസുഖ് ഹിരാന്റെ കൊലപാതകവും ഉൾപ്പെടെയുള്ള മറ്റ് കേസുകളിൽ പ്രതിയായതിനാൽ വാസെക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനായിട്ടില്ല.
അഴിമതിക്കേസിൽ കഴിഞ്ഞ മാസം ജാമ്യം ലഭിച്ച ശിവസേന നേതാവ് സഞ്ജയ് റാവത്ത് താൻ ജയിലിൽവെച്ച് അനിൽ ദേശ്മുഖിനെ കണ്ടെന്നും അദ്ദേത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.
Adjust Story Font
16