മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് റിപ്പോർട്ട്
സംസ്ഥാനത്ത് 531 ഓക്‌സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുകയും അവശ്യ മരുന്നുകള്‍ ശേഖരിച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ട്
മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. 1.2 മില്യൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാമെന്നാണ് കോവിഡ് ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നൽകുന്നത്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം കോവിഡ് കേസുകൾ വർദ്ധിക്കുമെന്നും മൂന്നാം തരംഗം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.
ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 531 ഓക്‌സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുകയും അവശ്യ മരുന്നുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗത്തിൽ ഏറ്റവും ഉയർന്ന സജീവ കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാം തരംഗം പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,141 കോവിഡ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. 32 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി. സംസ്ഥാനത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 66,15,299 ആയി ഉയർന്നപ്പോൾ മരണസംഖ്യ 1,40,345 ആയി. മഹാരാഷ്ട്രയിൽ രോഗമുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 2.12 ശതമാനവുമാണ്.
അതേസമയം, മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതയില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് ടോപെ പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ടോപെ പറഞ്ഞു.
Adjust Story Font
16