മഹാരാഷ്ട്രയില്‍ മുൻ കോൺഗ്രസ് മന്ത്രി ബിജെപിയിൽ ചേര്‍ന്നു
അഴിമതിക്കേസുകളും അനധികൃത സ്വത്തുസമ്പാദനവും ഉന്നയിച്ച് ബിജെപി ആക്രമിച്ചിരുന്ന നേതാവ് കൂടിയാണ് കൃപാശങ്കർ സിങ്
മഹാരാഷ്ട്ര മുൻ മന്ത്രി കൂടിയായ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ കോൺഗ്രസ്-എൻസിപി സർക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കൃപാശങ്കർ സിങ് ആണ് ബിജെപിയിലേക്ക് കൂടുമാറിയത്. നേരത്തെ അഴിമതിക്കേസുകളും അനധികൃത സ്വത്തുസമ്പാദനവും ഉന്നയിച്ച് ബിജെപി ആക്രമിച്ചിരുന്ന നേതാവ് കൂടിയാണ് കൃപാശങ്കർ.
2008-2012 കാലയളവിൽ മുംബൈ കോൺഗ്രസ് അധ്യക്ഷൻ കൂടിയായിരുന്നു കൃപാശങ്കർ സിങ്. 2019ൽ നിയമസഭാ തെരഞ്ഞെടുപ്പിനിടെയായിരുന്നു പാർട്ടി വിട്ടത്. അന്നുമുതൽ ബിജെപിയിൽ ചേരുമെന്ന് പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും ദീർഘനാളുകൾക്കുശേഷമാണ് അതു സംഭവിക്കുന്നത്.
ഉടൻ നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ ബിഎംസി തെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് കൃപാശങ്കറിന്റെ കൂടുമാറ്റമെന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിൽ നിലവിൽ സംസ്ഥാന സർക്കാരിനു നേതൃത്വം നൽകുന്ന ശിവസേനയെ തറപറ്റിക്കാനായുള്ള 'മിഷൻ 2022' കാംപയിനിന് ബിജെപി തുടക്കമിട്ടിട്ടുണ്ട്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ബിജെപി മഹാരാഷ്ട്ര സംസ്ഥാന ഘടകം പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീൽ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.
Adjust Story Font
16