ഇവിഎം ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ ബാലറ്റിൽ 'റീപോളിങ്' പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഗ്രാമം; പൊലീസ് ഇടപെട്ട് തടഞ്ഞു
ഇവിഎം ക്രമക്കേട് ആരോപണങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു
മുംബൈ: മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിഎം ക്രമക്കേട് ആരോപണം ശക്തമാകുന്നതിനിടെ ബാലറ്റ് പേപ്പറിൽ മോക്ക് പോളിങ് പ്രഖ്യാപിച്ച് ഗ്രാമീണർ. സോലാപൂർ ജില്ലയിലെ മർക്കടവാഡിയിലാണ് നാട്ടുകാർ പ്രതീകാത്മക റീപോളിങ് പ്രഖ്യാപിച്ചത്. എന്നാൽ, പൊലീസ് ഇടപെട്ട് നീക്കം തടഞ്ഞിരിക്കുകയാണ്.
എസ്‌സി സംവരണ സീറ്റായ മൽഷിറാസ് നിയമസഭാ മണ്ഡലത്തിലാണ് മർക്കടവാഡി വരുന്നത്. ശരദ് പവാർ എൻസിപിയുടെ ഉത്തംറാവു ജങ്കർ ആണ് ഇവിടെ ഇത്തവണ വിജയിച്ചത്. ബിജെപിയുടെ സിറ്റിങ് എംഎൽഎ രാംവിത്തൽ സത്പുത്തെയെ 13,147 വോട്ടിനു തോൽപിച്ചാണ് എൻസിപി സീറ്റ് പിടിച്ചെടുത്തത്.
എന്നാൽ, തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം മർക്കടവാഡിയിൽ 1,003 വോട്ടുമായി സത്പുത്തെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇവിടെ ജങ്കറിനു ലഭിച്ചത് 843 വോട്ടായിരുന്നു. പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിക്ക്(എംവിഎ) കൂടുതൽ സ്വാധീനമുള്ള മേഖലയാണിത്. ഔദ്യോഗിക ഫലം പുറത്തുവന്നതോടെയാണു കണക്കിലെ പൊരുത്തക്കേട് സൂചിപ്പിച്ചു നാട്ടുകാർ രംഗത്തെത്തിയത്. ഇവിഎമ്മിൽ ക്രമക്കേട് നടന്നതായുള്ള പ്രതിപക്ഷ സഖ്യത്തിന്റെ ആരോപണത്തെ ഏറ്റുപിടിച്ചു നാട്ടുകാർ പരീക്ഷണാടിസ്ഥാനത്തിൽ ബാലറ്റിൽ റീപോളിങ് നടത്താൻ തീരുമാനിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മിഷൻ വിവരത്തെ വിശ്വസിക്കുന്നില്ലെന്നാണ് റീപോളിങ് നടപടികൾക്കു നേതൃത്വം കൊടുക്കുന്ന രഞ്ജിത് മർക്കാട് പറയുന്നത്. പുറത്തുവന്ന കണക്ക് കൃത്യമാണോ എന്നു സ്ഥിരീകരിക്കാൻ വേണ്ടിയാണ് ബാലറ്റ് പേപ്പർ ഉപയോഗിച്ചു സ്വന്തം രീതിയിൽ മോക്ക്‌പോളിങ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മർക്കടവാഡിയിലെ മൂന്ന് ബൂത്തിലും ഇവിഎമ്മിൽ ഒരു തരത്തിലുള്ള ക്രമക്കേടും നടന്നിട്ടില്ലെന്ന് മണ്ഡലം റിട്ടേണിങ് ഓഫിസർ വിജയ് പംഗർക്കർ പ്രതികരിച്ചു.
ഡിസംബർ മൂന്നിനായിരുന്നു പ്രതീകാത്മക ബാലറ്റ് വോട്ടിങ് പ്രഖ്യാപിച്ചത്. നാട്ടുകാരോട് വോട്ടെടുപ്പിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് എല്ലായിടത്തും ബാനറുകളും ഉയർന്നിരുന്നു. ഇതിനെ പിന്തുണച്ച് എംഎൽഎ ഉത്തംറാവു ജങ്കറും രംഗത്തെത്തി. മോക്ക്‌പോളിങ്ങിനായി ബാലറ്റ് പേപ്പറുകളും അഞ്ച് താൽക്കാലിക പോളിങ് ബൂത്തുകളും സജ്ജമാക്കിയിരുന്നു.
എന്നാൽ, സോലാപൂർ ജില്ലാ ഭരണകൂടം നാട്ടുകാരുടെ നീക്കത്തിൽ ആശങ്കയുമായി രംഗത്തെത്തി. പോളിങ് ശ്രമം സംഘർഷത്തിനിടയാക്കുമെന്നു ചൂണ്ടിക്കാട്ടി ഭരണകൂടം പിന്തിരിയാൻ ആവശ്യപ്പെട്ടു. റീപോളിങ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പലർക്കും നോട്ടീസും ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവിടെ വൻതോതിൽ പൊലീസിനെ വിന്യസിച്ചത്. പോളിങ് തടയാനായി കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഒടുവിൽ പൊലീസ് ഇടപെട്ട് പോളിങ് തടഞ്ഞതായാണു വിവരം.
അതേസമയം, ഇവിഎം ക്രമക്കേട് ആരോപണങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ എസ് ചൊക്കലിംഗം ആണ് ഇവിഎമ്മിൽ കൃത്രിമം നടത്താൻ കഴിയുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ചത്.
ഇവിഎം ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുമെന്ന് ശരദ് പവാർ എൻസിപി തലവൻ ജയന്ത് പാട്ടീൽ വ്യക്തമാക്കിയിരുന്നു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ വൈകീട്ട് അഞ്ചു മണിക്കുശേഷം വോട്ടിങ് വർധിക്കുന്ന പ്രവണതയുണ്ട്. ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇവിഎം ലളിതമായ കാൽകുലേറ്ററാണ്. രാത്രി സമയത്ത് ഇത് വോട്ട് വർധിപ്പിക്കുകയാണു ചെയ്യുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ എന്തൊക്കെയോ ഒളിച്ചുവയ്ക്കുന്നുണ്ടെന്നും ഗുരുതരമായ വിഷയം ചർച്ച ചെയ്യണമെന്നും ജയന്ത് പാട്ടീൽ ആവശ്യപ്പെട്ടു.
Summary: Unhappy with results, Maharashtra village plans re-polling with ballot papers amid EVM controversy, police thwarted the move
Adjust Story Font
16