Quantcast

അച്ഛന് നിക്കർ വാങ്ങണമെങ്കിലും മൊബൈൽ നമ്പർ കൊടുക്കണം-ഡികാത്‍ലോണിനെതിരെ മഹുവ മൊയ്ത്ര

ബ്രിട്ടനിലെ ഡികാത്‌ലോണിൽ അവർ ഒരിക്കലും നമ്പർ വാങ്ങാറില്ല. ഇന്ത്യൻ സ്റ്റോറുകളിൽ മാത്രമാണ് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. ഇത് ശരിയല്ലെന്ന് മഹുവ മൊയ്ത്ര

MediaOne Logo

Web Desk

  • Updated:

    2022-04-28 10:57:28.0

Published:

28 April 2022 10:56 AM GMT

അച്ഛന് നിക്കർ വാങ്ങണമെങ്കിലും മൊബൈൽ നമ്പർ കൊടുക്കണം-ഡികാത്‍ലോണിനെതിരെ മഹുവ മൊയ്ത്ര
X

ന്യൂഡല്‍ഹി: സ്‌പോർട്‌സ് ബ്രാൻഡായ ഡികാത്‌ലോണിനെതിരെ പരാതിയുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. കമ്പനിയുടെ ഔട്ട്‌ലെറ്റുകളിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ഫോൺ നമ്പറും ഇ-മെയിൽ അടക്കമുള്ള വിശദവിവരങ്ങളും ആവശ്യപ്പെടുന്നത് ചൂണ്ടിക്കാട്ടിയാണ് മഹുവയുടെ ട്വീറ്റ്.

ഡൽഹി-എൻ.സി.ആറിലുള്ള അൻസൽ പ്ലാസയിലെ ഡികാത്‌ലോൺ സ്‌റ്റോറിൽ ഷോപ്പിങ്ങിനെത്തിയതായിരുന്നു അവർ. അച്ഛനു വേണ്ടി 1,499 വിലയുള്ള ട്രൗസർ വാങ്ങി ബിൽ ചെയ്യുമ്പോഴാണ് ഫോൺ നമ്പറും ഇ-മെയിൽ വിലാസമടക്കമുള്ള വിവരങ്ങളും ആവശ്യപ്പെട്ടത്. ഉടൻ തന്നെ സ്ഥലത്തുവച്ചു തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി മഹുവ ട്വീറ്റ് ചെയ്തു. ഇത് സ്വകാര്യ, ഉപഭോക്തൃ നിയങ്ങളുടെ ലംഘനമാണെന്നും അവർ പറഞ്ഞു. താനിപ്പോൾ സ്‌റ്റോറിലുണ്ടെന്നും അവർ ഡികാത്‌ലോൺ ഇന്ത്യയെ ടാഗ് ചെയ്ത് അറിയിച്ചു.

ട്വീറ്റ് വൈറലായതോടെ സുപ്രീംകോടതിയിലെ ഒരു പ്രമുഖ അഭിഭാഷകനിൽനിന്ന് ഒരു സന്ദേശവും അവർക്ക് ലഭിച്ചു. ഇതിന്റെ സ്‌ക്രീൻഷോട്ട് അവർ ടൈംലൈനിൽ പങ്കുവച്ചു. 'നമ്പർ നൽകരുത്. അവരുടെ സംവിധാനം മാറ്റാൻ പറയൂ. ലെൻസ്‌കാർട്ടിൽ എനിക്കും സമാനമായ അനുഭവമുണ്ടായിരുന്നു. എന്നാൽ, ഞാൻ നമ്പർ നൽകിയില്ല. അവരുടെ മാനേജറെ വിളിച്ചു സംസാരിച്ചപ്പോൾ ഏതോ ജീവനക്കാരുടെ മൊബൈൽ നമ്പർ ചേർക്കുകയായിരുന്നു. ഉപയോക്താക്കളെ പെടുത്താനായാണ് ഇത്തരമൊരു സംവിധാനമൊരുക്കിയിരിക്കുന്നത്.''-സ്‌ക്രീൻഷോട്ടിൽ പറയുന്നു.

മാനേജർ ഒടുവിൽ സ്വന്തം നമ്പർ നൽകി തന്നെ ഒഴിവാക്കിത്തന്നെന്നും മഹുവ മൊയ്ത്ര ട്വീറ്റിൽ സൂചിപ്പിച്ചു. ഈ സംവിധാനം മാറ്റണമെന്ന് അവർ ഡികാത്‌ലോൺ ഇന്ത്യയെ ടാഗ് ചെയ്ത് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ''ബ്രിട്ടനിലെ ഡികാത്‌ലോണിൽനിന്ന് എപ്പോഴും സാധനങ്ങൾ വാങ്ങാറുണ്ട്. അവർ ഒരിക്കലും നമ്പർ വാങ്ങാറില്ല. ആരെങ്കിലും പേപ്പർരഹിത റസീറ്റ് ചോദിച്ചാൽ മാത്രമാണ് അവർ ഇ-മെയിൽ ആവശ്യപ്പെടാറുള്ളൂ. അതിനാൽ, ഇന്ത്യൻ ശാഖ മാത്രമാണ് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. ഇത് ശരിയല്ല''- ഡികാത്‌ലോൺ ഇന്ത്യയെ ടാഗ് ചെയ്ത് മഹുവ മൊയ്ത്ര കൂട്ടിച്ചേർത്തു.

മഹുവയുടെ പ്രതികരണത്തിന് സമ്മിശ്രപ്രതികരണമാണ് ട്വിറ്റർ ലോകത്ത് ലഭിച്ചത്. സമാനമായ ദുരനുഭവം പങ്കുവച്ച് നിരവധി പേർ രംഗത്തെത്തി. ഡികാത്‌ലോണിൽ മാത്രമല്ല, മറ്റുപല സ്റ്റോറുകളിലെയും സ്ഥിതി ഇതുതന്നെയാണെന്നും ചിലർ സൂചിപ്പിക്കുന്നു. എന്നാൽ, കമ്പനി തങ്ങളുടെ പ്രധാന ഉൽപന്നങ്ങൾക്ക് നൽകുന്ന വാറന്റി വിവരം സൂചിപ്പിക്കാനാണെന്നും ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ പരിശോധിക്കാനാണെന്നും ഒരു വിഭാഗം പറയുന്നു.

Summary: TMC MP Mahua Moitra says can't even buy trousers for dad from Decathlon without giving phone number

TAGS :

Next Story