മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം: ബിജെപി എംഎൽഎ രാജാ സിങ്ങിനെതിരെ മഹാരാഷ്ട്രയിൽ വീണ്ടും കേസ്
ഹലാൽ ഉൽപ്പന്നങ്ങൾ വാങ്ങരുതെന്ന് അണികളോട് ആഹ്വാനം ചെയ്ത രാജാ സിങ്, സംസ്ഥാനത്ത് ബുൾഡോസർ രാജ് നടപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഭോപ്പാൽ: മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് വിവാദ ബിജെപി എംഎൽഎ ടി രാജാ സിങ്ങിനെതിരെ മഹാരാഷ്ട്രയിൽ വീണ്ടും കേസ്. കഴിഞ്ഞ ദിവസം സോലാപൂരിൽ സകാൽ ഹിന്ദു സമാജ് സംഘടിപ്പിച്ച ഹിന്ദു ജൻ ആക്രോശ് മോർച്ച റാലിയിൽ പ്രകോപന പ്രസംഗം നടത്തിയതിനാണ് തെലങ്കാന ഗോഷാമഹൽ എംഎൽഎയായ രാജാ സിങ്ങിനെതിരെ കേസെടുത്തത്.
ഇയാൾക്കൊപ്പം മഹാരാഷ്ട്ര ബിജെപി എംഎൽഎ നിതേഷ് റാണയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐപിസി 153 എ (രണ്ട് മത വിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും ശത്രുതയും വളർത്തുക), 295 എ (ഒരു മതവിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ ആ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിക്കുക) എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിംകളിൽ നിന്ന് വോട്ട് തേടരുതെന്നും പകരം ഗോമാതാവിനെ സംരക്ഷിക്കുന്നവരിൽ നിന്നേ വോട്ട് തേടാവൂ എന്നും രാജാ സിങ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയോട് പറഞ്ഞു. രാജാ സിങ്ങിന്റെ വിദ്വേഷ പ്രസംഗത്തിന്റെ ആറ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഹലാൽ ഉൽപ്പന്നങ്ങൾ വാങ്ങരുതെന്ന് അണികളോട് ആഹ്വാനം ചെയ്ത രാജാ സിങ്, സംസ്ഥാനത്ത് ബുൾഡോസർ രാജ് നടപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ലാൻഡ് ജിഹാദ്, ലവ് ജിഹാദ്, ഗോഹത്യ... ആരാണ് നമ്മെ ധിക്കരിക്കാൻ തുനിയുന്നതെന്ന് നമുക്ക് കാണാമെന്നും രാജാ സിങ് പറഞ്ഞു. ലവ് ജിഹാദ് വർധിക്കുകയാണെന്നും കേരളത്തിലും കർണാടകയിലും തീവ്രവാദികളെ കോൺഗ്രസ് പിന്തുണയ്ക്കുകയാണെന്നും ഇയാൾ ആരോപിച്ചു.
ബിജെപി സ്ഥാനാർഥി രാംവിത്തൽ സാത്പുട്ടിന് വോട്ടഭ്യർഥിച്ചു നടന്ന പരിപാടിയിൽ മുസ്‌ലിംകൾക്കെതിരായ അക്രമങ്ങളെ രാജാ സിങ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മുസ്‌ലിംകൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ രാജാ സിങ്, റോഹിങ്ക്യൻ അഭയാർഥികൾക്കെതിരെയും രംഗത്തെത്തി.
നേരത്തെ, ഏപ്രിൽ 22ന് തെലങ്കാന ബസാർ പൊലീസും രാജാ സിങ്ങിനെതിരെ കേസെടുത്തിരുന്നു. അനുമതിയില്ലാതെ രാമനവമി റാലി സംഘടിപ്പിച്ചതിനും വിദ്വേഷ പാട്ട് പാടിയതിനുമായിരുന്നു കേസ്. സുൽത്താൻ ബസാർ പൊലീസാണ് കേസെടുത്തത്. അനുമതി നിഷേധിച്ചിട്ടും പൊലീസിനെ വെല്ലുവിളിച്ചാണ് രാജാ സിങ് രാമനവമി ഘോഷയാത്ര സംഘടിപ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥന്റെ തന്നെ പരാതിയിലായിരുന്നു കേസ്. 'റോഹിങ്ക്യകൾ ഇന്ത്യയിൽ നിന്നും പുറത്തുപോവണ'മെന്നും ഇയാൾ ആവശ്യപ്പെട്ടു.
ഡി.ജെ മ്യൂസിക് സിസ്റ്റം സ്ഥാപിച്ച വാഹനത്തിന് മുകളിൽ കയറി നിന്നായിരുന്നു യാത്ര നയിച്ചത്. ആയുധങ്ങളേന്തിയ പത്തിലേറെ സുരക്ഷാ ജീവനക്കാർക്കൊപ്പമായിരുന്നു രാജാ സിങ് വിവിധ പോയിന്റുകളിൽ ആളുകളെ അഭിസംബോധന ചെയ്തത്. ‘ഞങ്ങൾ തീക്കനലുകളാണ്. ഞങ്ങൾ കൊടുങ്കാറ്റാണ്. കേട്ടോ പാകിസ്താനി മൊല്ലകളേ, നിങ്ങളെ ഭാരത്തിൽ നിന്നും ഉന്മൂലനം ചെയ്യാനാണ് ഞങ്ങൾ വന്നിരിക്കുന്നത്’ എന്ന് തുടങ്ങുന്ന പാട്ടാണ് തടിച്ചുകൂടിയ അണികളെ സാക്ഷി നിർത്തി ഇയാൾ മൈക്കിലൂടെ ഉച്ചത്തിൽ പാടിയത്.
പ്രവാചക നിന്ദയടക്കം നിരവധി മതവിദ്വേഷ പ്രസംഗങ്ങൾ നടത്തി കുപ്രസിദ്ധനായ ബിജെപി നേതാവാണ് രാജാ സിങ്. വിദ്വേഷ പ്രസംഗം നടത്തിയതിന് രാജാ സിങ്, മഹാരാഷ്ട്ര എം.എൽ.എ നിതേഷ് റാണെ എന്നീ ബി.ജെ.പി നിയമസഭാംഗങ്ങൾക്കെതിരെ ജനുവരിയിൽ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരുന്നു. സോലാപൂരിൽ 'ഹിന്ദു ജൻ ആക്രോശ്' യാത്രയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലായിരുന്നു നടപടി.
മുസ്‌ലിം വ്യാപാരികളെ ഹിന്ദുക്കൾ ബഹിഷ്‌കരിക്കണമെന്നും രാജാ സിങ് ആവശ്യപ്പെട്ടിരുന്നു. പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് നേരത്തെ ബിജെപി ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇയാളുടെ സസ്‌പെൻഷൻ പിൻവലിച്ച് ഗോഷാമഹൽ മണ്ഡലത്തിൽ മത്സരിപ്പിക്കുകയായിരുന്നു.
Adjust Story Font
16