മഹാരാഷ്ട്രയിൽ കടുവയുടെ ആക്രമണത്തിൽ 59 കാരന്‍ കൊല്ലപ്പെട്ടു
ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കടുവ ആക്രമിച്ച് കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നു
മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയില്‍ കടുവയുടെ ആക്രമണത്തിൽ 59 കാരന്‍ കൊല്ലപ്പെട്ടു. ചന്ദ്രപൂർ സൂപ്പർ തെർമൽ പവർ സ്റ്റേഷനിലെ കരാർ തൊഴിലാളിയായ ഭോജ്‌രാജ് മെഷ്‌റാം ആണ് കൊല്ലപ്പെട്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കടുവ ആക്രമിച്ച് കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാഹുൽ കരേക്കർ പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം 15 ലക്ഷം രൂപ നല്‍കുമെന്നും. തുടക്കത്തില്‍ 20,000 രൂപ നല്‍കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബാക്കിയുള്ള നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താപവൈദ്യുത നിലയത്തിന് സമീപമുള്ള കാട്ടിൽ നാല് കടുവകളെയും ചില പുള്ളിപ്പുലികളെയും കരടികളെയും കണ്ടത്തിയിരുന്നു. ഇത് തൊഴിലാളികളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
പ്രശ്‌ന പരിഹാരത്തിനായി താപവൈദ്യുത നിലയം, വനം, പോലീസ് വകുപ്പുകൾ, സിവിൽ കമ്മീഷണർ എന്നിവരുമായി ചർച്ച നടത്താൻ ചന്ദ്രപൂർ കളക്ടര്‍ക്ക് മഹാരാഷ്ട്ര ഊർജ സഹമന്ത്രി പ്രജക്ത് തൻപുരെ നിർദേശം നല്‍കി. വിഷയം ചർച്ച ചെയ്യാൻ വനംവകുപ്പ് ചീഫ് കൺസർവേറ്ററുടെ ഓഫീസിൽ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിലാണ് തഡോബ അന്ധാരി ടൈഗർ റിസർവ് സ്ഥിതി ചെയ്യുന്നത്. തെർമൽ പവർ സ്റ്റേഷന് സമീപമുള്ള കാട്ടിൽ കടുവകളെ കണാറുള്ളതായി സംസ്ഥാന വന്യജീവി ബോർഡ് അംഗം ബന്ദു ധോത്രെ പറഞ്ഞു.
Adjust Story Font
16