512 കിലോ ഉള്ളി വിൽക്കാൻ കർഷകൻ സഞ്ചരിച്ചത് 70 കിലോമീറ്റർ; കിട്ടിയതാകട്ടെ 2 രൂപയും
40,000 രൂപയാണ് അദ്ദേഹത്തിന് ഉള്ളി കൃഷിക്കായി ചെലവ് വന്നത്
മഹാരാഷ്ട്ര: ഉള്ളിക്ക് കനത്ത വിലത്തകർച്ച നേരിടുന്ന മഹാരാഷ്ട്രയില്‍ ഒരു കർഷകന് 512 കിലോ ഉള്ളിക്ക് കിട്ടിയത് വെറും രണ്ടു രൂപ. അതും ചെക്ക് രൂപത്തില്‍. 58 കാരനായ രാജേന്ദ്ര തുക്കാറാം ചവാൻ എന്ന ഉള്ളിക്കർഷകനാണ് ഈ ദുരനുഭവം നേരിട്ടത്. 70 കിലോമീറ്റർ സഞ്ചരിച്ചാണ് ഇദ്ദേഹം കാർഷിക വിള മാർക്കറ്റ് കമ്മിറ്റിയിൽ ( എ.പി.എം.സി ) കൊണ്ടുപോയി ഉള്ളി വിറ്റത്. കിലോക്ക് ഒരു രൂപ നിരക്കിലാണ് ഉല്‍പന്നം വിറ്റത്. എന്നാൽ ചരക്ക് കൂലി, കയറ്റിറക്ക് കൂലി തുടങ്ങിയവ എല്ലാം കഴിഞ്ഞ് 2 രൂപ 49 പൈസയാണ് ബാക്കി വന്നത്. അതിൽ 49 പൈസ വെട്ടിക്കുറച്ച് 2 രൂപ അദ്ദേഹത്തിന് നൽകി. ചെക്കായി നല്‍കിയ തുക മാറി കയ്യിൽ കിട്ടണമെങ്കിൽ 15 ദിവസം കഴിയും.
''കഴിഞ്ഞ വർഷം 20 രൂപ നിരക്കിലായിരുന്നു ഉള്ളി വിറ്റത്. എന്നാൽ വിത്ത്, കീടനാശിനി, വളം തുടങ്ങിയവയുടെയെല്ലാം വില വർധിച്ചു. ഇപ്പോൾ വിളവെടുത്ത 512 കിലോ ഉള്ളക്ക് പോലും 40,000 രൂപയോളമാണ് ചെലവ് വന്നത്''- അദ്ദേഹം പറഞ്ഞു.
എന്നാൽ ഉള്ളിയുടെ ഗുണമേന്മ നോക്കിയാണ് വില നിശ്ചയിക്കുന്നതെന്ന് എപിഎംസിയിലെ വ്യാപാരിയായ നസീർ ഖലീഫ പറയുന്നു. അദ്ദേഹം ലേലത്തിന് കൊണ്ടുവന്ന ഉള്ളി ഗുണമേൻമ കുറഞ്ഞതായിരുന്നു നേരത്തെ അദ്ദേഹം കൊണ്ടുവന്ന ഉള്ളി കിലോക്ക് 18 രൂപ വരെ നൽകിയിരുന്നു. കഴിഞ്ഞ തവണ കൊണ്ടുവന്ന ഉള്ളിക്ക് 14 രൂപയും നല്‍കിയിരുന്നു. നിലവാരം കുറഞ്ഞ ഉള്ളി ഇവിടെ കൊണ്ടുവരുന്നത് സാധാരണയാണ്. ഇപ്പോൾ എല്ലാം കംബ്യൂട്ടർവല്‍കരിച്ചതിനാലാണ് ചെക്ക് രൂപത്തിൽ നൽകിയത്. ഇതിനു മുൻപും ഇത്രയും ചെറിയ തുകയുടെ ചെക്കുകൾ നൽകിയിട്ടുണ്ടെന്നും നസീർ ഖലീഫ പറഞ്ഞു.
കർഷകർക്ക് 25ശതമാനത്തിൽ കൂടുതൽ ഉയർന്ന ഗുണനിലവാരമുള്ള ഉള്ളികൾ ലഭിക്കുന്നില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 30 ശതമാനം ഉത്പന്നങ്ങളും ഇടത്തരം ഗുണനിലവാരമുള്ളതാണ്. ബാക്കിയെല്ലാം താഴ്ന്ന ഗുണനിലവാരമുള്ളതാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മഹാരാഷ്ട്രയിലെ കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഉള്ളിയുടെ വിലത്തകർച്ച. ഒരു കിലോ ഉള്ളിക്ക് വെറും ഒരു രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. വിലത്തകർച്ചയാണെങ്കിലും നിലവിലുള്ള ഉൽപന്നങ്ങൾ വിൽക്കുകയല്ലാതെ കർഷകർക്ക് വേറെ മാർഗമില്ല.
Adjust Story Font
16