'കർണാടക ഫലം ഊർജമായി'; മഹാരാഷ്ട്രയിലും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിൽ മഹാ വികാസ് അഘാഡി
2024 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി വെല്ലുവിളി ഉയർത്താനാകുമെന്ന് ജയന്ത് പാട്ടീൽ
മുംബൈ: കർണാടകയിലെ ബി.ജെ.പിയുടെ ദയനീയ പരാജയം മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിക്ക് (എംവിഎ) ഉത്തേജനമാണെന്ന് എൻസിപി നേതാവ് ജയന്ത് പാട്ടീൽ. കോൺഗ്രസിന്റെ വിജയവും മാതൃകയാക്കി മഹാരാഷ്ട്രയിലും ആവർത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ സംഖ്യകക്ഷികൾ.
2024 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി വെല്ലുവിളി ഉയർത്താനാകുമെന്നും ജയന്ത് പാട്ടീൽ പറഞ്ഞു. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മുംബൈയിലെ വസതിയായ സിൽവർ ഓക്കിൽ നടന്ന എംവിഎ യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പാട്ടീൽ, ശിവസേന (യുബിടി), എൻസിപി, കോൺഗ്രസ് എന്നിവരടങ്ങുന്ന എംവിഎ സീറ്റ് വിഭജന ഫോർമുല തയ്യാറാക്കും. കർണാടകയെപ്പോലെ മഹാരാഷ്ട്രയിലും എംവിഎ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുമെന്നും കൂടുതൽ ശക്തിയോടെ പ്രവർത്തിക്കുമെന്നും പാട്ടീൽ പറഞ്ഞു.
2014ൽ നടക്കുന്ന ലോക്സഭാ, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിക്കാൻ കഴിയും. പ്രതിപക്ഷ ഐക്യത്തിന്റെ സന്ദേശം മഹാരാഷ്ട്രയില് നിന്ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർത്തിവെച്ചിരുന്ന വജ്രമൂത്ത് എന്ന പേരിലുള്ള മഹാവികാസ് അഘാഡിയുടെ പൊതു യോഗങ്ങൾ വേനൽച്ചൂട് കുറഞ്ഞതിന് ശേഷം പുനരാരംഭിക്കുമെന്ന് ജയന്ത് പാട്ടീൽ പറഞ്ഞു.
2024-ൽ രാജ്യത്ത് നിലവിലുള്ള ഭരണസംവിധാനത്തിൽ പ്രതിപക്ഷ ഐക്യം അവതരിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ശിവസേനയുടെ (യുബിടി), ഉദ്ധവ് താക്കറെയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളും ഉൾപ്പെടെയുള്ള എംവിഎ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. മറ്റ് ചെറുപാർട്ടികളുമായി ചർച്ച നടത്താൻ എംവിഎ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16