മഹായുതിയോ? മഹാവികാസോ? ആര് പിടിക്കും മഹാരാഷ്ട്ര
ദേശീയ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന ഫലമാകും ഇന്ന് മഹാരാഷ്ട്രയില്‍ തെളിയുക
മുംബൈ: കേരളത്തിന്‍റെ ഉപതെരഞ്ഞെടുപ്പ് ഫലത്തിനൊപ്പം രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൂടി ഇന്ന് പുറത്തുവരുന്നുണ്ട്. മഹാരാഷ്ട്രയിലെയും ജാര്‍ഖണ്ഡിലെയും ജനവിധി ആര്‍ക്കൊപ്പമായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.
ദേശീയ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന ഫലമാകും ഇന്ന് മഹാരാഷ്ട്രയില്‍ തെളിയുക. ശിവസേന രണ്ടായി പിളര്‍ന്നതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞടുപ്പാണ് സംസ്ഥാനത്ത് നടന്നത്. ഭരണകക്ഷിയായ മഹായുതിയും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. എക്സിറ്റ് പോളുകള്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിനൊപ്പമാണെങ്കിലും അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്‍ഡ്യാ സഖ്യം.
മഹാരാഷ്ട്ര നിയമസഭയിലെ 288 സീറ്റുകളിലേക്ക് ബുധനാഴ്ച ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടന്നത്. 145 ആണ് കേവലഭൂരിപക്ഷത്തിന് വേണ്ടതെങ്കില്‍ എക്സിറ്റ് പോളുകള്‍ മഹായുതി സഖ്യത്തിന് 155 സീറ്റുകളെങ്കിലും ലഭിക്കുമെന്ന് പ്രവചിക്കുന്നു. എംവിഎയ്ക്ക് 120 സീറ്റുകളും ചെറിയ പാർട്ടികള്‍ക്കും സ്വതന്ത്ര സ്ഥാനാർഥികള്‍ക്കുമായി 13 സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹായുതിയുടെ വിജയം പ്രവചിക്കുന്ന ഒമ്പത് എക്‌സിറ്റ് പോളുകളും സഖ്യം ശക്തമായ പ്രകടനം കാഴ്ച വയ്ക്കുമെന്നാണ് പറയുന്നത്. ആക്സിസ്-മൈ ഇന്ത്യ, പീപ്പിൾസ് പൾസ്, പോൾ ഡയറി, ടുഡേസ് ചാണക്യ എന്നിവ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യത്തിന് കുറഞ്ഞത് 175 സീറ്റുകൾ നൽകിയിട്ടുണ്ട്. ചാണക്യ സ്ട്രാറ്റജീസ്, മാട്രിസ്, ടൈംസ് നൗ-ജെവിസി എന്നീ എക്സിറ്റ് പോളുകള്‍ ബിജെപിയുടെ സഖ്യത്തിന് 150 സീറ്റുകളെങ്കിലും വിജയം പ്രതീക്ഷിക്കുന്നു.
ഇലക്ടറൽ എഡ്ജ് മാത്രമാണ് കോണ്‍ഗ്രസ് സഖ്യത്തിന്‍റെ വിജയം പ്രവചിക്കുന്നത്. എന്നാല്‍ ഹരിയാന, ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പുകളുടെ ഫലം ചൂണ്ടിക്കാട്ടി താക്കറെ സേന എംപി സഞ്ജയ് റാവത്ത് പ്രവചനങ്ങളെയെല്ലാം തള്ളിക്കളഞ്ഞു. മഹാവികാസ് അഘാഡി സഖ്യം 160 മുതല്‍ 165 വരെ സീറ്റുകള്‍ നേടുമെന്നാണ് റാവത്ത് അവകാശപ്പെടുന്നത്. "കോൺഗ്രസ് ഹരിയാനയിൽ വിജയിക്കുമെന്ന് അവർ പറഞ്ഞു, പക്ഷേ എന്താണ് സംഭവിച്ചത്? മോദിജിക്ക് ലോക്സഭയിൽ 400 സീറ്റുകൾ ലഭിക്കുമെന്ന് അവർ പറഞ്ഞു ... പക്ഷേ അവിടെ എന്താണ് സംഭവിച്ചത്? നിങ്ങൾ കാണും ... ഞങ്ങൾ 160-165 സീറ്റുകൾ നേടും," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഖാഡിയിലെ നേതാക്കൾ കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് നേതാക്കളായ ബാലാസാഹെബ് തൊറാട്ട്, സതേജ് പാട്ടീൽ, ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എംപി, എൻസിപി ശരദ് പവാർ പക്ഷം സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.
ബുധനാഴ്ച നടന്ന പോളിംഗിൽ 65.1 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2004, 2014 തെരഞ്ഞെടുപ്പുകളിൽ രേഖപ്പെടുത്തിയ 63.4 ശതമാനത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ് ഇത്. 1995 ലെ 71.5 ശതമാനത്തിന് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ഉയർന്ന വോട്ടിങ് ശതമാനം നിലവിലുള്ള പാർട്ടിക്കോ സ്ഥാനാർഥിക്കോ ഗുണം ചെയ്യില്ലെന്നാണ് മഹാരാഷ്ട്രയുടെ പതിവ് രീതിയെങ്കിലും ഇത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. പോളിങ് ശതമാനം വര്‍ധിച്ചത് ഭരണകക്ഷിക്ക് അനുകൂലമാണെന്നും അതിനര്‍ഥം ജനം നിലവിലെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുവെന്നാണെന്നും മുതിർന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പല പ്രവചനങ്ങളും നടക്കുന്നുണ്ടെങ്കിലും മഹാരാഷ്ട്രയില്‍ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. എക്സിറ്റ് പോളുകള്‍ മഹായുതിക്ക് അനുകൂലമാകുമ്പോള്‍ പോലും നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ തുടരുമോ അതോ ഫഡ്നാവിസാണോ മുഖ്യമന്ത്രിയാവുക എന്ന കാര്യത്തില്‍ ബിജെപി നേതൃത്വം ഇതുവരെ മനസ് തുറന്നിട്ടില്ല. ഈ മാസം ആദ്യം മഹായുതിയുടെ മുഖ്യമന്ത്രി ഇവിടെയിരിക്കുന്നുണ്ടെന്ന് ഫഡ്നാവിസ് പറഞ്ഞിരുന്നു. എന്നാൽ, ആരുടെയും പേര് പരാമർശിച്ചിരുന്നില്ല. ചടങ്ങിലുണ്ടായിരുന്ന ഷിൻഡെയെക്കുറിച്ചാണു ഫഡ്നാവിസ് പറഞ്ഞതെന്നാണ് പൊതുവേ വിലയിരുത്തിയത്. മഹായുതിയിൽ മുഖ്യമന്ത്രി സ്ഥാനം നോക്കിനടക്കുന്ന ആരുമില്ലെന്നായിരുന്നു ഷിൻഡെയുടെ പ്രതികരണം.
എംവിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ശിവസേന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ പേര് ഇടയ്ക്ക് കേട്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
Adjust Story Font
16