Quantcast

അജിത് പവാര്‍ വിഭാഗത്തിന് തിരിച്ചടി; മഹാരാഷ്ട്ര മന്ത്രിയുടെ മകള്‍ ശരദ് പവാറിന്‍റെ പാര്‍ട്ടിയില്‍ ചേര്‍ന്നു,പിതാവിനെതിരെ മത്സരിക്കും

പാർട്ടി മേധാവി ജയന്ത് പാട്ടീലിൻ്റെയും മുതിർന്ന പാർട്ടി നേതാവ് അനിൽ ദേശ്മുഖിൻ്റെയും സാന്നിധ്യത്തിലാണ് ഭാഗ്യശ്രീ ശരദ് പവാര്‍ എന്‍സിപിയില്‍ ചേര്‍ന്നത്

MediaOne Logo

Web Desk

  • Published:

    13 Sep 2024 5:55 AM

Bhagyasree
X

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മഹാരാഷ്ട്രയില്‍ അജിത് പവാര്‍ വിഭാഗത്തിന് തിരിച്ചടി. മന്ത്രി ധർമറാവുബാബ അത്രാമിൻ്റെ മകൾ ഭാഗ്യശ്രീ വ്യാഴാഴ്ച ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നു. ഗഡ്ചിരോളി ജില്ലയിലെ അഹേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് അവർ പിതാവ് അത്രാമിനെതിരെ മത്സരിച്ചേക്കും.

പിതാവിനെതിരെ മത്സരിക്കരുതെന്ന് എൻസിപി ദേശീയ അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഭാഗ്യശ്രീയോട് അഭ്യർഥിച്ചിരുന്നു.സ്വന്തം പിതാവിനെക്കാളേറെ മകളെ സ്നേഹിക്കുന്നവര്‍ ആരുമുണ്ടാകില്ലെന്നായിരുന്നു അജിത് പവാര്‍ പറഞ്ഞത്.

പാർട്ടി മേധാവി ജയന്ത് പാട്ടീലിൻ്റെയും മുതിർന്ന പാർട്ടി നേതാവ് അനിൽ ദേശ്മുഖിൻ്റെയും സാന്നിധ്യത്തിലാണ് ഭാഗ്യശ്രീ ശരദ് പവാര്‍ എന്‍സിപിയില്‍ ചേര്‍ന്നത്. ധർമ്മറാവുബാബ കടുവയാണെങ്കിൽ അദ്ദേഹത്തിൻ്റെ മകൾ പെണ്‍കടുവയാണെന്നും അവര്‍ ചടങ്ങില്‍ പറഞ്ഞു. '' പെണ്‍ കടുവ കൂടുതൽ അപകടകാരിയാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ആരും അവളെ പ്രേകോപിപ്പിക്കരുത്,” ഭാഗ്യശ്രീ കൂട്ടിച്ചേര്‍ത്തു. അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയ ഭാഗ്യശ്രീ, തൻ്റെ പ്രവർത്തകരെ ലക്ഷ്യം വയ്ക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്താൽ വെച്ചുപൊറുപ്പിക്കില്ലെന്നും അതേ രീതിയിൽ തിരിച്ചടിക്കുമെന്നും പറഞ്ഞു.

പവാർ കുടുംബത്തിലുണ്ടായ പിളർപ്പിൻ്റെ ഉത്തരവാദിത്തം അജിത് പവാറിനാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. '' നിങ്ങൾ (അജിത് പവാർ) ശരദ് പവാറിനെ വിട്ടുപോയപ്പോൾ, കുടുംബം (പവാർ കുടുംബം) പിളരുകയാണെന്ന് നിങ്ങൾ കരുതിയിരുന്നില്ല. കുടുംബത്തെ ഉപേക്ഷിക്കരുതെന്ന് നിങ്ങൾ ഇപ്പോൾ എന്നോട് പ്രസംഗിക്കുന്നു. ആദ്യം സ്വയം പ്രാവര്‍ത്തികമാക്കിയിട്ട് വേണം പ്രസംഗിക്കാന്‍. താൻ കുടുംബത്തെ പിളർന്നുവെന്ന് അജിത് ദാദ സമ്മതിക്കണം'' ഭാഗ്യശ്രീ പറഞ്ഞു. എൻസിപി സ്ഥാപകനോട് നന്ദി പ്രകടിപ്പിച്ച ഭാഗ്യശ്രീ, നക്സലുകൾ തട്ടിക്കൊണ്ടുപോയപ്പോൾ ശരദ് പവാറിൻ്റെ സഹായത്തോടെ തൻ്റെ പിതാവിനെ രക്ഷിച്ചതെങ്ങനെയെന്ന് വിവരിച്ചുു

ജൂലൈയില്‍ അജിത് പവാര്‍ വിഭാഗത്തിലെ നാല് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. എൻസിപിയുടെ പിംപ്രി-ചിഞ്ച്‌വാഡ് യൂണിറ്റ് തലവൻ അജിത് ഗവ്ഹാനെയും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു. പിംപ്രി ചിഞ്ച്‌വാഡ് സ്റ്റുഡൻ്റ്‌സ് വിംഗ് മേധാവി യാഷ് സാനെ, മുൻ കോർപ്പറേറ്റർമാരായ രാഹുൽ ഭോസാലെ, പങ്കജ് ഭലേക്കർ എന്നിവരാണ് പാര്‍ട്ടിവിട്ട മറ്റു നേതാക്കള്‍. അജിത് പവാർ ക്യാമ്പിലെ ചില നേതാക്കൾ ശരദ് പവാറിന്‍റെ എന്‍സിപിയിലേക്ക് തിരിച്ചുപോകാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടയിലായിരുന്നു രാജി.

തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ അജിത്ത് പവാർ പക്ഷത്ത് ഭിന്നത രൂക്ഷമാകുന്നതായുള്ള റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ചേർന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ നിന്നും 5 പേർ വിട്ടു നിന്നു. പതിനഞ്ചോളം എംഎൽഎമാർ ശരത്പവാർ പക്ഷവുമായി അനൗദ്യോഗികമായി ചർച്ച നടത്തിയെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ തന്‍റെ ഒപ്പം നിൽക്കുന്നവരുടെ കാര്യത്തിൽ പൂർണമായി വിശ്വാസം പ്രകടിപ്പിച്ചു കൊണ്ട് അജിത് പവാർ രംഗത്ത് വരികയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയില്‍ എന്‍ഡിഎക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. സഖ്യകക്ഷികളായ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയും ബി.ജെ.പിയും ചേർന്ന് 48 സീറ്റുകളിൽ 17 സീറ്റുകളാണ് എൻ.ഡി.എ നേടിയത്. 31 സീറ്റുകൾ നേടി ഇൻഡ്യാ മുന്നണി വലിയ മുന്നേറ്റമാണ് മഹാരാഷ്ട്രയിൽ നടത്തിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 48ൽ 41 സീറ്റുകളും ശിവസേന-ബി.ജെ.പി സഖ്യം നേടിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിനാണ് അജിത് പവാർ എൻ.സി.പി പിളർത്തി ബി.ജെ.പി സഖ്യത്തിനൊപ്പം ചേർന്നത്. മറുകണ്ടം ചാടിയ അജിത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും ഒപ്പം വന്ന ഒമ്പത് എം.എൽ.എമാർക്ക് മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ നേതൃത്വം കൊടുക്കുന്നതിനിടെ അജിത് പവാറിന്റെ നീക്കം അദ്ദേഹത്തിന് കനത്ത തിരിച്ചടിയായിരുന്നു.

TAGS :

Next Story